എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവന്റെ അവസ്ഥയാണ് ജില്ലയ്ക്ക്. കായികപ്രതിഭകൾക്ക് കുറവില്ലാത്ത മലപ്പുറത്ത് പയ്യനാട് സ്റ്റേഡിയമാണ് ഏക സ്‌പോർട്‌സ് കോംപ്ലക്‌സ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ഗംഭീരമായി നടത്തിയെങ്കിലും നിലവിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് കോംപ്ലക്‌സ്. പയ്യനാട്ട് മാത്രമല്ല കായികമേഖലയിൽ പലയിടത്തും നമുക്കിനിയും വളരണം. പുതിയ ജനപ്രതിനിധികൾ കായിക സംസ്‌കാരം വളർത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം. To advertise here, ഫുട്‌ബോളിനു മാത്രമല്ല പയ്യനാട് ഫുട്‌ബോൾ നടത്താനുള്ള സ്റ്റേഡിയമായാണ് പയ്യനാട് സ്‌പോർട്‌സ് കോംപ്ലക്‌സിനെ പലരും കാണുന്നത്. ജില്ലയുടെ സമഗ്ര കായികവികസനത്തിനുള്ള സമുച്ചയമാണതെന്ന കാര്യം മറന്നുപോകുന്നയിടത്താണ് പ്രശ്‌നങ്ങൾക്കു തുടക്കം. വല്ലപ്പോഴുമുള്ള കളികളും പേരിനു മാത്രമുള്ള പരിശീലനവുമായി 20 വർഷമായി പയ്യെ നീങ്ങുകയാണ് പയ്യനാട് സ്റ്റേഡിയം. കോടികൾ ചെലവാക്കി 25 ഏക്കർ ഏറ്റെടുത്ത് സ്‌പോർട്‌സ് കൗൺസിലിനു ഭൂമി കൈമാറിയത് മഞ്ചേരി നഗരസഭയാണ്. 2014-ൽ ഫെഡറേഷൻ കപ്പും 2022-ൽ സന്തോഷ് ട്രോഫിയും കഴിഞ്ഞ രണ്ടു സീസണിൽ സൂപ്പർ ലീഗ് കേരള ഫുട്‌ബോളും വലിയ വിജയത്തിൽ സ്റ്റേഡിയത്തിൽ നടത്താനായി. ആരാധകരുടെ ഒഴുക്കായിരുന്നു ടൂർണമെന്റുകളിൽ. ഫുട്‌ബോൾ സ്റ്റേഡിയം പ്രവർത്തിക്കുന്ന ഭാഗം ഒഴിവാക്കിയാൽ ഇരുപതോളം ഏക്കർ ഉപയോഗിക്കാതെ കിടക്കുന്നതാണ് നിലവിലെ പ്രശ്‌നം. കായികപ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനോ അവശേഷിക്കുന്ന സ്ഥലത്ത് വേദികളുണ്ടാക്കുന്നതിനോ പദ്ധതികളുണ്ടായില്ല. കിട്ടിയതും പോയി 2009-ൽ ആറു കോടി ചെലവിൽ ഇൻഡോർ സ്റ്റേഡിയം പണിയാൻ കേന്ദ്രാനുമതി ലഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല. കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കാൻ അനുമതി കിട്ടിയ 45 കോടിയുടെ മാസ്റ്റർ പ്ലാൻ മഞ്ചേരിയിൽനിന്ന് വിഴിതിരിച്ചുവിട്ടതും കായികപ്രേമികളെ നിരാശരാക്കി. ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, ഹോക്കി ഗ്രൗണ്ട്, മൾട്ടിപർപ്പസ് ഗ്രൗണ്ട്, ക്രിക്കറ്റ് കോർട്ട്, മാർഷൽ ആർട്‌സ് ട്രെയിനിങ് സെന്റർ എന്നിവയുൾപ്പെടെ 2019-ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഭരണാനുമതി നേടിയെടുത്തെങ്കിലും കഴിഞ്ഞവർഷം ഫണ്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇനിയും വേണം മലപ്പുറത്തിന് അനുവദിച്ച പലതും മലപ്പുറത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടിയത് ഇനി കൈവിടാതിരിക്കലാണ് മലപ്പുറത്തെ ജനപ്രതിനിധികളിൽനിന്ന് കായികതാരങ്ങൾ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകൾ സജീവമാക്കാൻ കഴിഞ്ഞ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ നിർദേശിച്ചിരുന്നു. എല്ലാ പഞ്ചായത്തിലും പരിശീലനകേന്ദ്രം എന്ന സ്വപ്‌നം അതിലൂടെ പൂവണിയിക്കാം. പ്രാദേശികതലത്തിൽ ഭാവിതാരങ്ങളെ ഈ കേന്ദ്രങ്ങളിലൂടെ വേണം കണ്ടെത്താൻ. അതിനുശേഷം സ്‌പോർട്‌സ് കോംപ്ലക്‌സുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാം. അതിനു മുൻപ് നമ്മുടെ സ്‌പോർട്‌സ് കോംപ്ലക്‌സുകളെ ഉഷാറാക്കിയെടുക്കണം. ഫുട്‌ബോളിലും അത്‌ലറ്റിക്‌സിലും മാത്രമല്ല ബാഡ്മിന്റൺ, ഖോഖോ, വോളിബോൾ, നീന്തൽ, ഹോക്കി എന്നിവയിലും മുൻപന്തിയിലാണ് മലപ്പുറം. സിവിൽ സ്റ്റേഷനിൽ സ്‌പോർട്‌സ് മൾട്ടി യൂട്ടിലിറ്റി കേന്ദ്രം പണിയാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം വന്നപ്പോൾ ആവേശത്തോടെയാണ് മലപ്പുറത്തുകാർ കേട്ടത്. ഇതിനായി കളക്ടറേറ്റിനു പിറകിൽ സ്ഥലം കണ്ടെത്തി. അഞ്ചുനിലയുള്ള കെട്ടിടത്തിൽ നീന്തൽക്കുളമടക്കം ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. കാലതാമസം വരുത്താതെ കേന്ദ്രം വേഗം തുടങ്ങുകയാണ് ഇനിയുള്ള ലക്ഷ്യം. അതോടൊപ്പം വെറുമൊരു ഫുട്‌ബോൾ സ്റ്റേഡിയമായി കാണാതെ പയ്യനാട്ട് ജില്ലയുടെ കായികവളർച്ചയ്ക്കുവേണ്ട കോംപ്ലക്‌സുകൾ ഇനിയെങ്കിലും കൊണ്ടുവരേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ബ്രിട്ടീഷുകാരുമായി മലപ്പുറത്തുകാർ പന്തുകളിച്ച ഇടമാണ് കോട്ടപ്പടി മൈതാനം. ഗാലറിയുടെ വലിപ്പക്കുറവും പാർക്കിങ്ങുമാണ് കോട്ടപ്പടി നേരിടുന്ന പ്രശ്‌നം. ഗാലറിയുടെ വലിപ്പം കൂട്ടൽ പെട്ടെന്ന് നടക്കുന്ന കാര്യമല്ലെങ്കിലും സ്റ്റേഡിയത്തിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനൊരു ഇടം സ്‌പോർട്‌സ് കൗൺസിൽ കണ്ടെത്തുന്നത് നല്ലതായിരിക്കും. പാർക്കിങ് കുറവ് കോട്ടപ്പടിയെ പലരും അകറ്റുന്നതിനു കാരണമായിട്ടുണ്ട്. വേണം ഗ്രാസ് റൂട്ട് ട്രെയിനിങ് കായിക സംസ്‌കാരം കുട്ടികളിലും രക്ഷിതാക്കളിലും എത്തിയിട്ടുണ്ട്. മികച്ച ഭൂപ്രകൃതിയുമുണ്ട്. വളർത്തിയെടുക്കാൻ ഗ്രാസ് റൂട്ട് ട്രെയിനിങ്ങുകളാണ് ആവശ്യം. കയാക്കിങ്, നീന്തൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. സ്റ്റേഡിയങ്ങളുടെയും സിന്തറ്റിക് ട്രാക്കുകളുടെയും അഭാവമാണ് മലപ്പുറം നേരിടുന്ന പ്രതിസന്ധി. മികച്ച സ്റ്റേഡിയങ്ങൾ വന്നാലാണ് അന്താരാഷ്ട്ര മത്സരങ്ങൾ വരിക. അവ എന്താണെന്നറിയാനും കുട്ടികൾക്ക് അപ്പോഴേ സാധിക്കൂ. -ഷാഫി അമ്മായത്ത് (സംസ്ഥാന കായികമേളയിൽ ചാമ്പ്യൻപട്ടം നേടിയ ഐഡിയൽ കടകശ്ശേരി സ്‌കൂൾ കായികവിഭാഗം മേധാവി)
