കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെ എ.സി. യൂണിറ്റുകളുടെ തകരാർ പരിഹരിക്കൽ വൈകും. വർഷങ്ങൾക്കുമുൻപ് എ.സി.കൾ സ്ഥാപിച്ചതിലെ അപാകം പരിഹരിക്കാൻ സമയമെടുക്കുമെന്നതിനാലാണിത്. To advertise here, തകരാർ പരിഹരിക്കാത്തതിനാൽ കടുത്ത ചൂടിൽ രോഗികളും ജീവനക്കാരും വലയുകയാണ്. ചൂടിൽനിന്നു മോചനം നേടാൻ ഫാനുകളും മറ്റും താത്കാലികമായി വെച്ചിട്ടുണ്ടെങ്കിലും ആശ്വാസമാകുന്നതേയില്ല. വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച കേന്ദ്രീകൃതരീതിയിലുള്ള എ.സി. യൂണിറ്റുകളാണ് തീവ്രപരിചരണവിഭാഗത്തിലുള്ളത്. കൃത്യമായ അറ്റകുറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഇത് ഇടയ്ക്കിടെ തകരാറിലാകാറുണ്ട്. അടച്ചിട്ട, വായുസഞ്ചാരം കുറവായ മുറികളിലെ അത്യാസന്നനിലയിലുള്ള രോഗികളടക്കം ഇതുമൂലം ദുരിതത്തിലാണ്. 20 കിടക്കകളാണ് മെഡിസിൻ-സർജറി ഐ.സി.യു.വിൽ ഉള്ളത്. അത്യാഹിതവിഭാഗത്തിലെ ഐ.സി.യു.വിലെ എ.സി.യും കൃത്യമായി പ്രവർത്തിക്കാറില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയായിരുന്നു. കാരണമായത് എ.സി. സ്ഥാപിച്ചതിലെ അപാകം തീവ്രപരിചരണവിഭാഗം, ഡയഗ്‌നോസ്റ്റിക് യൂണിറ്റ്, ഒ.പി. യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയിടങ്ങളെയെല്ലാം ബന്ധിപ്പിച്ച് കേന്ദ്രീകൃത എ.സി. സംവിധാനമാണ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം വാർഷിക അറ്റകുറ്റപ്പണിക്ക് വലിയ തുകതന്നെ വേണ്ടിവരും. ഇത് കൃത്യമായി നടത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇ.എസ്.ഐ. കോർപ്പറേഷൻ നിർമിച്ച് സംസ്ഥാന സർക്കാരിനു കൈമാറിയ കെട്ടിടങ്ങളിലെ എ.സി. തകരാർ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ വകുപ്പിന് അറ്റകുറ്റപ്പണികൾ നിർവഹിക്കാനാകുമായിരുന്നില്ല. അതിനാൽ എ.സി. നിർമാണ കമ്പനിയെത്തന്നെ സമീപിച്ച് 12 ലക്ഷം രൂപ ചെലവിൽ താത്കാലികമായി തകരാറുകൾ പരിഹരിച്ചുവരികയാണ്. തകരാറുകൾ മുഴുവൻ കണ്ടെത്തി, പുതിയ അടങ്കൽ തയ്യാറാക്കി, തുടർനടപടികൾ എടുത്താലേ പ്രശ്നം പൂർണമായി പരിഹരിക്കാനാകൂവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. ഗോപകുമാർ പറഞ്ഞു. ലിഫ്റ്റ് തകരാറിൽ, ശൗചാലയങ്ങളിൽ കാൽകുത്താനാകില്ല ആശുപത്രിയിലെ ഡയഗ്‌നോസ്റ്റിക് യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പുരുഷൻമാരുടെ ശൗചാലയത്തിലേക്ക് കാലുകുത്താൻപോലും കഴിയില്ല. വാതിലുകളില്ലാത്ത, കയറാൻ അറയ്ക്കുന്ന തരത്തിൽ ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങളാണ് ഇവിടെയുള്ളത്. ഇതിനു തൊട്ടടുത്താണ് ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് തകരാറിലായതും പരിഹരിക്കപ്പെട്ടിട്ടില്ല. ശുചീകരണം കാര്യക്ഷമമല്ലെന്ന പരാതി രോഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കുന്നു. ആഹാരാവശിഷ്ടങ്ങൾ ശരിയായി നീക്കുന്നില്ല. തെരുവുനായ്ക്കൾ ആശുപത്രിക്കെട്ടിടങ്ങളുടെ വരാന്തകളിലും ഉള്ളിലും കയറിയിറങ്ങുകയാണ്. ഇവയെ പിടികൂടി മാറ്റാനും നടപടിയുണ്ടായിട്ടില്ല. ആശുപത്രിയിൽ പൂർണചുമതലയുള്ള സൂപ്രണ്ട് നിലവിൽ ഇല്ല. ഇത് ഭരണപരമായ കാര്യങ്ങൾക്ക് തടസ്സമുണ്ടാകുന്നതായി ജീവനക്കാർ പറയുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ എ.സി. തകരാർ പരിഹരിക്കൽ വൈകും
M
MathrubhumiSource Link
17 days ago