കുളപ്പുള്ളി : പാലക്കാട്-കുളപ്പുള്ളി പാതയിൽ അപകടങ്ങൾ വീണ്ടും വർധിക്കുന്നു. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കൂനത്തറ പാതിപ്പാറയിൽ വ്യാഴാഴ്ച സ്വകാര്യ ബസ് ഇടിച്ച് വാടാനാംകുറുശ്ശി സ്വദേശിനിയായ സ്കൂട്ടർ യാത്രിക മരിച്ചിരുന്നു. ഒൻപതുവയസ്സുള്ള മകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. To advertise here, നിരവധി അപകടമരണങ്ങൾ നടന്ന സ്ഥലമാണ് പാതിപ്പാറമുതൽ കൂനത്തറവരെയുള്ള ഭാഗം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പലതവണ മോട്ടോർവാഹന വകുപ്പും, പോലീസും പൊതുമരാമത്തുവകുപ്പും സംയുക്ത പരിശോധനകൾ നടത്തിയതാണ്. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ റോഡിൽ റബിൾ സ്ട്രിപ്പുകളും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, അപകടങ്ങൾ കുറയ്ക്കുന്നതിന് ശാശ്വതപരിഹാരമായില്ല. മാസങ്ങൾക്കുമുൻപ് പാതിപ്പാറ ഇറക്കത്തിൽ കാറിടിച്ച് പനമണ്ണ സ്വദേശി മരിച്ചിരുന്നു. ഡ്രൈവറുടെ പേരിൽ കേസെടുത്തു; ലൈസൻസ് റദ്ദാക്കും പാതിപ്പാറയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവർ പോലീസിൽ കീഴടങ്ങിയിട്ടില്ല. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെത്തി, അപകടത്തിനിടയാക്കിയ ബസ് പരിശോധിച്ചു. ശനിയാഴ്ചയും പോലീസിൽ ഹാജരായില്ലെങ്കിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെതന്നെ സ്വകാര്യബസും അപകടത്തിൽപ്പെട്ട സ്കൂട്ടറും സ്ഥലത്തുനിന്ന് ഷൊർണൂർ പോലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ചിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരും പറഞ്ഞു. വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്ത് ബസുകൾ തടഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. വെള്ളിയാഴ്ച മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു. തുടർന്ന് അപകടത്തിനിടയാക്കിയ ബസ് ഉൾപ്പെടെ പരിശോധിച്ചു.
