കുടിവെള്ള സ്രോതസ്സുകൾ വറ്റി To advertise here, കിഴക്കഞ്ചേരി : കടുത്ത വേനലിൽ കിണറുകളും തോടും വറ്റിയതോടെ പാലക്കുഴിയിലെ കുന്നിൻപ്രദേശങ്ങളായ കൽക്കുഴി, പി.സി.എ. മേഖലകളിൽ കുടിവെള്ളക്ഷാമം. ഈ ഭാഗത്തെ കിണറുകൾ ഫെബ്രുവരി മാസത്തിൽതന്നെ വറ്റിയിരുന്നു. തോട്ടിൽ ഉറവ നിലനിന്നിരുന്ന കുഴികളായിരുന്നു തുടർന്നുള്ള ആശ്രയം. ഇതും വറ്റി. ഇടയ്ക്ക് പെയ്ത മഴ കുഴികളിലെ ഉറവ ശക്തിപ്പെടാനുള്ള അളവിലായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വേനൽക്കാലത്തേക്കായി ടാർപായ ഉപയോഗിച്ച് കുളങ്ങൾ നിർമിച്ച് സംഭരിച്ചിരുന്ന വെള്ളവും കഴിഞ്ഞു. കുന്നിറങ്ങിവന്ന്, താഴ്ഭാഗത്തുള്ള വീടുകളിലെ കിണറുകളിൽനിന്നാണ് നിലവിൽ വെള്ളം കൊണ്ടുപോകുന്നത്. താഴ്ഭാഗത്തെ കിണറുകളിലും വെള്ളം കുറയുന്നതിനാൽ ഇത് എത്രനാൾ തുടരാനാകുമെന്ന ആശങ്കയിലാണ് ഇവിടുത്തുകാർ. മംഗലംഡാം സമഗ്രകുടിവെള്ളപദ്ധതി യാഥാർഥ്യമാകുമ്പോൾ, പാലക്കുഴി മേഖലയിൽ വേനൽക്കാലത്തുള്ള കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നായിരുന്നു വാഗ്ദാനം. 2017-ൽ നിർമാണം ആരംഭിച്ച മംഗലംഡാം കുടിവെള്ളപദ്ധതി 2020-ൽ പൂർത്തിയാകുമെന്നായിരുന്നു വാഗ്ദാനം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജോലികൾ നിലച്ചിരിക്കുകയാണ്. പണി പുനരാരംഭിക്കാനാകുമെന്നതിൽ വ്യക്തതയില്ല. പാലക്കുഴിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാഹനത്തിൽ വെള്ളം എത്തിക്കാനുള്ള നടപടി ഗ്രാമപ്പഞ്ചായത്തധികൃതർ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഗ്രാമപ്പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ഗ്രാമപ്പഞ്ചായത്തംഗം റെൻസി ജോയ്‌സ് പറഞ്ഞു. Published: 27 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
