നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമം To advertise here, മാന്നാർ : വർഷങ്ങൾനീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും വിരാമമിട്ട് മാന്നാർ പാവുക്കര മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ പുനർനിർമാണം അതിവേഗം പുരോഗമിക്കുന്നു. അപ്പർ കുട്ടനാടൻമേഖലയായ മാന്നാർ ഗ്രാമപ്പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ 1, 2, 3, 4 വാർഡുകളിലൂടെ കടന്നുപോകുന്ന ഈ ബണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമാകുന്നതോടെ നാട്ടുകാർ ഏറെ ആഹ്ലാദത്തിലാണ്. കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തിന്റെ ഏകാശ്രയമായ പാടശേഖരത്തിനു നടുവിലൂടെ കടന്നുപോകുന്നതാണ് മൂന്നുമീറ്റർ മാത്രം വീതിയുള്ള ഈ റോഡ്. ഇതിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളും കൂട്ടായ്മകളും നിരവധി പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു. കാൽനടയാത്രപോലും ദുഷ്കരമായ ഈ വഴിയിലൂടെ ഓട്ടോറിക്ഷകൾ വരാൻമടിച്ചതോടെ രോഗികളും വയോധികരും ഏറെ ബുദ്ധിമുട്ടിയിരുന്നു. നിരവധി ഭരണപരമായ പ്രതിസന്ധികൾക്കും കാലതാമസത്തിനുമൊടുവിലാണ് ഇപ്പോൾ റോഡിന്റെ പുനർനിർമാണം യാഥാർഥ്യമാകുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് രണ്ടുവർഷംമുൻപ് റോഡിനായനുവദിച്ചത്. അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ചെയർമാനായും കെ.എം. അശോകൻ കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ച് 2024 മാർച്ച് 12-ന് നിർമാണോദ്ഘാടനവും നടത്തി. എന്നാൽ, ആദ്യം കരാറേറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്‌ഷൻസ് പിന്നീട് പിന്മാറിയതോടെ നിർമാണം അനിശ്ചിതത്വത്തിലായി. തുടർന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണമേറ്റെടുക്കാൻ മുന്നോട്ടുവന്നത്. സൊസൈറ്റി 18 ശതമാനത്തിനു മുകളിലേക്ക് നിരക്കുയർത്തിയതിനാൽ ആദ്യഘട്ടത്തിൽ സാങ്കേതികക്കുരുക്കുകൾ നേരിട്ടു. ഉയർന്ന നിരക്കിന് അംഗീകാരം ലഭിക്കാതെവന്നതോടെ, പുതിയ ഷെഡ്യൂൾ നിരക്കിൽ എസ്റ്റിമേറ്റ് പരിഷ്കരിച്ച് 19,02,39,405 രൂപയ്ക്ക് പുതുതായി ടെൻഡർ അനുവദിച്ച് സർക്കാർ ഉത്തരവായതോടെയാണ് നിർമാണത്തിന് വീണ്ടും വഴിതെളിഞ്ഞത്. 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ബണ്ട് റോഡ് വീതികൂട്ടി ഇരുവശവും സംരക്ഷണഭിത്തികെട്ടി കോൺക്രീറ്റുചെയ്യാനാണ് നിലവിലെ കരാർ. നിർമാണം വേഗത്തിൽ പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
