വേനലിലും കാണാം, കൺകുളിരും കാഴ്ചകൾ - 04 To advertise here, മറയൂർ: കേരളം ചുട്ടുപൊള്ളുമ്പോൾ കുളിരണിയിച്ച് പാമ്പാടുംചോല സഞ്ചാരികളെ മാടി വിളിക്കുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല നാഷണൽ പാർക്ക്. കടുത്ത ചൂടിലും ഇവിടെയെത്തുന്ന സഞ്ചാരികൾ പ്രകൃതിയോട് ലയിച്ച് ഇളം കാറ്റേറ്റ് നടത്തുന്ന ഷോല നേച്ചർ വാക്ക് അവരുടെ മനം നിറയ്ക്കുന്നു. ചരിത്രത്തിലൂടെയും പ്രകൃതിയിലൂടെയുമുള്ള ഒരു നടത്തം. പ്രകൃതിയുടെ വന്യത കണ്ടറിയാനും തൊട്ടറിയാനും മൂന്നാർ വന്യജീവി ഡിവിഷനും ഷോല ദേശീയോദ്യാനവും സഞ്ചാരികൾക്ക് പ്രകൃതിയുടെ വിരുന്ന് ഒരുക്കി നല്കുന്നു. വന്യത കണ്ട് പ്രകൃതിയെ തൊട്ടറിഞ്ഞ് ... മൂന്നാറിൽനിന്ന് വട്ടവടയിലേക്ക് പോകുന്ന പാതയിൽ ടോപ്പ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽനിന്നാണ് നേച്ചർ വാക്ക് ആരംഭിക്കുന്നത്. പോത്തിൻകണ്ടംവരെ നീളുന്ന യാത്രയിൽ കാട്ടുപോത്തുക്കളുടെ സമ്പന്നമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പ്രധാനമായും സമ്മാനിക്കുന്നത്. ലോഗ് ഹൗസ്, അപൂർവമായ നീലഗിരി മാർട്ടിൻ, വിവിധയിനം പക്ഷികൾ, മറ്റ് വന്യജീവികൾ, അപൂർവമായ മരപ്പന്നൽ തുടങ്ങിയ കാഴ്ചകളും കാണാം. രണ്ട് കാട്ടുചോലകൾ മരപ്പാലത്തിൽ കൂടെ കടക്കാനും കഴിയുന്നു. സഞ്ചാരം എസ്കേപ്പ് പാതയിലൂടെ... പാമ്പാടുംചോല ദേശീയോദ്യാനത്തിൽ ചരിത്ര പ്രാധാന്യമുള്ള ഗ്രേറ്റ് എസ്‌കേപ്പ് റോഡ് ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസി ആസ്ഥാനത്ത് വിരോചിതമായി വാണിരുന്ന കാലം. 1942-ൽ മദിരാശിപട്ടണത്തിൽ ജപ്പാനിലെ നാവിക നൗകകൾ ബോംബ് വർഷിച്ചപ്പോൾ ബ്രിട്ടീഷുകാർ സമാന്തരമായി ഒരു റോഡ് നിർമിച്ചു. കൊച്ചിയിൽ എത്തിചേരുന്നതിനായി കൊടൈക്കനാലിലെ ബെറിജം എന്ന സ്ഥലത്തുനിന്ന് വട്ടവടയിലെ ടോപ്പ് സ്റ്റേഷൻ എന്ന സ്ഥലത്തേക്കാണ് റോഡ് നിർമിച്ചത്. എന്നാൽ, 1998-ൽ ഈ റോഡ് കടന്നുവരുന്ന ഭാഗം തമിഴ്നാട്ടിലെ കൊടൈക്കനാൽ സാങ്ച്ചറിയായി പ്രഖ്യാപിച്ചു. തമിഴ്നാട് അതിർത്തിയിൽ വനം വകുപ്പ് ചങ്ങല ഇട്ട് റോഡ് തടയുകയും ചെയ്തു. അന്നുമുതൽ ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെട്ടു. എന്നാൽ, ഇപ്പോൾ കേരള അതിർത്തിയിലെ ഈ പാതയിലെ ടൂറിസം സോണിൽകൂടി നടക്കാനുള്ള സൗകര്യമാണ് വനം വകുപ്പ് ഷോല നേച്ചർ വാക്ക് എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്. നിരക്ക് പാമ്പാടും ഷോല ദേശീയോദ്യാനത്തിൽ ഗ്രേറ്റ് എസ്കേപ്പ് റോഡിൽ കൂടി മഴവിൽ പാലം വാച്ച് ടവർ വരെ നടത്തുന്ന പകുതി ട്രക്കിങ്ങിന് ഇന്ത്യക്കാർക്ക് 150 രൂപയും ഫുൾ ട്രക്കിങ്ങിന് 300 രൂപയുമാണ് നിരക്ക്. വിദേശികൾക്ക് 700 രൂപയുമാണ് നിരക്ക്. ഫോൺ : 8547603199 ബുക്കിങ്ങിന്: ecotourism.forest.kerala.gov.in

പാമ്പാടുംചോലയിൽപ്രകൃതിയിലൂടെ... കുളിരണിഞ്ഞ് ഒരു നടത്തം
M
MathrubhumiSource Link
21 days ago