കോയിപ്രം : വസ്ത്രം കഴുകണമെങ്കിലോ കുളിക്കണമെങ്കിലോ പമ്പാനദിയെ ആശ്രയിക്കുന്നവരാണ് കോയിപ്രം നിവാസികൾ. പക്ഷേ വരൾച്ച രൂക്ഷമായിട്ടും പമ്പാനദിയിലേക്ക് ഇറങ്ങുവാൻ പറ്റാത്ത സ്ഥിതിയിലാണ് കടവുകളെല്ലാം. To advertise here, പഞ്ചായത്തിന്റെ പുല്ലാട് മേഖലയിലുള്ളവർ പോലും ഒരുകാലത്ത് പമ്പാനദിയാണ് ആശ്രയിച്ചിരുന്നത്. 2018-ലെ പ്രളയത്തിനുശേഷമാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. മഹാപ്രളയത്തിൽ കുളിക്കടവുകൾ എല്ലാം അപ്രത്യക്ഷമാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. പല കടവുകളിലെയും പുനരുദ്ധാരണം പേരിനു മാത്രമായി. പഞ്ചായത്തിനെ കൊണ്ട് മാത്രം വലിയൊരു തുക മുടക്കുവാനും സാധ്യമല്ല. സർക്കാരും ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റും കനിഞ്ഞാൽ മാത്രമേ കടവുകൾ പുനർ നിർമിക്കപ്പെടുകയുള്ളൂ. കോയിപ്രം പഞ്ചായത്തിലെ 11-ാം വാർഡാണ് പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ നദീതീരം പങ്കിടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ കുളിക്കടവുകളുള്ള വാർഡും ഇതുതന്നെയാണ്. പൂവത്തൂർ പാറക്കടവ്, വരിക്കോലിൽ കടവ്, നെല്ലിക്കൽ പുളിമൂട്ടിൽ കടവ്, ചുണ്ടമണ്ണിൽ കടവ്, കുര്യയ്ക്കൽ കടവ്, കല്ലൂർ/പരുവത്തിട്ട കടവ്, വേമ്പനാട്ടുകടവ്, കോലേടത്ത് കടവ്, ചുങ്കൻകടവ്, കോയിപ്രത്ത് മട്ടയ്ക്കൽ കടവ്, പാടിപ്പുറത്തു കടവ്, ചിറ്റേടത്ത് കടവ് എന്നിങ്ങനെ നിരവധി കുളിക്കടവുകൾ ഈ പ്രദേശങ്ങളിലുണ്ട്. വരൾച്ച സമയങ്ങളിലും മറ്റും പൂവത്തൂർ, നെല്ലിക്കൽ, കോയിപ്രം, കുന്നം അതുപോലെതന്നെ മറ്റു പരിസരപ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഈ കടവുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, പ്രളയത്തെ തുടർന്ന് ഈ കടവുകളെല്ലാം പൂർണമായി തകർന്നുപോകുകയും ചെളിമൂടി കിടക്കുന്ന അവസ്ഥയിലുമാണ്. മുട്ടാത്ത വാതിലുകളില്ല മുൻ മെമ്പർമാരും മറ്റും നിരവധിതവണ ജില്ലാ പഞ്ചായത്തിനെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചിട്ടും ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ജില്ലാ അടിസ്ഥാനത്തിൽ കളക്ടറുടെ മേൽനോട്ടത്തിൽ റിവർ മെയിന്റനൻസ് ഫണ്ട് ഉള്ളതാണ്. എന്നാൽ ജില്ലയിലെ ഫണ്ട് താത്‌കാലികമായി മരവിപ്പിച്ചു വെച്ചിരിക്കുകയുമാണ്. അതിനാൽ ചെലവഴിക്കാൻ പണമില്ലെന്നാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. പഞ്ചായത്തുകൾക്ക് നദീതീരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വേണം. കൊല്ലം എക്സിക്യുട്ടീവ് എൻജിനിയർ കാര്യാലയത്തിൽ നിന്നും സെക്രട്ടേറിയറ്റിൽ ഫയൽ എത്തി ഭരണാനുമതി നേടുമ്പഴേക്കും വർഷങ്ങൾ പിന്നിടും. കോയിപ്രം പഞ്ചായത്ത് പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുള്ള കടവുകളിലെ പ്രവർത്തികൾക്ക് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നൽകുവാനായി അസിസ്റ്റൻറ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ ആർ. ജോസ് പറഞ്ഞു. നടപടികൾ വേഗത്തിലാക്കണം ‘നിലവിൽ കുളിക്കടവുകൾക്ക് സംരക്ഷണഭിത്തിയും, പടവുകൾ കെട്ടുവാനും പഞ്ചായത്ത് അനുവദിച്ചിട്ടുള്ള തുകകൾ പോലും ഇറിഗേഷൻ വകുപ്പിന്റെ എൻ.ഒ.സി. ഇല്ലാതെ ചെലവഴിക്കുവാൻ പറ്റാത്ത അവസ്ഥയിലും തുകകൾ ലാപ്സ് ആകുന്ന ഘട്ടത്തിലുമാണ്. കടവുകൾ കാട് മൂടിയത് മൂലം ഇഴ ജന്തുക്കൾ അടക്കമുള്ള ജീവികളുടെ ശല്യവും രൂക്ഷമാണ്.’ പി.ബി. ബിജു, ഗ്രാമപ്പഞ്ചായത്തംഗം

പമ്പാനദിയിലെ കുളിക്കടവുകൾ കാടുമൂടി കിടന്നാൽ മതിയോ..?
M
MathrubhumiSource Link
about 1 month ago