തൊടുപുഴ: സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമഗ്ര മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കി. പാമ്പുശല്യം തടയുന്നതുൾപ്പെടെ, അടിയന്തരസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കുന്നുണ്ട്. സ്‌കൂൾക്കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് നൽകണമെങ്കിൽ ആറ് വകുപ്പിന്റെ സർട്ടിഫിക്കറ്റും വേണം. To advertise here, ഇതുകൂടാതെ, സ്‌കൂൾ സേഫ്റ്റി മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധനയുമുണ്ട്. മുൻകരുതൽ നടപടിയെന്നനിലയിൽ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഡയറക്ടറേറ്റുകൾക്കും കൂടാതെ, അങ്കണവാടികൾക്കും ഇത് ബാധകമാണ്. പാമ്പിനെ അകറ്റാൻ സ്‌കൂളിന്റെ പരിസരങ്ങളിൽ പാമ്പ് വരാനുള്ള സാധ്യത കുറയ്ക്കാൻ ചുറ്റുപാടുകൾ വൃത്തിയാക്കി സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടം, മറ്റുമാലിന്യം എന്നിവ കുന്നുകൂടാൻ അനുവദിക്കരുത്. സ്‌കൂളിന്റെ ചുറ്റുമതിലും സ്‌കൂൾക്കെട്ടിടത്തിലെ വിടവുകൾ, പൊത്തുകൾ എന്നിവയും കൃത്യമായി പ്ലാസ്റ്റർചെയ്യണം. ക്ലാസ്മുറികൾക്കടുത്ത് തടിക്കഷണങ്ങൾ, വിറക്, ഇഷ്ടിക, നിർമാണവസ്തുകൾ തുടങ്ങിയവ സൂക്ഷിക്കരുത്. സ്‌കൂൾപരിസരത്തെ കുറ്റിക്കാട്, വളർന്നുനിൽക്കുന്ന പുല്ല് എന്നിവ കൃത്യമായ ഇടവേളകളിൽ വെട്ടണം. പ്രവൃത്തിസമയത്തിനുശേഷം സ്‌കൂളിലെ കതകുകളും ജനാലകളും കൃത്യമായി അടച്ചിടണം. കുട്ടികളുടെ ബാഗുകളും ഷൂസും ക്ലാസ്മുറിക്ക് പുറത്ത് സൂക്ഷിക്കരുത്. സ്വീകരിക്കേണ്ട മുൻകരുതലുകൾ പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെയും പാമ്പിനെ തിരിച്ചറിയുന്നതിനെയുംകുറിച്ച് ബോധവത്കരിക്കണം. അധ്യാപകരെയും വിദ്യാർഥികളെയും അധികൃതരെയും ഉൾപ്പെടുത്തി മോക്ഡ്രിൽ സംഘടിപ്പിക്കണം. പാമ്പുകടിയേറ്റാൽ നൽകേണ്ട അടിസ്ഥാന പ്രഥമശുശ്രൂഷയിൽ ജീവനക്കാർക്ക് പരിശീലനം നൽകണം. ആന്റി സ്‌നേക്ക് വെനം ലഭ്യതയുള്ള ഏറ്റവും അടുത്തുള്ള സർക്കാർ/സ്വകാര്യ ആശുപത്രികൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. ഇവയുടെ ലഭ്യത മുൻകൂട്ടി സ്ഥിരീകരിക്കുകയും പ്രാദേശിക ഡോക്ടർമാരുടെയും ആശുപത്രികളുടെയും ഫോൺ നമ്പറുകൾ കൈവശം വെക്കുകയും ചെയ്യണം. ആംബുലൻസ് സൗകര്യം, അത് ലഭ്യമാകുന്ന സ്ഥലം, ബന്ധപ്പെട്ട ഏജൻസിയുടെയോ ആശുപത്രിയുടെയോ മൊബൈൽ നമ്പർ എന്നിവ എച്ച്.എം./പ്രിൻസിപ്പലിന്റെ മുറിയിലും സ്‌കൂൾ ഓഫീസിലും പ്രദർശിപ്പിക്കണം. ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഉപയോഗിക്കാനാകുന്ന മറ്റു വാഹനങ്ങളുടെ വിവരങ്ങളും നമ്പറുകളും പ്രദർശിപ്പിക്കണം. സർപ്പ വൊളന്റിയർമാരുടെ സേവനം ഉറപ്പുവരുത്തണം. ആറ് വകുപ്പിന്റെ പരിശോധന നിർബന്ധം തദ്ദേശ സ്വയംഭരണ വകുപ്പ്(എൻജിനിയറിങ് വിഭാഗം), കെ.എസ്.ഇ.ബി., അഗ്‌നിരക്ഷാസേന, ആരോഗ്യവകുപ്പ്, വനംവകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവ അതത് മേഖലകളിൽ നേരിട്ട് പരിശോധിക്കും. കെട്ടിടങ്ങളുടെ ഉറപ്പ്, വയറിങ് സുരക്ഷ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ, ശുചിത്വം, കുടിവെള്ളലഭ്യത എന്നിവയും നിർബന്ധമായും പരിശോധിക്കണം. Content Highlights: Mandatory safety guidelines issued by the Kerala Health and Family Welfare Department for all schools., Six-department fitness certification required for school building operations., Comprehensive snake prevention strategies including site cleaning and structural maintenance. Published: 29 Mar 2026, 09:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാമ്പ് കയറാതെ നോക്കണം; സ്‌കൂൾക്കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് കിട്ടാൻ ഏഴ് കടമ്പ
M
MathrubhumiSource Link
about 1 month ago