ബോവിക്കാനം : അറുതിയില്ലാതെ തുടരുന്ന കാട്ടുപന്നിശല്യം കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കൃഷിവ്യാപനത്തിനും പ്രോത്സാഹനത്തിനുമായി കോടികൾ ചെലവഴിക്കുന്ന സർക്കാർ കാട്ടുപന്നിശല്യം നേരിടുന്ന കർഷകരുടെ പ്രശ്നങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതായാണ് കർഷകരുടെ പരാതി. To advertise here, കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനുള്ള വനംവകുപ്പിന്റെ നടപടികൾ ഫലപ്രദമാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. രാത്രികളിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നിക്കൂട്ടം കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചത് കാണുമ്പോൾ കർഷകരുടെ ഉള്ള് പിടയുകയാണ്. കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങളിലേക്ക് കയറുന്നത് തടയുന്നതിന് പലവിധ മാർഗങ്ങളാണ് കർഷകർ പരീക്ഷിക്കുന്നത്. മുളിയാർ പേരടുക്കം തായത്ത് വീട് തറവാടിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറോളം സ്ഥലത്ത് 1000 നേന്ത്രവാഴകളും പച്ചക്കറികളും കൃഷിചെയ്യുന്ന പി.രാധാകൃഷ്ണൻ നൂറിലേറെ സാരികളാണ് കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിന് ചേർത്തുകെട്ടിയത്. വീടുകൾ തോറും കയറിയിറങ്ങിയാണ് കൃഷിയിടത്തിന് ചുറ്റും കെട്ടുന്നതിനുള്ള പഴയ സാരികൾ സ്വരൂപിച്ചത്. കൃഷിയിടത്തിന്റെ നാലുഭാഗത്തും കെട്ടുന്ന സാരികൾ കാറ്റിലും വെയിലിലും കീറി നശിക്കുന്നതും പ്രയാസപ്പെടുത്തുന്നുണ്ട്. ജൈവകൃഷിപരിപാലനത്തിന് ഭാര്യ ചന്ദ്രാവതിയും സഹായിയായുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ചാണ് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. മുളിയാർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാട്ടുപന്നികൾക്കൊപ്പം മയിലുകളും കുരങ്ങൻമാരും കാട്ടുപോത്തുകളും കൃഷിയിടങ്ങളിൽ കയറി വ്യപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. കാട്ടുമൃഗശല്യം തടയാൻ രാപകൽ കൃഷിയിടത്തിൽ കാവൽനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. മുളിയാർ പഞ്ചായത്തിന്റെ ഏറെ ഭാഗവും വനമേഖലയോട് ചേർന്നുകിടക്കുന്നതാണ്. പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലും ഏക്കർകണക്കിന് കശുമാവിൻതോട്ടമുണ്ട്. പകൽസമയങ്ങളിൽ ഇവിടങ്ങളിൽ തങ്ങുന്ന കാട്ടുപന്നിക്കൂട്ടം സന്ധ്യമയങ്ങിതുടങ്ങിയാൽ ജനവാസകേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമിറങ്ങുന്നു. മുളിയാർ ആലൂർ പ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന കാട്ടുപന്നികളെ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം അപൂർവമായി വെടിവച്ചുകൊല്ലുന്നുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകർ പറയുന്നത്. Published: 20 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പന്നിക്കൂട്ടം ഓടുന്നു, കർഷകരുടെ സ്വപ്നങ്ങൾ തകർത്ത്
M
MathrubhumiSource Link
20 days ago