കൊട്ടാരക്കര :പാചകവാതകദൗർലഭ്യം ജനജീവിതത്തെ ബാധിച്ചുതുടങ്ങി. വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി. സിലിൻഡറുകൾ ലഭിക്കാതായതോടെ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ചെറുചായക്കടകളും ബേക്കറികളും പ്രവർത്തനം ഭാഗികമാക്കി. ഗാർഹികാവശ്യത്തിനുള്ള സിലിൻഡറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം നിശ്ചലമായി. വിറകടുപ്പുകൾ ഇല്ലാത്തവരുടെ സ്ഥിതി കഷ്ടമായി. To advertise here, ഓൺലൈൻ ഭക്ഷണവിതരണശൃംഖലകളും നിശ്ചലമായതോടെ ഹോസ്റ്റലുകളിലും വാടകവീടുകളിലും ഒറ്റയ്ക്കു കഴിയുന്നവർ വിഷമത്തിലായി. കരിഞ്ചന്തയും പാചകവാതക ദുരുപയോഗവും തടയാൻ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഗാർഹിക സിലിൻഡറുകൾ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത് പിടികൂടി താക്കീത് ചെയ്തു. സപ്ലൈ ഓഫീസർ എസ്. സുജ, റേഷനിങ് ഇൻസ്പെക്ടർമാരായ സഞ്ചു ലോറൻസ്, രാജീവ്‌കുമാർ, എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. വ്യാപാരി വ്യവസായി സമിതി കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക ദൗർലഭ്യത്തിനും വിലവർധനയ്ക്കും എതിരേ നെല്ലിക്കുന്നം പോസ്റ്റ്‌ഓഫീസിനു മുന്നിൽ ധർണയും അടുപ്പുകൂട്ടി സമരവും നടത്തി. ഡോ. സ്മിത്ത്‌കുമാർ സമരം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ, ഉമേഷ്, സജീവ്, രേഖ, സന്തോഷ് കല്യാണി, റിനു കെ. എബ്രഹാം, കെ. രവീന്ദ്രൻ, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

പാചകവാതകക്ഷാമം: ഹോട്ടലുകൾ പൂട്ടിത്തുടങ്ങി
M
MathrubhumiSource Link
about 2 months ago