പഴകുളം : ഒരു ഇടവേളയ്ക്കുശേഷം പഴകുളത്ത് കക്കൂസ് മാലിന്യം വീണ്ടും തള്ളി. ശനിയാഴ്ച പഴകുളം-കടമാംകുളം റോഡിലെ കനാൽ പാലത്തിൽ നിന്നും കനാലിലേക്ക് ലോഡുകണക്കിന് മാലിന്യമാണ് തള്ളിയത്. രണ്ടുദിവസം മുൻപും മാലിന്യം തള്ളിയിരുന്നു. ഇതുകാരണം വലിയ ദുർഗന്ധമാണ് പ്രദേശം മുഴുവൻ. കനാലിൽ വെള്ളമുള്ളതിനാൽ മാലിന്യം തഴേക്ക് ഒഴുകിപ്പോയ സാഹചര്യമാണുള്ളത്. ഇടക്കാലത്ത് പതിവായി മാലിന്യം തള്ളുന്ന പ്രദേശമായിരുന്നു ഇവിടം. To advertise here, 2024-ൽ പതിവായി പഴകുളം ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. അന്ന് കനാലിനോട് ചേർന്ന താഴ്ന്ന പ്രദേശത്തുള്ള 21 വീടുകളിലെ കിണറ്റിൽനിന്ന് വെള്ളമെടുത്ത് പരിശോധിച്ചപ്പോൾ മാലിന്യം കലർന്നതായി ഫലം വന്നിരുന്നു. അന്ന് മാലിന്യം തള്ളിയതുകാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിൽ കാണാൻ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നേരിട്ടെത്തി നാട്ടുകാരുടെ പരാതി കേട്ടു. തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി കനാലിലെ കാടുകൾ വെട്ടിമാറ്റാൻ നടപടിയെടുത്തു. ഒപ്പം പോലീസ് നടത്തിയ രാത്രി കാലപരിശോധനയിൽ ഒട്ടേറെ വാഹനങ്ങൾ പിടികൂടിയിരുന്നു. കൂടാതെ പഴകുളം ഫോറസ്ട്രി പാർക്കിന് സമീപം ക്യാമറയും പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ചു. ഇതിനുശേഷം പഴകുളം ഭാഗത്ത് മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അടുപ്പിച്ച് രണ്ടുദിവസമായി മാലിന്യം തള്ളുന്നതിൽ ആശങ്കയിലാണ് പഴകുളത്തുകാർ. വാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുള്ള മാലിന്യം റോഡരികിൽ നിർത്തിയശേഷം വാൽവ് തുറക്കുകയാണ് പതിവ്. നിമിഷനേരം കൊണ്ട് മാലിന്യം പുറത്തേക്ക് വരും. അതിവേഗത്തിലാകും ഇത്തരം മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ പോകുന്നത്. ഇതിനാൽ ഇവ പിന്തുടരുക പ്രയാസമാണെന്ന് പോലീസ് പറയുന്നു. നിയമനടപടി സ്വീകരിക്കണം ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ടാലും പണം ലഭിക്കാൻ എന്തും ചെയ്യുന്ന ചിലരാണ് ഇതിനുപിന്നിൽ. കക്കൂസ് മാലിന്യം തള്ളുന്ന സംഭവത്തിൽ എടുക്കുന്ന കേസുകൾ ശക്തമല്ല. നിലവിലെ നിയമം മാറ്റി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം -അബു എബ്രഹാം, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം Published: 16 Mar 2026, 02:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പഴകുളത്ത് കനാലിൽ വീണ്ടും കക്കൂസ് മാലിന്യം
M
MathrubhumiSource Link
about 2 months ago