ജനകീയയജ്ഞം പാഴായി... To advertise here, കൊട്ടാരക്കര : പാണ്ടിവയൽ തോട്ടിൽ തെളിനീരൊഴുക്കാനും പാണ്ടിവയൽ ഏലാ കൃഷിസമൃദ്ധമാക്കാനും നടത്തിയ ജനകീയയജ്ഞം പാഴായി. പദ്ധതിയുടെ തുടർച്ചയില്ലാതിരുന്നതും ഏലാ തോട് സംരക്ഷണത്തിനു നടപടികളില്ലാതിരുന്നതും അഞ്ചു വർഷം മുൻപ് കൊട്ടിഗ്‌ഘോഷിച്ചു നടത്തിയ പദ്ധതി പാഴാകാൻ കാരണമായി. നെൽക്കൃഷി ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഏലാ വീണ്ടെടുക്കൽ നടപ്പാക്കിയത്. തരിശായി കിടന്ന ഏലായിൽ കൃഷിയിറക്കാനുള്ള പരിശ്രമത്തിൽ നഗരസഭയും നാട്ടുകാരും കൈകോർത്തു. പാണ്ടിവയൽ തോട് ജനകീയമായി ശുചീകരിച്ചു. തൊഴിലുറപ്പുപദ്ധതിയിലുൾപ്പെടുത്തിയും നാട്ടുകാരുടെ കൂട്ടായ്മ രൂപവത്കരിച്ചും ഏലാ കൃഷിയോഗ്യമാക്കി. നെൽക്കൃഷിയും വാഴക്കൃഷിയും തുടങ്ങി. ഓരോ വർഷവും കൃഷിയുടെ വിസ്തൃതി കൂട്ടി ഏലാ പൂർണമായും കൃഷിചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ആഘോഷത്തോടെ ഉദ്ഘാടനവും കുറച്ചുഭാഗത്തെ കൃഷിയും കഴിഞ്ഞതോടെ സംഘാടകരെല്ലാം പിൻവലിഞ്ഞു. പാണ്ടിവയൽ തോട് വീണ്ടും പഴയ നിലയായി. കാടുമൂടി ഒഴുക്കുനിലച്ച് പലയിടത്തും മലിനജലം കെട്ടിക്കിടക്കുന്നു. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ ഇപ്പോഴും തോട്ടിലുണ്ട്. മുൻകാലങ്ങളിലേതുപോലെ ദുർഗന്ധവും കൊതുകുശല്യവും ഇഴജന്തുശല്യവും പരിസരവാസികളെ വലയ്ക്കുന്നു. തകർന്ന കലുങ്ക് പുനർനിർമാണം നടക്കുന്നതിന്റെ ഇരുഭാഗത്തും മലിനജലം കെട്ടിക്കിടക്കുകയാണ്. നെൽക്കൃഷി മോഹിച്ച ഏലായിൽ, തെങ്ങിൻതൈകളും അങ്ങിങ്ങായി ചില വാഴകളും മാത്രം. ഭൂരിഭാഗവും മുന്നേപ്പോലെ കാടുമൂടിക്കിടക്കുന്നു. അടുത്ത ഏലാ വീണ്ടെടുക്കൽപദ്ധതി വരെ ഏലായും തോടും ഇതുപോലെ കാടുമൂടിക്കിടക്കുമെന്ന് നാട്ടുകാർ പറയുന്നു. Published: 21 Apr 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
