വെള്ളിക്കീൽ ഇക്കോ ടൂറിസം വികസനം To advertise here, സഞ്ചാരികൾക്ക് തിരിച്ചടിയാകും നടപ്പാതയാക്കാൻ പാകിയ സിമന്റ് കട്ട നിലവാരം കുറഞ്ഞതെന്നും ആക്ഷേപം മൊറാഴ : ആന്തൂർ നഗരസഭയിൽ വിനോദസഞ്ചാരമേഖലയ്ക്ക് വൻ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന വെള്ളിക്കീൽ ഇക്കോടൂറിസം പദ്ധതി വികസനം പുരോഗമിക്കുന്നതിനിടയിൽ കല്ലുകടിയും. 2022-ലെ ബജറ്റിലാണ് ഇക്കോടൂറിസം വികസനത്തിന് എട്ട് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായുള്ള വിവിധ നടപടികൾ പൂർത്തിയാക്കാൻ മൂന്ന് വർഷമാണ് എടുത്തത്. കഴിഞ്ഞ മേയ് മാസത്തോടെയാണ് പദ്ധതിയുടെ വിവിധ നിർമാണങ്ങൾക്ക് തുടക്കമിട്ടത്. മൊറാഴ കുട്ടഞ്ചേരി മുതൽ വെള്ളിക്കീൽ വരെ മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കുന്ന തോട്ടിൻവരമ്പിലൂടെയുടെയുള്ള സൈക്കിൾയാത്രയാണ് പ്രധാന ആകർഷണം. പ്രവൃത്തിക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും വെള്ളിക്കീൽ ഇക്കോ പാർക്കിന്റെ റോഡരികിൽ നിർമിക്കുന്ന നടപ്പാതയാണ് ഇപ്പോൾ വിവാദം ഉയർത്തിയിട്ടുള്ളത്. ഇക്കോ പാർക്കിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തെ നടപ്പാത വികസനത്തിന് തടസ്സമാകുമെന്ന അഭിപ്രായം നിർമാണപ്രവർത്തനങ്ങളെയും ബാധിച്ചു. പാർക്കിലെ റോഡരികിൽ ഏതാണ്ട് ഒരു മീറ്ററിലധികം വീതിയിൽ നടപ്പാത ഒരുക്കിയാൽ പാർക്കിന്റെ സമീപത്തൊന്നും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകില്ല. ഇത് പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് തിരിച്ചടിയാകുമെന്നുള്ള ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. നടപ്പാത സിമന്റ് കട്ടകൾക്കിടയിൽ മണ്ണിട്ട് ഉയർത്തി ടൈൽ പാകിയാണ് ഒരുക്കുക എന്നാണ് പ്രതീക്ഷ. എന്നാൽ, നിലവിൽ നടപ്പാത നിർമിക്കാൻ സ്ഥാപിച്ച സിമന്റ്കട്ടകൾ നിലവാരം കുറഞ്ഞതാണെന്നാണ് നാട്ടുകാർ പറയുന്നത്. ചവിട്ടിയാൽ പോലും പൊടിഞ്ഞുപോകുന്നതായാണ് ആക്ഷേപം. എതിർപ്പുകൾ ഉയർന്നതോടെ തത്‌കാലം പ്രവൃത്തികൾ മെല്ലേപ്പോക്കിലായിട്ടുണ്ട്. നടപ്പാതയ്ക്കായി സ്ഥപ്പിച്ച കട്ടകൾ പല സ്ഥലത്തും ഇളകുകയും വാഹനങ്ങളും മറ്റും കയറ്റി തകർന്നും കിടക്കുകയാണ്. മലബാർ റിവർ ക്രൂയിസിന്റെ ഭാഗമായി വിനോദസഞ്ചാരമേഖലയുടെ ഹബ് ആക്കാനുള്ള നിരവധി നടപടികൾക്ക് ആന്തൂർ നഗരസഭയും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് നിലവിലെ വെള്ളിക്കീൽ ഇക്കോടൂറിസം പദ്ധതിയും വിപുലമായി വികസന പ്രവർത്തനങ്ങൾ നടത്തി വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും പ്രഖ്യാപിച്ചത്. പ്രകൃതിരമണീയമായ നിരവധി സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ട വെള്ളിക്കീലിൽ നിലവിൽ വിശാലമായ പാർക്ക് സൗകര്യമുണ്ടായിരുന്നു. എന്നാൽ എട്ടു വർഷം മുൻപാണ് പ്രകൃതിയുടെ വികൃതികൾക്കിടയിൽ അവയെല്ലാം നാശോന്മുഖമായത്. തുടർന്നാണ് ഇപ്പോൾ നവീകരണപാതയിലേക്ക് നീങ്ങുന്നത്. ലക്ഷ്യം എട്ടുകോടിയുടെ പദ്ധതി :വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി സമഗ്ര പദ്ധതിരേഖ തയ്യാറാക്കിയാണ് നിർമാണം തുടങ്ങിയത്. അതിനിടയിലാണ് ലക്ഷ്യത്തിന് വിരുദ്ധമായ നിർമാണങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുള്ളത്. സൈക്കിൾപാതയ്ക്ക് പുറമേ വെളിച്ചം വിതറാൻ നിരവധി വിളക്കുകളും കണ്ടൽക്കാടുകൾക്കിടയിലൂടെ ജലസഞ്ചാരം, ഗ്ലാസ് പാലം, കുട്ടികൾക്കുള്ള സാഹസിക പാർക്ക്, നടപ്പാതകൾ, തിയേറ്റർ, പെഡൽ ബോട്ടിങ്, ഫ്ലോട്ടിങ് ഭക്ഷണശാല തുടങ്ങി വിനോദ സഞ്ചാരികൾക്ക് ഹരംപകരുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പുഴയോര സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയാൽ വെള്ളിക്കീലും വരും നാളുകളിൽ വിനോദസഞ്ചാരഹബ്ബായി മാറുമെന്നുറപ്പാണ്.

പാർക്കിലെ പാർക്കിങ് മേഖല നടപ്പാതയാക്കാൻ ശ്രമം
M
MathrubhumiSource Link
19 days ago