സ്ഥാനാർഥി എങ്ങനെ പണം ചെലവാക്കണം ? To advertise here, പത്തനംതിട്ട : ചെലവ് നിരീക്ഷണം വൈകിയോ? തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപനവുംവെച്ച് നോക്കിയാൽ വളരെക്കുറച്ച് ദിവസങ്ങളാണ് സ്ഥാനാർഥിക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ലഭിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ പോസ്റ്റർ ഒട്ടിക്കലും ചുവരെഴുത്തും തുടങ്ങി. സ്ഥാനാർഥിയുടെ ചെലവ് എങ്ങനെ വേണമെന്ന വ്യക്തമായ രേഖ വരുംമുൻപുതന്നെ പലരും വലിയ തുക ചെലവാക്കികഴിഞ്ഞു. പിന്നീട് രേഖയനുസരിച്ച് ചെലവ് തയ്യാറാക്കുകയെ നിർവാഹമുള്ളൂ. സ്ഥാനാർഥിയുടെ ചെലവ് തയ്യാറാക്കുന്ന ഏജന്റിന് തുക ചെലവാക്കേണ്ട രീതിയെക്കുറിച്ച് പരിശീലനം നൽകിയത് വെള്ളിയാഴ്ചയും അത് പരിശോധിക്കാനായി നിശ്ചയിച്ച ദിവസം ശനിയാഴ്ചയുമാണ്. പരിശീലനവും പരിശോധനയും തമ്മിൽ ദൂരം ഒരുദിവസംമാത്രം . ഏപ്രിൽ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം വളരെക്കുറച്ച് ദിവസം മാത്രമാണ് സ്ഥാനാർഥികൾക്ക് കിട്ടുന്നത്. നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള തീയതിയും കഴിഞ്ഞതേയുള്ളൂ. ഇനി 13 ദിവസംകൂടികഴിഞ്ഞാൽ തിരഞ്ഞെടുപ്പുദിവസമായി. ഇതിനോടകം ചെലവുനിരീക്ഷകൻ മൂന്നുതവണ സ്ഥാനാർഥിയുടെ ചെലവ് ഏജന്റുമാരെ വിളിച്ചുവരുത്തി ചെലവ് പരിശോധിക്കേണ്ടതുണ്ട്. 28-നുള്ള യോഗം കഴിഞ്ഞാൽ പിന്നീടുള്ള ചുരുങ്ങിയ ദിവസംകൊണ്ട് രണ്ടു ചെലവ് നിരീക്ഷണയോഗങ്ങളും ചേർക്കേണ്ടതുണ്ട്. അതായത്, ചുരുങ്ങിയ ദിവസം മാത്രമാണ് സ്ഥാനാർഥിയുടെ ഏജന്റിന് ചെലവ് കണക്ക് തയ്യാറാക്കാൻ കിട്ടുന്നത് . വോട്ടെണ്ണുന്നദിവസംവരെ സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുക 40 ലക്ഷമാണ്. കൂടുതൽ ചെലവാക്കിയാൽ കണ്ടെത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വീഡിയോ ചിത്രീകരണം തുടങ്ങിയ സംവിധാനങ്ങളുമായി മണ്ഡലത്തിലുണ്ടാകും. അവരുടെ കണ്ടെത്തലുകൾക്ക് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് ഏജന്റുമാർ മറുപടി പറയേണ്ടിവരും. ഇതിനായി സ്ഥാനാർഥിയുടെയോ ചെലവ് ഏജന്റിന്റെയോ പേരിലെടുത്ത പാസ്ബുക്ക്, തുക രേഖപ്പെടുത്തിയ രജിസ്റ്റർ എന്നിവയെല്ലാം പരിശോധിക്കും. സംഭാവന ബാങ്കുകളിൽ ഡിപ്പോസിറ്റുചെയ്ത് അതുവഴിയേ ചെലവിനെടുക്കാവൂ. നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയപാർട്ടികളോ ഓഡിറ്റോറിയം, കമ്യൂണിറ്റി ഹാൾ എന്നിവ പരിപാടികൾക്കായി ബുക്കുചെയ്താൽ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്സർവറെ രേഖാമൂലം അറിയിക്കണം. ചുവരെഴുത്തിനുള്ള ചെലവ് തുടങ്ങി സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന തുകയുടെ മാർഗരേഖ ചെലവ് ഏജന്റിന് നൽകിയ പരിശീലനത്തിൽ കൈമാറിയിട്ടുണ്ട്. പരിശീലനത്തിന് ചെലവ് നിരീക്ഷണ നോഡൽ ഒാഫീസർ കെ.ജി. ബിനു നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനർ രജീഷ് നാഥ് ക്ലാസെടുത്തു. ഏപ്രിൽ ഒന്നിനും ആറിനുമാണ് അടുത്ത ക്ലാസുകൾ. Published: 28 Mar 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
