പരാതിക്കാരെ ക്രൂരമായി മർദിച്ചു To advertise here, മീൻവളർത്തൽകേന്ദ്രം തകർത്തു 28 ലക്ഷത്തിന്റെ നഷ്ടം വെഞ്ഞാറമൂട് : അനധികൃത മണ്ണെടുപ്പിനെതിരേ പോലീസിൽ പരാതി നൽകിയതിന്റെ പകയിൽ വെഞ്ഞാറമൂട് ആലന്തറയിൽ മണ്ണുമാഫിയയുടെ ക്രൂരമായ ആക്രമണം. ആലന്തറ മുരൂർക്കോണം വരുൺനിവാസിൽ ബിജു (50), വേറ്റൂർ കെ.എസ്.വില്ലയിൽ സന്ദീപ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള മീൻവളർത്തൽ ഫാം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അക്രമികൾ തകർത്തു. ഞായറാഴ്ച അർധരാത്രിയോടെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള അനശ്വര മീൻവളർത്തൽ ഫാമാണ് അക്രമിസംഘം തകർത്തത്. ഇവിടത്തെ കോൺക്രീറ്റ് കെട്ടിടങ്ങളും മീൻവളർത്തൽ ടാങ്കും പൊളിക്കുകയും, പമ്പുസെറ്റ് അടിച്ചുതകർത്ത് ലക്ഷങ്ങളുടെ മീൻവളർത്തൽക്കൃഷി നശിപ്പിക്കുകയും ചെയ്തു. ഫാം പരിസരത്തുണ്ടായിരുന്ന കാറും ബൈക്കും സംഘം അടിച്ചുതകർത്തു. 28 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. രണ്ടുമാസം മുൻപ് എം.സി. റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് നീക്കംചെയ്ത ടാർ കലർന്ന മണ്ണ് ഈ സംഘം അനധികൃതമായി കടത്തി സമീപത്തെ വയൽ നികത്തിയിരുന്നു. ഇതിനെതിരേ സന്ദീപിന്റെ ഭാര്യ ആരതി പോലീസിലും ഡി.ജി.പി.ക്കും പരാതി നൽകി. ശനിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ മൊഴിനൽകി മടങ്ങിയ സന്ദീപിനെ മുരൂർക്കോണത്തിനു സമീപംവെച്ച് രണ്ടുപേർ തടഞ്ഞുനിർത്തി മർദിച്ചു. ഇതറിഞ്ഞ് ബന്ധുവായ ബിജുവും എത്തുകയും പരസ്പരം ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇരുവിഭാഗത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ വൈകീട്ടോടെ നാലംഗസംഘം ഫാമിലെത്തി കമ്പിവടികൊണ്ടും കത്തികൊണ്ടും ബിജുവിനെ മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ഞായറാഴ്ച അർധരാത്രിയോടെ മണ്ണുമാന്തിയന്ത്രവുമായി എത്തിയ സംഘം മീൻവളർത്തൽ ഫാം ഇടിച്ചുനിരത്തിയത്. പ്രാദേശിക സി.പി.എം. നേതാവിന്റെ പിന്തുണയോടെയാണ് മണ്ണുമാഫിയ ഈ ഭാഗത്ത് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ആറോളം പേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.

പരാതി നൽകിയതിൽ വൈരാഗ്യം: ആലന്തറയിൽ മണ്ണുമാഫിയയുടെ ആക്രമണം
M
MathrubhumiSource Link
about 4 hours ago
