നാദാപുരം : വർഷങ്ങളുടെ നീണ്ട പാരമ്പര്യമുള്ള നാദാപുരം വലിയ ജുമഅത്ത് പള്ളി പഴമയുടെ തനിമ നിലനിർത്തി ഇന്നും മുസ്‌ലിം പള്ളികൾക്കിടയിൽ തലയുയർത്തി നിൽക്കുന്നു. വിശ്വാസികൾ ഏറെ പുണ്യമായി കരുതുന്ന റംസാനിലെ ഇരുപത്തേഴാം രാവ് സജീവമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികളെങ്ങും. To advertise here, നാദാപുരം പള്ളിയിൽ തിങ്കളാഴ്ച രാത്രിയിലെ നിർബന്ധ നമസ്കാരത്തിനും തറാവീഹ് നമസ്കാരത്തിനും വൻജനാവലിയാണ് പങ്കെടുക്കാനെത്തുന്നത്. പള്ളിയും പള്ളിമൈതാനവും വെദ്യുതി ദീപങ്ങൾകൊണ്ട് അലങ്കിച്ചിട്ടുണ്ട്. കബർ സന്ദർശനത്തിനും വിവിധ സ്ഥലങ്ങളിൽനിന്നായി വൻ ജനാവലിയാണെത്താറുളളത്. നമസ്കാരത്തിനും തറാവീഹിനും ഖുതുബക്കും പെരുന്നാൾ നമസ്കാരത്തിനൊന്നും മൈക്ക് ഉപയോഗിക്കാത്ത പള്ളിയെന്ന പ്രത്യേകതകൂടി നാദാപുരം വലിയ ജുമഅത്ത് പള്ളിക്കുണ്ട്. തച്ചുശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ജുമഅത്ത് പള്ളി നിർമിച്ചിരിക്കുന്നത്. മരത്തിന്റെ കൂറ്റൻ ബീമുകളും ഉത്തരങ്ങളും കമനീയമായ ആർച്ചുകളുമൊക്കെ നാദാപുരം വലിയപള്ളിയുടെ പ്രത്യേകതയാണ്. തൂണുകളുടെ മേലുത്തരങ്ങളിൽ അതിമനോഹരമായി ഖുർആൻ വചനങ്ങളും കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ നിർമാണ വൈദഗ്ധ്യം ഏറെ ആകർഷണീയമാണ്. പള്ളിക്കുള്ളിലെ വിവിധ ഭാഗങ്ങളിലുള്ള കരിങ്കൽത്തൂണുകൾ ഏറെ മനോഹരമായകാഴ്ചയാണ് ഒരുക്കുന്നത്. എട്ടുമീറ്റർ നീളവും രണ്ടാൾ പിടിച്ചാലെത്താത്ത വീതിയുമുണ്ട് പള്ളിയിലെ കരിങ്കൽത്തൂണുകൾക്ക്. പള്ളി നിർമാണം കണ്ണൂർ കണ്ണാടിപ്പറമ്പിലെ നിടുവാട്ട് സ്വദേശിയായ മൗലാന യഅ്ഖൂബ് മുസ്‌ല്യാരുടെ നേത്യത്വത്തിലാണ് നടത്തിയത്. ടൺ കണക്കിന് ഭാരമുള്ള തൂണുകൾ അദ്ദേഹം ഉയർത്തിയാണ് സ്ഥാപിച്ചതെന്ന കാര്യം പഴമക്കാരായ വിശ്വാസികൾ അദ്‌ഭുതത്തോടെയാണ് ഇന്നും ഓർക്കുന്നത്. നാദാപുരം പള്ളിയിലെ ഖുത്തുമ നടത്തുന്ന മിമ്പർ (പ്രസംഗപീഠം) ശില്പഭംഗികൊണ്ടും കൊത്തുപണികളാലും ഏറെ ആകർഷണീയമാണ്. നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനെപ്പറ്റി ഒരു സിനിമാപ്പാട്ട് നിലവിലുണ്ട്. എന്നാൽ അത് ഭാവനമാത്രമാണെന്ന് പഴമക്കാർ പറയുന്നു. നാദാപുരത്തെ പള്ളിയിൽ ചന്ദനക്കുട മഹോത്സവം നടക്കാറില്ല. നാദാപുരത്തെ മുസ്‌ലിം സാന്നിധ്യത്തിന് ആയിരത്തോളം വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നാണ് ചരിത്രരേഖകളിൽ കാണുന്നത്. പൂച്ചാക്കൂൽ ഓർ എന്നറിയപ്പെടുന്ന സൂഫീവര്യൻ നാദാപുരത്തെ ഇസ്‌ലാമിക പ്രചാരണത്തിന് നേതൃത്വംനൽകിയ പ്രമുഖനാണ്. 700 വർഷം മുൻപാണിതെന്ന് കണക്കാക്കപ്പെടുന്നു. നാദാപുരം ജുമാമസ്ജിദിന്റെ തെക്കുഭാഗത്ത് പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറകളുണ്ട്. എന്നാൽ നേർച്ചകളും ഉറൂസുകളും ഇവിടെ ഇല്ല എന്നതും നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ പ്രത്യേകതയാണ്.

പഴമയുടെ തനിമയിൽ തലയുയർത്തി നാദാപുരം വലിയ ജുമഅത്ത് പള്ളി
M
MathrubhumiSource Link
about 2 months ago