കോലഞ്ചേരി : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയ്ക്കു സമീപം അഞ്ചേക്കറിലധികം വരുന്ന പുതുപ്പനം പാലക്കുന്ന് മലയിലെ തീപ്പിടിത്തം മൂന്നര മണിക്കൂറോളം നാടിനെ ഭീതിയിലാക്കി. മലയുടെ പടിഞ്ഞാറു ഭാഗത്തുള്ള പുതിയാമഠത്തിൽ ബെന്നിയുടെ സ്ഥലത്തിനു സമീപത്തുനിന്നും വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീ കണ്ടത്. അത് പെട്ടെന്നുതന്നെ പടർന്നു. To advertise here, കഴുന്നിലത്തിൽ ഡോ. ജോർജിന്റെ തരിശായിക്കിടന്ന സ്ഥലത്തെ വളപ്പയറിനും അടിക്കാടിനും തീപിടിച്ചതോടെ വളരെ പെട്ടെന്ന് കിഴക്കെ അറ്റത്ത് വാലയിൽ ബാബു, വിജയൻ, ഫാ. സ്ലീബ പോൾ വട്ടവേലി എന്നിവരുടെ വീടുകളുടെ തൊട്ടടുത്തുവരെ തീപടർന്നെത്തി. ഇതിനിടെ പട്ടിമറ്റം അഗ്നിരക്ഷാസേന എത്തിയെങ്കിലും റോഡിനു വീതിയില്ലാത്തതിനാൽ സ്ഥലത്തേക്കെത്താൻ ഏറെ ബുദ്ധിമുട്ടി. വീതി കുറഞ്ഞ റോഡിലൂടെ കുറച്ചു ദൂരമെത്തി നാട്ടുകാരുടെ സഹകരണത്തോടെ അഗ്നിരക്ഷാസേന തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും ഒരു യൂണിറ്റ് മതിയാകാതെ വന്നു. പിന്നീട് മുളന്തുരുത്തിയിൽ നിന്നുള്ള യൂണിറ്റും എത്തിയതോടെയാണ് രണ്ടരയോടെ തീ നിയന്ത്രണ വിധേയമായത്. റബ്ബർ, തെങ്ങ്, വാഴ, മാവ് തുടങ്ങിയ മരങ്ങൾക്കും വാട്ടം തട്ടി. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജോബി മാത്യു എന്നിവരുടെ നേതൃതത്തിൽ പട്ടിമറ്റം, മുളുന്തുരുത്തി എന്നീ നിലയങ്ങളിലെ സേനാംഗങ്ങളായ, രഞ്ജിത്ത്, വിജിത്ത് കുമാർ, ജെ.എം. ജയേഷ്, എ. അനു, സി.എസ്. അനിൽകുമാർ, യുജിൻ ജൂഡ്, സുനിൽകുമാർ രാമചന്ദ്രൻ എന്നിവരും നാട്ടുകാരും ചേർന്ന് വെള്ളം പമ്പ് ചെയ്തും, ഫയർ ബീറ്റ് ഉപയോഗിച്ചും തീയണച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റ് ഡീന ദീപക്, വാർഡ് മെംബർ അനു എൽദോസ് എന്നിവർ സംഭവസ്ഥലത്തെത്തി.
