പള്ളിയറ കാളിയൂട്ട്: ദാരികനെ നിഗ്രഹിച്ച് നന്മയുടെ ഇളവിത്തെറിഞ്ഞ് ദേവി മടങ്ങി

പള്ളിയറ കാളിയൂട്ട്: ദാരികനെ നിഗ്രഹിച്ച് നന്മയുടെ ഇളവിത്തെറിഞ്ഞ് ദേവി മടങ്ങി

M
MathrubhumiSource Link
ആറ്റിങ്ങൽ : ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾക്ക് ഭക്തിനിർഭരമായ പരിസമാപ്തി. തിന്മയുടെ പ്രതീകമായ ദാരികനെ പ്രതീകാത്മകമായി നിഗ്രഹിച്ച് ദേവി നന്മയുടെ ഇളവിത്തെറിഞ്ഞതോടെയാണ് കാളിയൂട്ട് ചടങ്ങുകൾ സമാപിച്ചത്. മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറ ക്ഷേത്രത്തിൽ കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് യാതൊരു കോട്ടവും തട്ടാതെയാണ് ഈ വർഷവും ചടങ്ങുകൾ സംഘടിപ്പിച്ചത്. To advertise here, കാളീനാടകത്തിന്റെ അവസാനരംഗമായ നിലത്തിൽപ്പോരും പറണേറ്റുമാണ് വെള്ളിയാഴ്ച നടന്നത്. പള്ളിയറ ഏലായാണ് ദേവിയും ദാരികനും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായത്. മുടിയേന്തി ഉഗ്രരൂപിണിയായ ദേവി ദാരികനെത്തേടി നടക്കുന്നതും ദേവിയുടെ കൺമുന്നിലൂടെ ഓടിമറഞ്ഞ് കളിക്കുന്ന ദാരികനും ദേവിയുടെ സഹായികളായി രംഗത്തെത്തുന്ന കൂളികളും പള്ളിയറ ഏലായിലും കരകളിലുമായി തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് നവ്യാനുഭവമായി. മന്ത്രങ്ങളും ദേവീസ്തുതികളും ഉരുവിട്ടുകൊണ്ടാണ് ഭക്തർ ഈ ദൃശ്യങ്ങൾ കണ്ടുനിന്നത്. പള്ളിയറക്ഷേത്രവുമായി ചരിത്രപരമായ ബന്ധമുള്ള താഴമൺമഠം ദേവീക്ഷേത്രത്തിൽനിന്ന് വൈകീട്ട് നാലുമണിയോടെ ദാരികനിഗ്രഹത്തിനായി ഭദ്രകാളി പുറപ്പെട്ടു. തുടർന്ന് പള്ളിയറക്ഷേത്രത്തിലെത്തി മുടിയേറ്റി. മുടിയേറ്റിയതോടെ കലിതുള്ളിയ കാളി തിരികെ താഴമൺമഠത്തിലെത്തി നിറപറ തട്ടിയശേഷം മുടിക്കുറ സ്വീകരിച്ച് ദാരികനെത്തേടിയിറങ്ങി. ഈസമയം വായ്ക്കുരവയിട്ടും മന്ത്രങ്ങളുരുക്കഴിച്ചും വെറ്റിലയെറിഞ്ഞും ഭക്തർ ദേവിയെ തൊഴുതു. കാളിയെ സഹായിക്കാനായി കൂളികളും രംഗത്തെത്തി. നിലത്തിൽപ്പോരിനുശേഷം ഇരുവരും അവരവർക്കായി ഒരുക്കിയിട്ടുള്ള പറണുകളിൽ കയറി ആകാശയുദ്ധം നടത്തി. തുടർന്ന് നിലത്തിറങ്ങിയ ദേവി പ്രതീകാത്മകമായി ദാരികനെ നിഗ്രഹിച്ചു. പറണിനുചുവട്ടിലെ ക്രിയകൾ പൂർത്തിയാക്കി. ഉച്ചബലിപ്പുരയിലെത്തിയ ദേവി ഭക്തർക്ക് വിത്തുകൾ നൽകി അനുഗ്രഹിച്ചു. മുടിയിറക്കിയതോടെ ഈവർഷത്തെ ചടങ്ങുകൾ പൂർത്തിയായി. പൊന്നറ കുടുംബാംഗങ്ങളാണ് പള്ളിയറകാളിയൂട്ടിന്റെ അധികാരികൾ. ആദിത്താണ് കാളിയുടെ മുടിയേറ്റി നിലത്തിൽപ്പോരിനിറങ്ങിയത്. ദാരികവേഷമണിഞ്ഞത് അജികുമാറാണ്. ജനസാഗരമായി പള്ളിയറ ഏലാ പള്ളിയറ കാളിയൂട്ടിന്റെ അവസാന ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തിയവരെക്കൊണ്ട് ഏലായും കരകളും ചുറ്റുപാടുമുള്ള കുന്നുകളും നിറയുന്നതാണ് വെള്ളിയാഴ്ച കണ്ടത്. വെള്ളിയാഴ്ച ഉച്ചയോടെതന്നെ പള്ളിയറയിലേക്ക്‌ ഭക്തരുടെ ഒഴുക്കായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് ഭക്തിനിർഭരമായ ചടങ്ങുകൾക്ക് സാക്ഷികളാകാനെത്തിയത്. പോലീസ്, റവന്യൂ, അഗ്നിരക്ഷാസേന, ആരോഗ്യം എന്നീ വിഭാഗങ്ങൾ കാളിയൂട്ടിന്റെ നടത്തിപ്പിനായി പള്ളിയറയിൽ സേവനരംഗത്തുണ്ടായിരുന്നു. ട്രസ്റ്റ് ചെയർമാൻ പള്ളിയറ ശശി, ഭരണസമിതി പ്രസിഡന്റ് ബിജുകുമാർ, സെക്രട്ടറി ആർ.വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയും ഉത്സവസഹായസമിതിയും ആവശ്യമായ നിർദേശങ്ങളും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഉത്സവം 26-ന് കൊടിയേറും. പൊങ്കാല, ഗരുഡൻതൂക്കം, എന്നിവയോടുകൂടിയ ഉത്സവം ഏപ്രിൽ നാലിനു സമാപിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പള്ളിയറ കാളിയൂട്ട്: ദാരികനെ നിഗ്രഹിച്ച് നന്മയുടെ ഇളവിത്തെറി… | Boolokam