ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, ക്രൂഡ് ഓയിൽ, വാതകം, ഊർജ്ജം, വളം തുടങ്ങിയ മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത യോഗം വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണവും സുസ്ഥിരമായ ലോജിസ്റ്റിക്സും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. To advertise here, ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകൾ തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രയേൽ-യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾ ഈ മേഖലയെ കൂടുതൽ അശാന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലും പ്രതിഫലിച്ചു തുടങ്ങി. വ്യാവസായിക ഡീസലിന്റെ വിലയിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായി ഇത് ഉയർന്നു. ഈ സാഹചര്യത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനായി സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിലെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന വാണിജ്യ എൽപിജിയുടെ അളവ് സർക്കാർ വർദ്ധിപ്പിച്ചു. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാനാണ് നിർദ്ദേശം. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്കിടയിൽ പിഎൻജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എൽപിജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അധികൃതർ വ്യാപകമായി റെയ്ഡുകൾ നടത്തിവരുന്നു. നിലവിലെ പ്രതിസന്ധിക്കിടയിലും രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെന്നും ചരക്ക് നീക്കത്തിൽ തടസ്സങ്ങളില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കയിലെ ടെക്സസിൽ നിന്നുള്ള എൽപിജി കപ്പൽ മംഗളൂരു തുറമുഖത്ത് എത്തിയത് വലിയ ആശ്വാസമായിട്ടുണ്ട്. ഊർജ്ജ വിതരണം സുഗമമാക്കുന്നതിനായി മാർച്ച് 14 മുതൽ 31 വരെ ക്രൂഡ് ഓയിലിന്റെയും എൽപിജിയുടെയും ചരക്ക് കൂലി ഷിപ്പിങ് മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഇത്തരം നടപടികളിലൂടെ ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള 22 ഇന്ത്യൻ കപ്പലുകളും 611 നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും ചേർന്ന് അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. Content Highlights: PM Modi chairs high-level meeting to ensure energy security and stable supply amid West Asia conflict. Read the latest updates on LPG, diesel, and logistics. Published: 22 Mar 2026, 07:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യൻ യുദ്ധം: ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം
M
MathrubhumiSource Link
about 2 months ago