വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്‌കും പങ്കുചേർന്നെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മസ്‌കും പങ്കാളിയായതെന്നും യുദ്ധകാല പ്രതിസന്ധിവേളയിൽ രണ്ട് രാജ്യത്തലവന്മാർ തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയായത് അസാധാരണമാണെന്നും ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. To advertise here, മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനേക്കുറിച്ച്, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന് മേൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നതിനേക്കുറിച്ചായിരുന്നു നേതാക്കന്മാർ ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് റിപ്പോർട്ട്. മസ്‌ക് എന്തുകൊണ്ട് ഈ ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ടുവെന്നോ ചർച്ചയിൽ ഏതുതരത്തിലുള്ള പങ്കാളിത്തമാണ് വഹിച്ചതെന്നോ വ്യക്തമല്ല. സർക്കാരിൽ ഒരുവിധത്തിലും പങ്കാളിത്തമില്ലാത്ത മസ്ക്, ഇത്തരമൊരു ഉന്നതതല ചർച്ചയിൽ പങ്കാളിത്തം വഹിച്ചത് നയതന്ത്ര കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷത്തെ പിണക്കത്തിന് ശേഷം ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാകാം ഫോൺസംഭാഷണത്തിലെ മസ്‌കിന്റെ സാന്നിധ്യമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌പേസ്, ഊർജം തുടങ്ങി മസ്‌കിന് താൽപര്യമുള്ള മേഖലകളും പശ്ചിമേഷ്യൻ പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന ഇന്ത്യയും ഗൾഫും ഉൾപ്പെടെയുള്ള മേഖലകളും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിൽ തന്റെ ബിസിനസ് മേഖല വിപുലപ്പെടുത്താനുള്ള നീക്കത്തിലുമാണ് മസ്ക്. മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ അനുമതി കാത്തുകിടക്കുകയുമാണ്. ലോകത്തിന്റെ വിവിധ ഭാഗത്തേക്കുള്ള എണ്ണ, വാതക കയറ്റുമതിയുടെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയായതിനാൽ അവിടെ സ്ഥിരത ഉറപ്പാക്കുന്നത് സംബന്ധിച്ചായിരുന്നു മോദിയുടെയും ട്രംപിന്റെയും ചർച്ച എന്നാണ് വിവരം. അതീവപ്രധാന്യമുള്ള ദേശീയസുരക്ഷാവിവരങ്ങൾ ഉൾപ്പെടെയുള്ളവ ചർച്ചയായേക്കാവുന്ന, രണ്ട് രാജ്യത്തലവന്മാർ നടത്തുന്ന ഫോൺസംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാകുന്നത് അസാധാരണമാണെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. അതേസമയം, അമേരിക്കയോ ഇന്ത്യയോ സംഭാഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളിൽ മസ്‌കിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. വിഷയത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസ് വിസമ്മതിച്ചുവെന്നും വ്യക്തതയ്ക്കു വേണ്ടിയുള്ള ചോദ്യങ്ങളോട് മസ്‌കും പ്രതികരിച്ചില്ലെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. Content Highlights: Elon Musk participated in a high-level call between PM Modi and President-elect Trump., The discussion focused on the Middle East crisis and stability in the Strait of Hormuz., Diplomatic experts view a private citizen's presence in such calls as highly unusual., Musk's involvement signals his growing influence in US foreign policy and potential business interests in India. Published: 28 Mar 2026, 10:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യൻ യുദ്ധം സംബന്ധിച്ച മോദി-ട്രംപ് ഫോൺസംഭാഷണത്തിൽ പങ്കെടുത്ത് മസ്‌കും; അസാധാരണ നടപടി
M
MathrubhumiSource Link
about 1 month ago