പാലക്കാട്: പാലക്കാട്ട് വോട്ടർമാർക്കിടയിൽ ബിജെപി പണം വിതരണംചെയ്തെന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്. To advertise here, വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇലക്ഷൻ ഫ്ലൈയിങ് സ്ക്വാഡും ടൗൺ സൗത്ത് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും വയോധികയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഉദ്യോഗസ്ഥർ ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വയോധികയ്ക്ക് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം വന്ന പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽവോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണവും മറ്റ് പാരിതോഷികങ്ങളും വിതരണം ചെയ്തുവെന്നായിരുന്നു ആരോപണം. ബിജെപിയുടേത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു. മരുന്ന് വാങ്ങാൻ താൻ പണം ചോദിച്ചെന്നും ബിജെപി സ്ഥാനാർഥി അത് നൽകിയെന്നും വയോധിക ആദ്യം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നാൽ, പിന്നീട് തന്റെ കയ്യിലുണ്ടായിരുന്നത് പെൻഷൻ തുകയാണെന്ന രീതിയിൽ ഇവർ മൊഴി മാറ്റി. കണ്ണാടിയിലെ പണമിടപാട് വിവാദത്തിന് പിന്നാലെ പിരായിരി മേഖലയിൽ സാരി വിതരണം ചെയ്തെന്ന പുതിയ ആരോപണവും ബിജെപിക്കെതിരെ ഉയർന്നിട്ടുണ്ട്. കല്ലേക്കാട് ഭാഗത്ത് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് സാരികൾ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ ആറാം തീയതി രാത്രി ഒമ്പതു മണിയോടെയാണ് ഈ വിതരണം നടന്നതെന്ന് ദൃശ്യങ്ങളിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, കണ്ണാടിയിലെ ഒരു ക്ഷേത്രത്തിന് ബിജെപി 50,000 രൂപ നൽകിയെന്നും വിജയിച്ചാൽ പത്ത് ലക്ഷം രൂപ പുനരുദ്ധാരണത്തിനായി നൽകാമെന്ന് വാഗ്ദാനം ചെയ്തതായും കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങളിൽ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ ഇല്ലെന്നും തനിക്കൊപ്പമുള്ള പ്രവർത്തകർക്ക് വയോധികയുമായി മുൻപരിചയമുണ്ടെന്നും ബിജെപി നേതൃത്വം പറയുന്നു. വീഡിയോ ചിത്രീകരിച്ച കോൺഗ്രസ് പ്രവർത്തകർ തന്നെയും കൂടെയുള്ളവരെയും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന നടപടികൾ ബിജെപിക്ക് നിർണായകമാകും. Content Highlights: Allegations of cash distribution to voters in Kannadi panchayat., Claims of saree distribution in Pirayiri and temple funding promises., Congress and LDF demand strict action from the Election Commission., BJP denies all allegations, citing political conspiracy., Election Flying Squad and police investigation currently underway. Published: 08 Apr 2026, 02:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട്ട് വോട്ടിന് പണം: തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് മേധാവിക്കും പരാതിനൽകി കോൺഗ്രസ്
M
MathrubhumiSource Link
about 1 month ago