പാലാക്കാട്: ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിന് കേസെടുക്കാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. To advertise here, പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. വിവാദത്തിന് ആക്കം കൂട്ടിക്കൊണ്ട്, കോൺഗ്രസ് ചില ദൃശ്യങ്ങൾ പുറത്തുവിട്ടു. ഒരു വയോധികയ്ക്ക് വെള്ള ചുരിദാർ ധരിച്ച ഒരു യുവതി പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഈ യുവതി ബിജെപിയുടെ ദേശീയ നേതാവായ ശിവരാജ് സിങ് ചൗഹാൻ പാലക്കാട് പ്രചാരണത്തിന് വന്നപ്പോൾ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നുവെന്ന് പുതിയ ചിത്രങ്ങൾ തെളിയിക്കുന്നു. ഇതോടെ, പണം നൽകിയത് ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. അതേസമയം, മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനിയായ 65 വയസ്സുള്ള വയോധിക തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് ഫ്ലൈയിങ് സ്ക്വാഡിന് മൊഴി നൽകിയത്. എങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പോലീസ് വിഭാഗത്തിനും കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. Content Highlights: Election Commission orders probe into Palakkad cash-for-vote allegations against BJP candidate. Published: 08 Apr 2026, 06:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട് വോട്ടിന് കോഴ ആരോപണം: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു, കേസെടുക്കാൻ നിർദേശം
M
MathrubhumiSource Link
about 1 month ago