തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിൽ നയപരമായ തീരുമാനവും നയലംഘനവും നടപ്പാക്കുന്നതിൽ തിരിച്ചടി നേരിട്ട് രണ്ടാംപിണറായി സർക്കാരിന്റെ പടിയിറക്കം. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി പി.എം.-ശ്രീ സ്‌കൂൾ നടപ്പാക്കാനുള്ള നീക്കത്തിൽനിന്നും സർക്കാരിനു പിന്തിരിയേണ്ടി വന്നു. ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത സ്‌കൂൾ ഏകീകരണം പൂർത്തിയാക്കാനും സർക്കാരിനായില്ല. To advertise here, ഒന്നുമുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള പ്രഖ്യാപിതലക്ഷ്യം പ്രതിപക്ഷ സംഘടനകളുടെ എതിർപ്പും ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയും കാരണം പാതിവഴിയിലായി. പി.എം.-ശ്രീ പദ്ധതി പൂട്ടിക്കെട്ടിയതാവട്ടെ, എൽ.ഡി.എഫിലെ എതിർപ്പിനെത്തുടർന്നും. സി.പി.ഐ. ശക്തമായി എതിർത്തതോടെ, ഒപ്പിട്ട പി.എം.-ശ്രീ കരാർ മരവിപ്പിക്കാനും തുടർനടപടി സ്വീകരിക്കാൻ മന്ത്രിതല ഉപസമിതി രൂപവത്കരിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. പി.എം.ശ്രീ-സ്‌കൂൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമാണെന്നും ഈ നയത്തെ ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായും എതിർക്കുന്നതാണെന്നുമായിരുന്നു സി.പി.ഐ. വാദം. പി.എം.-ശ്രീ നടപ്പാക്കാനുള്ള അനുനയ നീക്കത്തിന്റെ ഭാഗമായിരുന്നു ഏഴംഗ മന്ത്രിതല സമിതി. സി.പി.എമ്മിന്റെ നയവ്യതിയാനം വിമർശിക്കപ്പെട്ടതോടെ, അഞ്ചു മാസത്തിനിടെ ഒറ്റ യോഗം പോലും നടന്നില്ല. പി.എം.-ശ്രീ നടപ്പാക്കില്ലെന്ന് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയ്ക്കു (എസ്.എസ്.കെ.) തടഞ്ഞുവെച്ച പണം ലഭിക്കുമെന്നു കരുതിയാണ് കരാറിൽ ഒപ്പിട്ടതെന്നും കേന്ദ്രം വഞ്ചിച്ചെന്നുമാണ് മന്ത്രി പറഞ്ഞത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വന്ന ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിനെത്തുടർന്ന്, സ്‌കൂൾ ഏകീകരണത്തിന് ഓഫീസും ഘടനയും സ്‌കൂളിന് ഒരു മേധാവിയുമൊക്കെ നിശ്ചയിക്കപ്പെട്ടു. രണ്ടാം സർക്കാരിന്റെ കാലത്തെ റിപ്പോർട്ടിലാണ് അക്കാദമിക ഏകീകരണം നിർദേശിക്കപ്പെട്ടത്. ദേശീയ ഘടനയനുസരിച്ച് പ്രൈമറി, സെക്കൻഡറി എന്നീ മാറ്റം, ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിയായി ഏകീകരിക്കൽ, പഞ്ചായത്തു മുതൽ സംസ്ഥാനതലംവരെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ ശ്രേണി തുടങ്ങിയവ നിർദേശിക്കപ്പെട്ടു. ആയിരത്തോളം പുതിയ തസ്തികകൾക്കു പുറമേ, അധ്യാപക വിന്യാസത്തിലും പരിഷ്‌കാരത്തിന് ശുപാർശ ചെയ്തു. അക്കാദമിക-ഉദ്യോഗസ്ഥതല പരിഷ്‌കാരത്തിന് കരടുചട്ടം ഉൾപ്പെടെ തയ്യാറായെങ്കിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ധനവകുപ്പിലും ഉടക്കി തീരുമാനം നടപ്പായില്ല. ഏകീകരണം നടപ്പാക്കിയാൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷസംഘടനകളും ഭീഷണിപ്പെടുത്തി. Content Highlights: Government abandons PM-SHRI scheme following CPI and LDF internal opposition., Khader Committee recommendations for school unification failed to materialize., Administrative and financial hurdles stalled the 1-12 grade integration., Minister V. Sivankutty cited betrayal by the central government regarding SSK funds. Published: 18 Mar 2026, 04:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിഎം-ശ്രീ പൂട്ടിക്കെട്ടി, സ്‌കൂൾ ഏകീകരണം പാളി; രണ്ടു തിരിച്ചടികളുമായി സർക്കാരിന്റെ പടിയിറക്കം
M
MathrubhumiSource Link
about 2 months ago