വ്യ വസായ നഗരമെന്നും സിനിമയുടെ വിളനിലമെന്നും അറിയപ്പെടുന്ന എറണാകുളം, ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ പോർക്കളമായി മാറുകയാണ്. കാൽനൂറ്റാണ്ടായി പറവൂരിനെ പ്രതിനിധാനം ചെയ്യുന്ന വി.ഡി. സതീശൻ വിജയക്കൊടി പാറിച്ചാൽ അത് ജില്ലയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിലേക്കുള്ള വാതിലായി മാറുമെന്ന ചർച്ചകൾ യു.ഡി.എഫ്. ക്യാമ്പുകളിൽ സജീവമാണ്. എന്നാൽ, ഭരണത്തുടർച്ചയുടെ കരുത്തിൽ മന്ത്രി പി. രാജീവും സംഘവും കളമശ്ശേരിയും കൊച്ചിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നടത്തുന്ന പ്രതിരോധം പോരാട്ടത്തിന്റെ വീര്യം വർധിപ്പിക്കുന്നു. To advertise here, കൊച്ചി കായലിലെ ഓളങ്ങൾപോലെ പ്രവചനാതീതമായ രാഷ്ട്രീയ ചലനങ്ങളാണ് ഇക്കുറി ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. പരമ്പരാഗത മുന്നണികൾക്ക് വെല്ലുവിളിയായി എൻ.ഡി.എ. സഖ്യത്തിൽ ട്വന്റി 20 കൂടി എത്തിയതോടെ പല മണ്ഡലങ്ങളും ത്രികോണ മത്സരങ്ങൾക്ക് സാക്ഷ്യംവഹിച്ചേക്കും. അഖിൽ മാരാർ, അഞ്ജലി നായർ തുടങ്ങിയ സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സ്ഥാനാർഥിത്വവും കൂടിയായപ്പോൾ എറണാകുളത്തെ പോരാട്ടം ഒരു കംപ്ലീറ്റ് 'സിനിമാറ്റിക്' ത്രില്ലറായി മാറിയിരിക്കുന്നു. യുവനേതൃത്വവും പരിചയസമ്പന്നരും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാണ് ജില്ല വേദിയാകുക. ആലുവയിൽ അൻവർ സാദത്തിന് തടയിടാൻ എ.എം. ആരിഫും, തൃക്കാക്കരയിൽ ഉമ തോമസിനെ നേരിടാൻ അഡ്വ. പുഷ്പാദാസും എത്തുമ്പോൾ പോരാട്ടം കനക്കുന്നു. മെട്രോ നഗരത്തിന്റെ വികസന നേട്ടങ്ങൾക്കൊപ്പംതന്നെ സാമുദായിക ധ്രുവീകരണവും ഭരണവിരുദ്ധ വികാരവും ഇത്തവണത്തെ വോട്ടെടുപ്പിൽ നിർണായകമാകും. ജില്ലയിലെ 14 പോർക്കളങ്ങളിലേക്കും ഒരെത്തിനോട്ടം... 'മുഖ്യമന്ത്രി' പ്രതീക്ഷയിൽ പറവൂരുകാർ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇക്കുറി പറവൂർ മണ്ഡലം വേദിയാകുന്നത്. കാൽനൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ജനവിധി തേടുമ്പോൾ, പറവൂരുകാരനായ ഒരു മുഖ്യമന്ത്രിയെ ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫ് പ്രവർത്തകർക്കുണ്ട്. മണ്ഡലത്തിൽ സതീശനെ തളച്ചിടുക എന്ന എൽ.ഡി.എഫ് തന്ത്രത്തെ മറികടന്ന്, പ്രാദേശിക നേതൃത്വത്തെ പ്രചാരണം ഏൽപ്പിച്ച് അദ്ദേഹം സംസ്ഥാനം മുഴുവൻ സജീവമാണ്. ചില സാമുദായിക സംഘടനകളുടെ എതിർപ്പുകൾ വെല്ലുവിളിയാകുന്നുണ്ടെങ്കിലും, വികസന നേട്ടങ്ങളിലും വ്യക്തിപരമായ സ്വാധീനത്തിലും വിശ്വസിച്ചാണ് യു.ഡി.എഫിന്റെ മുന്നേറ്റം. കയ്പമംഗലത്തെ സിറ്റിങ് എം.എൽ.എയായ ഇ.ടി. ടൈസണിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് നീക്കം. കയ്പമംഗലത്തു നിന്നുള്ള ടൈസൺ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് വോട്ടർമാരുമായി ഇഴുകിച്ചേരാൻ അദ്ദേഹത്തിന് സാധിച്ചു. സി.പി.ഐ. സ്ഥാനാർഥിയാണെങ്കിലും സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനം ഇക്കുറി ടൈസണായി രംഗത്തുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശികമായ ചില മുറുമുറുപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ അട്ടിമറി വിജയം നേടാനാകുമെന്ന് ഇടതുമുന്നണി പ്രത്യാശിക്കുന്നു. എൻ.ഡി.എ സ്ഥാനാർഥിയായി മുൻ മുനിസിപ്പൽ ചെയർപേഴ്സണായ വത്സലാ പ്രസന്നകുമാർ എത്തിയത് മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്. പറവൂർ ടൗൺ കേന്ദ്രീകരിച്ചുള്ള വത്സലയുടെ വ്യക്തിബന്ധങ്ങളും എൻ.എസ്.എസുമായുള്ള അടുപ്പവും വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് ബി.ജെ.പി. കരുതുന്നു. ബി.ജെ.പി ഇക്കുറി വലിയ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നായ പറവൂരിൽ വത്സലയുടെ സാന്നിധ്യം പ്രധാനമായും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളെയാകും ബാധിക്കുക. വോട്ടർപ്പട്ടികയിലെ സ്ത്രീ വോട്ടർമാരുടെ ആധിക്യവും സാമുദായിക ധ്രുവീകരണങ്ങളും ഇത്തവണ പറവൂരിലെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. മൂവാറ്റുപുഴ: രാഷ്ട്രീയ പരീക്ഷണങ്ങളുടെ സംഗമഭൂമി മൂന്ന് നദികൾ സംഗമിക്കുന്ന നാടെന്നപോലെത്തന്നെ വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഏറ്റുമുട്ടുന്ന ഇടമാണ് മൂവാറ്റുപുഴ നിയമസഭാ മണ്ഡലം. ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഇവിടം വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. നിലവിലെ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എയായ മാത്യു കുഴൽനാടൻ തന്റെ രണ്ടാമൂഴത്തിനായാണ് ജനവിധി തേടുന്നത്. നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരേ ഉന്നയിച്ച വിമർശനങ്ങളിലൂടെയും വികസനപ്രവർത്തനങ്ങളിലൂടെയും വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കഴിഞ്ഞ തവണത്തെ തോൽവിക്ക് പകരം വീട്ടാൻ എൽ.ഡി.എഫ് ചെറുപ്പക്കാരനായ എൻ. അരുണിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. തികച്ചും സാധാരണക്കാരനായ അരുൺ, വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായത്. എൻ.ഡി.എയ്ക്കായി 20-20യുടെ സണ്ണി കടൂത്താഴെയാണ് ഇത്തവണ മത്സരരംഗത്തുള്ളത്. മുന്നണി വോട്ടുകൾക്ക് പുറമേ വ്യക്തിപരമായ സ്വാധീനത്തിലൂടെ വോട്ട് വിഹിതം വർധിപ്പിക്കാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. 1957-ൽ മണ്ഡലത്തിൽ ആദ്യമായി വിജയിച്ചത് കോൺഗ്രസിന്റെ കെ.എം. ജോർജ് ആണ്. 1991 മുതൽ 2001 വരെ മൂന്നുതവണ ജോണി നെല്ലൂർ വിജയിച്ചു. എന്നാൽ പിന്നീട് എൽ.ഡി.എഫും യു.ഡി.എഫും മാറി മാറി വിജയിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മൂവാറ്റുപുഴ നഗരസഭയും ഒപ്പം ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. പോത്താനിക്കോട് ഒഴികെ ബാക്കി തദ്ദേശ സ്ഥാപനങ്ങളെല്ലാം യു.ഡി.എഫിന്റെ കൈവശമാണ്. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചുപിടിക്കാൻ സർവ സജ്ജമായാണ് ഇടതുപക്ഷം നീങ്ങുന്നത്. മണ്ഡലത്തിൽ ആകെ 185763 വോട്ടർമാരാണുള്ളത്. 91,209 പുരുഷ വോട്ടർമാരും 94,549 സ്ത്രീ വോട്ടർമാരും അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്. കുന്നത്തുനാട്: നിർണായക അങ്കത്തട്ട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് കുന്നത്തുനാട്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ട്വന്റി 20 എന്ന ജനകീയ കൂട്ടായ്മയുടെ ശക്തമായ സാന്നിധ്യമാണ് ഈ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിനും സി.പി.എമ്മിനും മാറിമാറി ഭൂരിപക്ഷം നൽകിയ ചരിത്രമാണ് കുന്നത്തുനാടിനുള്ളത്. എൻ.ഡി.എ. പ്രവേശനം നേടിയ ട്വന്റി 20-ക്കായി മണ്ഡലത്തിൽ രംഗത്തിറങ്ങുന്നത് അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബു ദിവാകരനാണ്. ട്വന്റി 20-യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് പോലും പുറത്തുനിന്ന് സ്ഥാനാർഥിയെ കൊണ്ടുവരേണ്ടിവന്നുവെന്നാണ് ഇതര മുന്നണികൾ എൻ.ഡി.എ.യ്ക്കെതിരേ പ്രചാരണം നടത്തുന്നത്. സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യത്തിൽ പി.വി. ശ്രീനിജൻ തന്നെയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി രംഗത്തുള്ളത്. അതേസമയം ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ മുൻ എം.എൽ.എ വി.പി. സജീന്ദ്രനെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയത്. 1965-ൽ കോൺഗ്രസിന്റെ കെ.കെ. മാധവനിലൂടെയാണ് മണ്ഡലത്തിന്റെ തുടക്കം. പിന്നീട് എം.കെ. കൃഷ്ണൻ (സി.പി.എം), ടി.എച്ച്. മുസ്തഫ (കോൺഗ്രസ്), വി.പി. സജീന്ദ്രൻ (കോൺഗ്രസ്) തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. നിലവിൽ പി.വി. ശ്രീനിജിൻ (സി.പി.എം.) ആണ് മണ്ഡലത്തിലെ എം.എൽ.എ. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ഭരണം നടത്തുന്ന ട്വന്റി 20, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ വോട്ടുവിഹിതം നേടിയിരുന്നു. ഇത്തവണ എൻ.ഡി.എയുമായുള്ള ധാരണയും മറ്റ് രാഷ്ട്രീയ നീക്കങ്ങളും കുന്നത്തുനാട്ടിലെ മത്സരത്തെ ത്രികോണ പോരാട്ടത്തിലേക്കെത്തിക്കുന്നു. ക്രൈസ്തവ, മുസ്ലിം വോട്ടുകളും മണ്ഡലത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂർ, പൂത്തൃക്ക, വാഴക്കുളം, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ് എന്നിവയാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ. ഇവയിൽ നാലിടത്ത് ട്വന്റി 20-യും നാലിടത്ത് യു.ഡി.എഫും ഭരണം നടത്തുന്നു. 1,87,787 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. പുരുഷന്മാർ- 91,687. സ്ത്രീകൾ-96,098. ട്രാൻസ്ജെൻഡർ-2. എറണാകുളം; യു.ഡി.എഫിന്റെ കോട്ട പരമ്പരാഗതമായി കോൺഗ്രസിനെ തുണയ്ക്കുന്ന ചരിത്രമാണ് എറണാകുളം നിയമസഭാ മണ്ഡലത്തിനുള്ളത്. സ്ഥാനാർഥി ആരായാലും കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യുന്ന വോട്ടർമാരുടെ പാരമ്പര്യം ഈ മണ്ഡലത്തിനുണ്ടെന്ന് പറയാം. ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് ഇടതുപക്ഷത്തിന് ഇവിടെ ജയിക്കാനായത്. 1987-ൽ എം.കെ. സാനുവും 1998-ൽ സെബാസ്റ്റ്യൻ പോളും നേടിയ അപ്രതീക്ഷിത വിജയങ്ങൾ മാറ്റിനിർത്തിയാൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി കോൺഗ്രസ് തന്നെയാണ് ഇവിടെ ആധിപത്യം പുലർത്തുന്നത്. സിറ്റിങ് എം.എൽ.എയായ ടി.ജെ. വിനോദ് 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കിലും 2021-ൽ അത് പതിനായിരത്തിന് മുകളിലേക്ക് ഉയർത്തി തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഇത്തവണയും കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് വിനോദ് തന്നെ. ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി സമുദായ വോട്ടുകളിൽ വിള്ളലുണ്ടാക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഇതിനായി സി.പി.എം കൈവശംവെച്ചിരുന്ന സീറ്റ് ഇത്തവണ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് നൽകി. ലത്തീൻ സമുദായത്തിൽനിന്നുള്ള നേതാവും സോഷ്യലിസ്റ്റ് പ്രതിനിധിയുമായ സാബു ജോർജിനെ സ്ഥാനാർഥിയാക്കിയതിലൂടെ സമുദായ വോട്ടുകൾ സമാഹരിക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾക്കൊപ്പം സമുദായ വോട്ടുകൾകൂടി ചേർന്നാൽ അട്ടിമറി വിജയം സാധ്യമാണെന്ന് അവർ വിശ്വസിക്കുന്നു. കൊച്ചി കോർപ്പറേഷനിൽ മുൻ ഡെപ്യൂട്ടി മേയർമാരായിരുന്ന ടി.ജെ. വിനോദും സാബു ജോർജും നേരത്തേ വാർഡ് തലത്തിൽ ഏറ്റുമുട്ടിയിട്ടുള്ളവരാണ്. പി.ആർ. ശിവശങ്കറാണ് ബി.ജെ.പി. സ്ഥാനാർഥി. എന്നാൽ, മണ്ഡലത്തിലെ ശക്തമായ കോൺഗ്രസ് വേരുകളിൽ വിള്ളലുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂരിപക്ഷം വർധിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ചേരാനല്ലൂർ പഞ്ചായത്തിലെ ഭരണവും കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളിലെ മേൽക്കൈയും യു.ഡി.എഫിന് അനുകൂല ഘടകങ്ങളാണ്. ആകെ 1,35,483 വോട്ടർമാരുള്ള മണ്ഡലത്തിൽ വനിതാ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ. അങ്കമാലിയിൽ അങ്കം മുറുകും പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന മണ്ഡലമെന്നാണ് അങ്കമാലിയെക്കുറിച്ച് പൊതുവേയുള്ള വിലയിരുത്തലെങ്കിലും, കൃത്യമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഒത്തുവന്നാൽ അട്ടിമറി വിജയം സമ്മാനിക്കുന്ന ചരിത്രവും ഈ മണ്ഡലത്തിനുണ്ട്. സിറ്റിങ് എം.എൽ.എ. റോജി എം. ജോൺ മൂന്നാം തവണയും ജനവിധി തേടുമ്പോൾ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭയും തൂത്തുവാരാൻ കഴിഞ്ഞതും റോജിയുടെ മണ്ഡലത്തിലെ സ്വീകാര്യതയും തങ്ങൾക്ക് വലിയ ഭൂരിപക്ഷം നൽകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മറുഭാഗത്ത്, മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് സി.പി.എം. ഇക്കുറി സീറ്റ് ഏറ്റെടുത്തിരിക്കുകയാണ്. ജനതാദൾ എസിന് നൽകിയിരുന്ന സീറ്റ് എറണാകുളവുമായി വച്ചുമാറി സി.പി.എം. ഏറ്റെടുത്തതോടെ മുൻ എം.എൽ.എ സാജു പോളിനെയാണ് ഇടതുമുന്നണി അങ്കത്തിനിറക്കിയിരിക്കുന്നത്. പെരുമ്പാവൂരുകാരനാണെങ്കിലും അങ്കമാലിയിൽ മികച്ച വ്യക്തിബന്ധങ്ങളുള്ള സാജു പോളിലൂടെയും പാർട്ടി മെഷിനറിയുടെ കരുത്തിലൂടെയും മണ്ഡലം ചുവപ്പിക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. പ്രത്യേകിച്ച് യാക്കോബായ സമുദായ വോട്ടുകളിൽ ഇക്കുറി വലിയ പ്രതീക്ഷയാണ് ഇടതുപക്ഷം വെച്ചുപുലർത്തുന്നത്. എൻ.ഡി.എ സഖ്യത്തിൽ ഇത്തവണ അങ്കമാലി സീറ്റ് ട്വന്റി 20-യുടെ പ്രോമി കുര്യാക്കോസിനാണ് നൽകിയിരിക്കുന്നത്. ബി.ജെ.പിയുടെ വോട്ടുകൾക്കൊപ്പം ട്വന്റി 20-യുടെ സ്വാധീനം കൂടി ചേരുമ്പോൾ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം. തൃക്കാക്കര വിശ്വാസം കാക്കുമോ യു.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടകളിലൊന്നായാണ് എറണാകുളം ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന തൃക്കാക്കര മണ്ഡലം വിലയിരുത്തപ്പെടുന്നത്. മണ്ഡല രൂപവത്കരണം മുതൽക്കേ യു.ഡി.എഫിന് അനുകൂലമായ സാമുദായിക സമവാക്യങ്ങളും ഐ.ടി മേഖലയിലുൾപ്പെടെയുള്ള നഗര കേന്ദ്രീകൃത വോട്ടുകളും ഇവിടെ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നു. പി.ടി. തോമസിന്റെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ഉമ തോമസ് തന്നെയാണ് ഇക്കുറിയും യു.ഡി.എഫിനായി അങ്കത്തട്ടിലുള്ളത്. ഉപതിരഞ്ഞെടുപ്പിലെ സഹതാപതരംഗം മാറിയെങ്കിലും ഉമയുടെ പ്രവർത്തനമികവ് ഭൂരിപക്ഷം വർധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി. മറുവശത്ത്, പരീക്ഷണങ്ങൾ അവസാനിപ്പിച്ച് കരുത്തുറ്റ പാർട്ടി സ്ഥാനാർഥിയെത്തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രരായ ഡോക്ടർമാരെ പരീക്ഷിച്ച സി.പി.എം, ഇക്കുറി ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പുഷ്പാദാസിനെയാണ് നിയോഗിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ വനിതാ സ്ഥാനാർഥിയെ നേരിടാൻ ശക്തയായൊരു വനിതാ നേതാവ് തന്നെ വേണമെന്ന പാർട്ടി തീരുമാനമാണ് പുഷ്പാദാസിലേക്ക് എത്തിയത്. എൻ.ഡി.എ സഖ്യത്തിൽ ഇക്കുറി തൃക്കാക്കര സീറ്റ് ട്വന്റി 20-ക്കാണ് നൽകിയിരിക്കുന്നത്. സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അഖിൽ മാരാരാണ് ഇവിടെ എൻ.ഡി.എ. സ്ഥാനാർഥി. പുതുതലമുറ വോട്ടർമാരെ സ്വാധീനിക്കാൻ മാരാർക്ക് കഴിയുമെന്ന് മുന്നണി നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിലും, ബി.ജെ.പി.യുടെ സീറ്റ് വിട്ടുനൽകിയതിൽ പ്രാദേശിക പ്രവർത്തകർക്കിടയിൽ നേരിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, ട്വന്റി 20-യുടെ സാന്നിധ്യവും സ്ഥാനാർഥിയുടെ ജനപ്രീതിയും മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. എങ്ങോട്ട് ഒഴുകും ആലുവാപ്പുഴ യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ആലുവയിൽ, തുടർച്ചയായ നാലാംജയം ലക്ഷ്യമിട്ടാണ് സിറ്റിങ് എം.എൽ.എ. അൻവർ സാദത്ത് ഇക്കുറി കളത്തിലിറങ്ങുന്നത്. 2006-ൽ എ.എം. യൂസഫിലൂടെ ഇടതുപക്ഷം അട്ടിമറി നടത്തിയതൊഴിച്ചാൽ, ആലുവയുടെ ചരിത്രം എക്കാലവും കോൺഗ്രസിനൊപ്പമായിരുന്നു. നിയമസഭയിലെ പ്രസംഗങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ശ്രദ്ധേയനായ അൻവർ സാദത്തിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും വികസന പ്രവർത്തനങ്ങളും തങ്ങൾക്ക് വലിയ വിജയം സമ്മാനിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം യു.ഡി.എഫ് ഭരണത്തിന് കീഴിലാണെന്നതും അവർക്ക് ആത്മവിശ്വാസം നൽകുന്നു. അൻവർ സാദത്തിന്റെ കരുത്തിന് തടയിടാൻ മുൻ എം.പി എ.എം. ആരിഫിനെയാണ് സി.പി.എം ഇക്കുറി ആലുവയിൽ നിയോഗിച്ചിരിക്കുന്നത്. അരൂർ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ നിയമസഭയിലെത്തിയ ആരിഫിന്റെ പരിചയസമ്പത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് ഇടതുമുന്നണി കരുതുന്നു. ആദ്യഘട്ടത്തിൽ വ്യാപാരി നേതാക്കളുടെയും മറ്റും പേരുകൾ ചർച്ചയിലുണ്ടായിരുന്നെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ ആരിഫിനെപ്പോലൊരു മുതിർന്ന നേതാവ് തന്നെ വേണമെന്ന തീരുമാനത്തിലാണ് പാർട്ടി എത്തിയത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫ്. കോട്ടയിൽ വിള്ളൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ക്യാമ്പ്. മറുഭാഗത്ത്, എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായി എം.എ. ബ്രഹ്‌മരാജിനെയാണ് ബി.ജെ.പി. സ്ഥാനാർഥിയായി പരിഗണിക്കുന്നത്. ട്വന്റി 20 ഉൾപ്പെടെയുള്ള സംഘടനകൾ മുന്നണിയുടെ ഭാഗമായത് ആലുവയിൽ മുൻപത്തേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന മേഖലകൾ ഉൾപ്പെടുന്ന ആലുവയിൽ, ന്യൂനപക്ഷ വോട്ടുകളും മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള വോട്ടർമാരുടെ ചായ്വും ഇക്കുറി നിർണായകമാകും. വ്യവസായ മണ്ഡലം ആർക്കൊപ്പം എറണാകുളം ജില്ലയിൽ ഇടതുമുന്നണി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വ്യവസായ മേഖലയായ കളമശ്ശേരി. മന്ത്രി പി. രാജീവിനെത്തന്നെ വീണ്ടും കളത്തിലിറക്കുന്നതിലൂടെ മണ്ഡലം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ പലവിധ പ്രതിസന്ധികളെയും പാർട്ടിയിലെ വിഭാഗീയതയെയും അതിജീവിച്ചാണ് രാജീവ് ജയിച്ചതെങ്കിൽ, ഇക്കുറി പാർട്ടി സംവിധാനം പൂർണ സജ്ജമാണെന്നത് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. എം.എൽ.എ. എന്ന നിലയിലും മന്ത്രി എന്ന നിലയിലും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും ജനകീയ ഇടപെടലുകളുമാണ് ഇടതിന്റെ പ്രധാന പ്രചാരണായുധം. സ്ഥാനാർഥിത്വം നേരത്തെ ഉറപ്പിച്ചതിനാൽ എല്ലാ വിഭാഗം ജനങ്ങളെയും നേരിൽക്കണ്ട് പിന്തുണ ഉറപ്പാക്കാൻ രാജീവിന് സാധിച്ചിട്ടുണ്ട്. യു.ഡി.എഫ് ക്യാമ്പിൽ മുസ്ലിംലീഗിലെ വി.ഇ. അബ്ദുൾ ഗഫൂർ തന്നെയാണ് ഇക്കുറിയും പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ലീഗിലുണ്ടായ ആഭ്യന്തര തർക്കങ്ങളും വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാർഥിയാക്കിയതിലുള്ള എതിർപ്പും യു.ഡി.എഫിന് തിരിച്ചടിയായിരുന്നു. എന്നാൽ ഇത്തവണ അത്തരം പരസ്യമായ പോരുകൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് ലീഗ് ശ്രമിക്കുന്നത്. സ്ഥാനാർഥിനിർണയത്തിൽ തുടക്കത്തിൽ ചില മുറുമുറുപ്പുകൾ ഉയർന്നെങ്കിലും കോൺഗ്രസ് നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫിനുള്ള മേൽക്കൈ വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസിന്റെ പി.എം. ബിനുവാണ് സ്ഥാനാർഥി. മുൻകാലങ്ങളിൽ ബി.ജെ.പി. വോട്ടുകൾ കൃത്യമായി സമാഹരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതി മണ്ഡലത്തിലുണ്ട്. തദ്ദേശതലത്തിൽ കളമശ്ശേരി, ഏലൂർ നഗരസഭകളും കടുങ്ങല്ലൂർ, കന്നുകര, ആലങ്ങാട്, കരുമാല്ലൂർ നാല് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. പത്ത് വർഷം ലീഗ് കൈവശം വെച്ചിരുന്ന മണ്ഡലം പി. രാജീവിലൂടെ ഇടത് കോട്ടയായി മാറുമോ അതോ യു.ഡി.എഫ് തിരിച്ചുപിടിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 2011-ലും 2016-ലും മുസ്ലിംലീഗിന്റെ വി.കെ. ഇബ്രാഹിംകുഞ്ഞിനെ കനിഞ്ഞ മണ്ഡലം ഇത്തവണ അദ്ദേഹത്തിന്റെ മകനിലൂടെ തിരികെ ലീഗിലേക്ക് തന്നെ എത്തുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കോതമംഗലത്തുകാരുടെ മനസ്സിലെന്ത് എറണാകുളം ജില്ലയിൽ ഇടത്, വലത് മുന്നണികൾ വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കോതമംഗലം. നിലവിലെ എം.എൽ.എ ആന്റണി ജോണിന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടുകളുടെ ഏകീകരണം ആന്റണി ജോണിന് അനുകൂലമായിരുന്നു. ഇക്കുറിയും ആ ജനപിന്തുണ നിലനിർത്തി ഹാട്രിക് വിജയം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം ക്യാമ്പ്. മറുഭാഗത്ത്, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും മണ്ഡലത്തിൽ സജീവമായിരുന്ന ഷിബു, 'എന്റെ നാട്' പോലുള്ള സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കാഴ്ചവെച്ച മികച്ച പ്രകടനവും തങ്ങൾക്ക് ഗുണകരമാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസിനാണ് ഇക്കുറി കോതമംഗലം സീറ്റ് നൽകിയിരിക്കുന്നത്. എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ സ്ഥാനാർഥിയായി എത്തുന്നതോടെ സമുദായ വോട്ടുകളിൽ വലിയൊരു വിഹിതം നേടാനാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രാദേശികമായി ചെറിയ നിരാശയുണ്ടെങ്കിലും ശക്തമായ ത്രികോണ മത്സരത്തിനുള്ള ഒരുക്കങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. കൊച്ചി പഴയ കൊച്ചിയല്ല തുടർച്ചയായ മൂന്നാം വിജയത്തിനായി ഇടതുമുന്നണി കെ.ജെ. മാക്‌സിയെത്തന്നെ കളത്തിലിറക്കുമ്പോൾ, കരുത്തനായ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സേവ്യർ ജൂലപ്പനിലൂടെ എൻ.ഡി.എ. ഘടകകക്ഷിയായ ട്വന്റി 20-യും ഒരു കൈനോക്കുന്നു. ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ, എല്ലാ വിഭാഗങ്ങളെയും ഒപ്പം നിർത്താൻ കഴിയുന്ന ജനകീയ പ്രതിച്ഛായയാണ് മാക്‌സിയുടെ കരുത്ത്. 2011-ൽ കോൺഗ്രസ് പിടിച്ച മണ്ഡലം 2016-ലും 2021-ലും മാക്‌സിയിലൂടെ സി.പി.എം നിലനിർത്തുകയായിരുന്നു. യു.ഡി.എഫിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും ഷിയാസിലൂടെ മണ്ഡലത്തിൽ വലിയ ഓളമുണ്ടാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം, എൻ.ഡി.എ.യ്ക്കായി ട്വന്റി 20 സ്ഥാനാർഥിയെ കൊണ്ടുവന്നതുവഴി, ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മേഖലകളിൽ താമര ചിഹ്നമില്ലാത്തത് മത്സരഗതിയെ എങ്ങനെ ബാധിക്കുമെന്നത് നിർണായകമാണ്. ആകെ വോട്ടർമാരായി 1,65,148 പേരാണുള്ളത്. സ്ത്രീകൾ: 84,828. പുരുഷന്മാർ: 80,320. ചെല്ലാനം, കുമ്പളങ്ങി (യു.ഡി.എഫ് സ്വാധീന മേഖലകൾ), കൊച്ചി നഗരസഭയിലെ 20 വാർഡുകൾ എന്നീ തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 2011-ൽ ഡൊമിനിക് പ്രസന്റേഷനായിരുന്നു മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം.എൽ.എ. 2016 ലും 2021 ലും എൽ.ഡി.എഫിന്റെ കെ.ജെ. മാക്‌സി ജനപ്രതിനിധിയായി. ജനകീയ വികസന മുദ്രാവാക്യങ്ങളുമായി എൽ.ഡി.എഫും ഭരണവിരുദ്ധ വികാരവും യുവനേതൃത്വത്തിന്റെ ആവേശവുമായി യു.ഡി.എഫും നേർക്കുനേർ വരുമ്പോൾ കൊച്ചിയിൽ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പുതുമുഖങ്ങൾ മാറ്റുരയ്ക്കുന്ന പെരുമ്പാവൂർ ജില്ലയിലെ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളിലൊന്നാണ് പെരുമ്പാവൂർ. ഇത്തവണ പ്രമുഖ മുന്നണികളെല്ലാംതന്നെ പുതിയ സ്ഥാനാർഥികളെ കളത്തിലിറക്കുന്നു എന്ന പ്രത്യേകത ഈ പോരാട്ടത്തിനുണ്ട്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇറങ്ങുന്നത്. എൽദോസ് കുന്നപ്പിള്ളിക്ക് പകരം യു.ഡി.എഫ്. സ്ഥാനാർഥിയായ മനോജ് മൂത്തേടൻ പെരുമ്പാവൂരുകാർക്ക് സുപരിചിതനാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മനോജിന് ഗുണകരമാകും. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുകഴിയുകയായിരുന്ന ബേസിൽ പോളിനെ തക്കസമയത്ത് കണ്ടെത്തി കേരള കോൺഗ്രസ് എമ്മിലെത്തിച്ച് ഇടതുപക്ഷ സ്ഥാനാർഥിയാക്കുകയായിരുന്നു പാർട്ടി. ഇതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം. ജില്ലാ പ്രസിഡന്റ് രാജിവെച്ച് ജോസഫ് ഗ്രൂപ്പിൽ ചേർന്ന് യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയത് മറുവശത്തുണ്ടായ നഷ്ടം. എൻ.ഡി.എ.യിൽ നടി ലക്ഷ്മിപ്രിയയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് 20-20 വമ്പൻ വരവറിയിച്ചെങ്കിലും പക്ഷേ, വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിനാൽ നടിക്ക് പിന്മാറേണ്ട സാഹചര്യമുണ്ടായി. പിന്നീട് യാക്കോബായ സഭാ നേതൃത്വവുമായി ബന്ധമുള്ള ജിബി പാത്തിക്കലിനെ സ്ഥാനാർഥിയായി കൊണ്ടുവന്ന് പ്രചാരണങ്ങൾ വേഗത്തിലാക്കി. 1957 മുതൽ മണ്ഡലം പലപ്പോഴും ഇടതു-വലതു മുന്നണികളെ മാറിമാറി സ്വീകരിച്ചിട്ടുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പി. ഗോവിന്ദപിള്ളയായിരുന്നു വിജയി. 1982 മുതൽ 2001 വരെ കോൺഗ്രസിലെ പി.പി. തങ്കച്ചൻ മണ്ഡലത്തെ തുടർച്ചയായി നാലുതവണ പ്രതിനിധാനംചെയ്തു. തുടർന്ന് 2001 മുതൽ 2016 വരെ സി.പി.എമ്മിലെ സാജു പോൾ മണ്ഡലം നിലനിർത്തി. 2016-ലും 2021-ലും കോൺഗ്രസിലെ എൽദോസ് കുന്നപ്പിള്ളിയാണ് വിജയിച്ചത്. കുന്നപ്പിള്ളിയെ ഇത്തവണ മാറ്റിനിർത്തുക എന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും, ഒടുക്കം വിഷയം രമ്യമായി പരിഹരിക്കാനായി. മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,79,962 ആണ്. ഇതിൽ 91,574 സ്ത്രീ വോട്ടർമാരും 88,386 പുരുഷ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. സ്ത്രീ വോട്ടർമാരുടെ ആധിക്യം മണ്ഡലത്തിന്റെ വിധി നിർണയിക്കുന്നതിൽ നിർണായകമാകും. പെരുമ്പാവൂർ നഗരസഭയും ഒപ്പം അശമന്നൂർ, കൂവപ്പടി, മുടക്കുഴ, വെങ്ങോല, രായമംഗലം, ഒക്കൽ, വേങ്ങൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. നിലവിൽ ഈ എട്ട് തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണം യു.ഡി.എഫിന്റെ കൈവശമാണെന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. വൈപ്പിൻ ആരെ തുണയ്ക്കും വൈപ്പിൻ മണ്ഡലത്തിന്റെ രൂപവത്കരണത്തിനുശേഷം ഇതുവരെ യു.ഡി.എഫിന് അവിടെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ മാറ്റം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. മറുവശത്ത്, വിജയം തുടർക്കഥയാക്കാൻ എൽ.ഡി.എഫും സർവസജ്ജമാണ്. സിറ്റിങ് എം.എൽ.എ.യായ കെ.എൻ. ഉണ്ണികൃഷ്ണന് പകരം എം.ബി. ഷൈനിയാണ് ഇത്തവണ എൽ.ഡി.എഫ്. സ്ഥാനാർഥി. കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റി. ഉണ്ണികൃഷ്ണൻ കൊണ്ടുവന്ന വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് മണ്ഡലത്തിൽ വോട്ടുചോദിക്കുന്നത്. യു.ഡി.എഫ് ഇത്തവണ വൈപ്പിൻ തിരിച്ചുപിടിക്കാൻ നിയോഗിച്ചിരിക്കുന്നത് ടോണി ചമ്മണിയെ ആണ്. മണ്ഡലത്തിലെ ശക്തമായ സാമുദായിക വോട്ടുകളും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഷിയാസിനെ ഒടുവിൽ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വൈപ്പിൻ സീറ്റ് ബി.ജെ.പി ഇക്കുറി ട്വന്റി 20-ക്ക് വിട്ടുനൽകിയിരിക്കുകയാണ്. കൊച്ചിൻ കോളേജിൽ കെ.എസ്.യുവിന്റെ മുൻ വൈസ് ചെയർപേഴ്സണായിരുന്ന അനിത തോമസിനെയാണ് ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്റി 20-യുടെ സാന്നിധ്യം മണ്ഡലത്തിൽ നിർണായകമാകും. തൃപ്പൂണിത്തുറക്കാർക്ക് തൃപ്തി ആരെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ ഇക്കുറി മുന്നണികളെല്ലാം തികച്ചും അപ്രതീക്ഷിതമായ സ്ഥാനാർഥി നിർണയത്തിലൂടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. വൈപ്പിൻ എം.എൽ.എയായ കെ.എൻ. ഉണ്ണികൃഷ്ണനെ മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം. നിയോഗിച്ചത് അണികളിൽപ്പോലും ആദ്യം അമ്പരപ്പുണ്ടാക്കിയിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് 'സി.പി.എം. മെഷീനറി' സജീവമായതോടെ എൽ.ഡി.എഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. ഇക്കുറി തൃപ്പൂണിത്തുറ ചുവപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവർത്തനങ്ങളാണ് ഇടതുമുന്നണി കാഴ്ചവയ്ക്കുന്നത്. യു.ഡി.എഫിലാകട്ടെ, കെ. ബാബു എം.എൽ.എ. ഇക്കുറി സ്വയം പിന്മാറിയതോടെയാണ് സ്ഥാനാർഥി നിർണയത്തിൽ സങ്കീർണതകളുണ്ടായത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും സാമുദായിക പരിഗണനകൾക്കും ഒടുവിൽ ബാബുവിന്റെ തന്നെ നോമിനിയായ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. മൂന്ന് പതിറ്റാണ്ടിലേറെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ. ബാബു തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കുന്നത് ദീപക്കിന് കരുത്താകുന്നുണ്ട്. തന്റെ പിൻഗാമിയെ വിജയിപ്പിക്കുക എന്നത് കെ. ബാബുവിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടം കൂടിയാണ്. അതേസമയം, ബി.ജെ.പിയുടെ കരുത്തുറ്റ കേന്ദ്രങ്ങളിലൊന്നായ ഇവിടെ എൻ.ഡി.എ. സ്ഥാനാർഥിയായി നടി അഞ്ജലി നായരാണ് മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്ക് ഇവിടെ വലിയ വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും, സീറ്റ് ട്വന്റി 20-ക്ക് വിട്ടുനൽകിയതിലും സ്ഥാനാർഥി നിർണയത്തിലും പ്രാദേശിക പ്രവർത്തകർക്കിടയിൽ നേരിയ അതൃപ്തിയുണ്ട്. പ്രചാരണരംഗത്ത് പ്രതീക്ഷിച്ച വീറും വാശിയും പ്രകടമല്ലെങ്കിലും, വോട്ട് ചോർച്ചയുണ്ടാകാതെ മുന്നണിയെ കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനുള്ളത്. മണ്ഡലത്തിലെ സമുദായ വോട്ടുകളും നഗരസഭാ ഭരണത്തിലെ വിലയിരുത്തലുകളും ഇക്കുറി വിധിയെഴുത്തിൽ നിർണായകമാകും. പിറവത്ത് പോരാട്ടം തീപാറും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പിറവം മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പ്രതിസന്ധികളെല്ലാം മറികടന്ന്, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേതന്നെ ശക്തനായൊരു സ്ഥാനാർഥിയെ കളത്തിലിറക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവിടെ ഇടതുമുന്നണി. മുൻപ് കേരള കോൺഗ്രസ് എമ്മിനായി സി.പി.എം. സ്വതന്ത്രരെ കണ്ടെത്തേണ്ടി വന്നിരുന്നെങ്കിൽ, ഇക്കുറി കോൺഗ്രസ് വിട്ടെത്തിയ പ്രമുഖ നേതാവ് സാബു കെ. ജേക്കബിലൂടെ ആ കുറവ് പരിഹരിക്കാൻ അവർക്ക് സാധിച്ചു. പിറവം നഗരസഭയുടെ ആദ്യ ചെയർമാൻ എന്ന നിലയിൽ സാബുവിനുള്ള ജനപ്രീതി വോട്ടായി മാറുമെന്നും മണ്ഡലം പിടിച്ചെടുക്കാമെന്നുമാണ് എൽ.ഡി.എഫ്. കണക്കുകൂട്ടുന്നത്. യു.ഡി.എഫിനായി നിലവിലെ എം.എൽ.എ. അനൂപ് ജേക്കബ് നാലാംവട്ടവും ജനവിധി തേടുകയാണ്. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് മുന്നണിയിൽ ലഭിക്കുന്ന ഏക സീറ്റായ പിറവത്ത്, തന്റെ വികസന പ്രവർത്തനങ്ങളിലും സൗമ്യമായ പെരുമാറ്റത്തിലുമാണ് അനൂപ് വിശ്വാസമർപ്പിക്കുന്നത്. ഏറെക്കാലം ഒരേ രാഷ്ട്രീയ പാളയത്തിൽ പ്രവർത്തിച്ചിരുന്നവർ തമ്മിലുള്ള മത്സരമായതിനാൽ തന്നെ അങ്ങേയറ്റം വൈകാരികവും രാഷ്ട്രീയവുമായ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. സഭാവോട്ടുകൾ തങ്ങൾക്ക് അനുകൂലമായി നിലനിൽക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. മറുഭാഗത്ത് എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായി ട്വന്റി 20 ആണ് ഇക്കുറി പിറവത്ത് മത്സരരംഗത്തുള്ളത്. ട്വന്റി 20യുടെ സജീവ പ്രവർത്തകനും പ്രവാസി സംരംഭകനുമായ ജിബി എബ്രഹാമിലൂടെ മണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്താനാകുമെന്ന് എൻ.ഡി.എ. കരുതുന്നു. ടി.എം. ജേക്കബിന്റെ കാലം മുതൽക്കേ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ പിറവത്ത്, സ്ത്രീ വോട്ടർമാരുടെ ആധിക്യവും വികസന മുദ്രാവാക്യങ്ങളും വിധിയെഴുത്തിൽ നിർണായകമാകും.

പറവൂരിൽ ‘മുഖ്യമന്ത്രി’ മോഹം, ട്വന്റി 20 ഉയർത്തുന്ന ത്രികോണച്ചൂട്; മെട്രോ നാട്ടിൽ ഇത്തവണ തീപാറും
M
MathrubhumiSource Link
about 1 month ago