ഒരുവമ്മൽ തോടിനു കുറുകേ പാലമില്ല To advertise here, പ്രയോജനപ്പെടാതെ മൂത്തേടംപടി റോഡ് വെണ്ണിയോട് : ഗ്രാമപ്രദേശമായ മാടക്കുന്നിനെ കാവുംമന്ദവുമായി എളുപ്പം ബന്ധിപ്പിക്കാവുന്ന മൂത്തേടംപടി റോഡ് പൂർണതോതിൽ യാഥാർഥ്യമാവാൻ ഇപ്പോഴും കാത്തിരിക്കുകയാണ് നാട്ടുകാർ. മാടക്കുന്നിൽനിന്ന് ഒരുവമ്മൽ ഉന്നതിക്കു സമീപത്തുകൂടി കടന്നുപോകുന്ന റോഡാണ് നിർമാണം പൂർത്തിയാവാതെ പാതിവഴിയിൽ നിൽക്കുന്നത്. മാടക്കുന്നുമുതൽ ഏറെദൂരം റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ഒരുവമ്മൽ തോടിനു സമീപത്തുവെച്ച് നിർമാണം നിലച്ചു. ഇവിടെ റോഡിനായി മാറ്റിവെച്ച സ്ഥലം ഇപ്പോൾ കാടുമൂടിക്കിടക്കുകയാണ്. ഇവിടം കഴിഞ്ഞാൽ തോടിന് അപ്പുറത്താണ് റോഡുള്ളത്. തോടിനു കുറുകെയാണെങ്കിൽ പാലവുമില്ല. പാലം ഇല്ലാത്തതിനാലും തോടിനു സമീപത്തായി പകുതിഭാഗം നിർമാണം പൂർത്തിയാവാത്തതിനാലും റോഡ് നാട്ടുകാർക്ക് ഉപകാരപ്പെടാത്ത അവസ്ഥയുമായി. ഈ റോഡും പാലവും യാഥാർഥ്യമായാൽ മാടക്കുന്നിൽ എളുപ്പത്തിൽ കാവുംമന്ദത്തെത്താം. വാഹനങ്ങൾക്ക് പോകാനുള്ള വീതിയിലാണ് മൂത്തേടംപടി റോഡ് നിർമിച്ചിരിക്കുന്നത്. നിലച്ചുപോയ ഭാഗത്തുംകൂടി നിർമാണം പൂർത്തിയാക്കി പാലവും പണിതാൽമാത്രമേ വാഹനഗതാഗതവും നടത്താൻ സാധിക്കുകയുള്ളൂ. ഇപ്പോൾ കാവുംമന്ദത്തുനിന്ന് തോടിനു സമീപംവരെമാത്രമാണ് വാഹനങ്ങളെത്തുക. മാടക്കുന്നിലേക്ക് കാൽനടമാത്രമാണ് ആശ്രയം. ഇത് വലിയ പ്രയാസമാണെന്നും മഴക്കാലത്ത് തോട് നിറഞ്ഞാൽപ്പിന്നെ കാൽനടയാത്രപോലും സാധിക്കാതെ വരുമെന്നും ഒരുവമ്മൽ ഉന്നതിയിലെ പ്രിയ പറഞ്ഞു. ഇനിയെങ്കിലും റോഡും പാലവും യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചെക്ക്ഡാമും തകർന്നു തോടിനു കുറുകേ പാലമില്ലാത്തതിനാൽ ചെക്ക്ഡാമിനു മുകളിലൂടെയാണ് തോട് മുറിച്ചുകടക്കുന്നത്. വീതികുറഞ്ഞ ചെക്ക്ഡാമിനു മുകളിലൂടെ മഴക്കാലത്ത് നടന്നുപോകുന്നതും അപകടഭീഷണിയാണ്. കാലപ്പഴക്കംകാരണം ചെക്ക്ഡാമിന്റെ അടിഭാഗവും തകർന്നിരിക്കുകയാണിപ്പോൾ. കവുങ്ങ് മുറിച്ച് കഷണങ്ങളാക്കി ഉറപ്പിച്ചാണ് തോട്ടിലെ വെള്ളം തടഞ്ഞുനിർത്തുന്നത്. ചെക്ക്ഡാമിനെയടക്കം ആശ്രയിച്ചാണ് പ്രദേശത്തെ കൃഷി. കിണറുകളിൽ വെള്ളം നിലനിൽക്കുന്നതിനും ചെക്ക്ഡാം ഏറെ സഹായകമാവുന്നുണ്ടെന്നും തകർച്ച നേരിടുന്ന ചെക്ക്ഡാമും നന്നാക്കണമെന്ന് മാടക്കുന്ന് സ്വദേശി കെ.ജെ. സിറിയക് ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി, തരിയോട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മാടക്കുന്ന ഗ്രാമവും മൂത്തേടംപടി റോഡുമെല്ലാം സ്ഥിതിചെയ്യുന്നത്.

