പിണറായി പ്രിയങ്കരൻ; സുധാകരന്റെ ‘തന്ത്രം’ വലയ്ക്കുന്നു, കോൺഗ്രസ് ഒരു വർഷം മുൻപേ തുടങ്ങിയ നീക്കം

പിണറായി പ്രിയങ്കരൻ; സുധാകരന്റെ ‘തന്ത്രം’ വലയ്ക്കുന്നു, കോൺഗ്രസ് ഒരു വർഷം മുൻപേ തുടങ്ങിയ നീക്കം

M
MathrubhumiSource Link
ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുൻമന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ കോൺഗ്രസിൽ അസ്വസ്ഥത. പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നു പറഞ്ഞതാണ് അവരെ ചൊടിപ്പിച്ചത്. To advertise here, ജില്ലയിലെ നേതാക്കൾ കെ.പി.സി.സി.യെയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിട്ടുണ്ട്. ഈ നിലപാടുള്ളയാളെ എന്തിനു പിന്തുണയ്ക്കണമെന്നാണു ചോദ്യം. എന്നാൽ, ഈ പരാമർശം അടിസ്ഥാനമാക്കി വിഷയം വഷളാക്കേണ്ടെന്നാണ് നേതൃത്വത്തിൽ നിന്നു ലഭിച്ചിരിക്കുന്ന സന്ദേശം. സുധാകരനെ പിന്തുണക്കേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ നിലപാട് തന്ത്രപരമായി മാത്രം കണ്ടാൽ മതിയെന്നുമാണ് നിർദേശം. വിട്ടുപോന്ന പാർട്ടിയിൽനിന്ന് വോട്ടു ലഭിക്കാനുള്ള നീക്കമായി ഇതിനെ കണ്ടാൽ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അണികളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും നേതൃത്വം വിശ്വസിക്കുന്നു. അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഏറ്റവും സാധ്യത കല്പിച്ചിരുന്നത് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂറിനാണ്. അമ്പലപ്പുഴ ഇല്ലെങ്കിൽ വേറെ സീറ്റു വേണ്ടെന്നും ഒരു ഘട്ടത്തിൽ അദ്ദേഹം നിലപാടെടുത്തു. എന്നാൽ, സുധാകരനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചാൽ അതു മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥിരം തോൽക്കുന്നവർക്കായി തന്നെ ഒഴിവാക്കിയാൽ ചിലതൊക്കെ പറയേണ്ടിവരുമെന്ന് ഷുക്കൂർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒരു നേതാവിനെ ഉദ്ദേശിച്ചാണ് ഈ പരാമർശം. 2011 മുതൽ ഈ നേതാവിനു വേണ്ടി തന്നെ ഒഴിവാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഈ സാഹചര്യത്തിൽ, ഷുക്കൂറിനെ ആലപ്പുഴയിലോ അരൂരിലോ പരിഗണിച്ചേക്കും. എന്നാൽ, അരൂരിൽ ഷാനിമോൾ ഉസ്മാന്റെ പേരാണ് ആദ്യം മുതൽ കേൾക്കുന്നത്. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ആലപ്പുഴയിൽ ലത്തീൻ വിഭാഗത്തിലെ ഒരു നേതാവിനെയാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ, അമ്പലപ്പുഴയിലെ സാഹചര്യം മാറിയതിനാൽ ഈ പതിവു തെറ്റിച്ചേക്കും. ഷൂക്കൂറും ഷാനിമോളും രണ്ടിടത്തു മത്സരിച്ചാൽ സാമുദായിക സമവാക്യങ്ങൾ തെറ്റുമോയെന്ന ആശങ്കയുമുണ്ട്. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം. ലിജു അമ്പലപ്പുഴ ലക്ഷ്യമിട്ട് ഏറെ നാളായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തെ തൃപ്പൂണിത്തുറയിലേക്കു മാറ്റിയേക്കും. ഡി.സി.സി. പ്രസിഡന്റ് ബി. ബാബു പ്രസാദിനും അമ്പലപ്പുഴ താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തെ കായംകുളത്തു പരിഗണിച്ചേക്കും. കെ.സി. വേണുഗോപാൽ ശനിയാഴ്ച ജില്ലയിലെത്തുന്നുണ്ട്. സ്ഥാനാർഥിത്വം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകളുണ്ടാകും. ജി. സുധാകരനെ പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുൻപേ ശ്രമം തുടങ്ങി മുൻമന്ത്രി ജി. സുധാകരനെ സി.പി.എമ്മിൽ നിന്നു പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുൻപേ നീക്കം തുടങ്ങിയതായി സൂചന. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരാണു ചുക്കാൻ പിടിച്ചത്. കഴിഞ്ഞവർഷം വിവിധ കോൺഗ്രസ് സംഘടനകളുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു. കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രണ്ടു ചടങ്ങുകളിലാണ്. കെ.പി.സി.സി. മാർച്ച് 12-ന് തിരുവനന്തപുരത്തു സംഘടിപ്പിച്ച ശ്രീനാരായണ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി സെമിനാറിൽ അദ്ദേഹം പങ്കെടുത്തു. അതിനെതിരേ സി.പി.എം. കേന്ദ്രങ്ങളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. ‘കെ.പി.സി.സി.യുടെ പരിപാടിക്കിറങ്ങുമ്പോൾ സാർ വീട്ടിലെ ചുമരിലേക്കു തിരിഞ്ഞുനോക്കണമായിരുന്നു. അവിടെ മാലയിട്ട് തൂക്കിയ ഒരു ഫോട്ടോ കാണാം. സഖാവ് ജി. ഭുവനേശ്വരന്റേത്. കോൺഗ്രസ് കുട്ടിക്രിമിനൽ സംഘം തലങ്ങുംവിലങ്ങും വെട്ടിക്കൊലപ്പെടുത്തിയതാണു സാർ’ -എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഒന്ന്. ഇതിൽ ക്ഷുഭിതനായ സുധാകരൻ സൈബർസംഘത്തെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ വേദിയിൽ പോകാതെ കൂട്ടിലടച്ചിരിക്കണോയെന്നും ചോദിച്ചു. രണ്ടാമത്തേത് ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള അവാർഡ് സുധാകരന് വി.ഡി. സതീശൻ സമ്മാനിക്കുന്നതായിരുന്നു. 2025 ഒക്ടോബർ 31-ന് തിരുവനന്തപുരത്തായിരുന്നു പരിപാടി. സുധാകരൻ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്നു മാത്രമല്ല ഏറ്റവും നല്ല പൊതുമരാമത്തു മന്ത്രിയായിരുന്നെന്നും സതീശൻ അന്നു പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇങ്ങനെ വേറൊരാളില്ലെന്നും പ്രശംസിച്ചു. മറുപടിയായി, പ്രതിപക്ഷത്തെ പ്രഗല്ഭനായ നേതാവാണ് സതീശനെന്നും കമ്യൂണിസ്റ്റുവിരുദ്ധത ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക്കില്ലെന്നും സുധാകരനും പുകഴ്ത്തി. കെ.പി.സി.സി.യുടെ പബ്ലിക്കേഷൻ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലേക്കും സുധാകരനെ ക്ഷണിച്ചു. കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു അത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാംപെയ്‌ന് അനുകൂലമായി സുധാകരൻ ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു. കോൺഗ്രസിന്റെ നീക്കങ്ങളെക്കുറിച്ച് ജില്ലയിലെ സി.പി.എമ്മിനും അറിവു ലഭിച്ചിരുന്നു. എന്നാൽ, രക്തസാക്ഷി കുടുംബാംഗമായ അദ്ദേഹം പാർട്ടിവിടുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. ജി. സുധാകരനെതിരേ ജന്മനാട്ടിൽ സി.പി.എം. പ്രകടനം ജി. സുധാകരൻ സി.പി.എം.വിട്ട് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്നു പ്രസ്താവിച്ചതിനു പിന്നാലെ ജന്മനാടായ ചാരുംമൂട്ടിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജി. സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലേക്കായിരുന്നു പ്രകടനം. ജി. സുധാകരൻ അനുകൂലികൾ ചാരുംമൂട്ടിൽ യോഗം ചേർന്നു ജി. സുധാകരൻ സി.പി.എം. വിട്ടതിനു പിന്നാലെ ചാരുംമൂട്ടിലെ ജി. സുധാകരൻ അനുകൂലികൾ യോഗം ചേർന്നു. നൂറനാട് പഞ്ചായത്തിലെ സി.പി.എം. ചാരുംമൂട് ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഏരിയ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി അറിയുന്നു. കൂടാതെ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളും യുവജന സംഘടനാ നേതൃത്വത്തിലുള്ളവരും പങ്കെടുത്തു. ചാരുംമൂട്ടിൽ സി.പി.എം. നടത്തിയ പ്രകടനത്തിൽ ജി. സുധാകരനെ പരസ്യമായി ആക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചതിനെ യോഗം അപലപിച്ചു. പാർട്ടിയെ കൂടുതൽ ഒറ്റപ്പെടുത്തുന്ന സമീപനം കൈക്കൊള്ളരുതെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. തിരഞ്ഞെടുപ്പിനു മുൻപായി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജി. സുധാകരനോടൊപ്പം പ്രചാരണത്തിനിറങ്ങാനും തീരുമാനിച്ചു. രഹസ്യയോഗം നടന്നുവെന്നത് അടിസ്ഥാനരഹിതം : സി.പി.എം. ബന്ധം ഉപേക്ഷിച്ച ജി. സുധാകരനൊപ്പം ചാരുംമൂട് ഏരിയയിൽനിന്നുള്ള ഒരു പാർട്ടി അംഗം പോലും പോയിട്ടില്ലെന്ന് ഏരിയ സെക്രട്ടറി ബി. ബിനു അറിയിച്ചു. ജി. സുധാകരനുവേണ്ടി രഹസ്യയോഗം നടന്നുവെന്നത് അടിസ്ഥാനരഹിതമാണ്. ജി. സുധാകരന്റെ പത്രസമ്മേളനത്തെത്തുടർന്ന് ചാരുംമൂട്ടിലെ ആയിരക്കണക്കിനു പാർട്ടിക്കാർ പ്രകടനമായി ഭുവനേശ്വരന്റെ സ്മൃതിമണ്ഡപത്തിലേക്ക് എത്തിച്ചേരുകയാണ് ഉണ്ടായത്. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നടത്തുന്ന വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജി. സുധാകരനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉയർന്നത്. വർഗവഞ്ചനയ്ക്കു മാപ്പില്ല എന്നെഴുതിയ ബാനറിനു പിറകിലാണ് പ്രവർത്തകർ അണിനിരന്നത്. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. ഏരിയ കമ്മിറ്റി ഓഫീസിൽനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ജി. ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപം സ്ഥിതിചെയ്യുന്ന കരിമുളയ്ക്കലാണ് സമാപിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവൻ, ജില്ലാ കമ്മിറ്റിയംഗം ജി. രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു തുടങ്ങിയവർ നേതൃത്വം നൽകി. ചുവന്ന കൊടി പിടിച്ചാൽ ആരും കമ്യൂണിസ്റ്റ് ആകില്ല- ജി. സുധാകരൻ ചുവന്ന കൊടി പിടിച്ചാൽ ആരും കമ്യൂണിസ്റ്റ് ആകില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ. എച്ച്. സലാം എം.എൽ.എയെ കമ്യൂണിസ്റ്റായി അംഗീകരിക്കില്ല. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത് മറ്റുള്ളവർ ലംഘിച്ചു. പാർട്ടിക്കെതിരേ താൻ ഒരുവാക്കും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. ഭുവനേശ്വരൻ മെമ്മോറിയൽ ആലപ്പി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ടീമിനുള്ള ട്രോഫി നൽകിയ ശേഷം വീട്ടിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർഥിയായാണ്. തനിക്ക് സൈബർ സേനയില്ല. താൻ ആരേക്കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ല. എന്നെ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ നിലപാട് കാരണമാണ് വോട്ട് കുറയുന്നത്. തന്‍റെ രോഗം നേരത്തേ അറിയാമായിരുന്നു എന്നാണ് പറയുന്നത്. എച്ച്. സലാം, ആർ. നാസർ, മന്ത്രി സജി ചെറിയാൻ എന്നിവരാണ് പ്രകോപനത്തിന് നേതൃത്വം നൽകുന്നത്. നാലാമത് ഒരാളില്ല. ഭുവനേശ്വരനെക്കുറിച്ച് ആരും സംസാരിക്കേണ്ടാ. അതിനുള്ള അർഹത തനിക്കു മാത്രമാണ്. ചെങ്ങന്നൂരിൽ സി.പി.എം. ബി.ജെപി.യുമായി രഹസ്യ ധാരണയുണ്ടാക്കി അഞ്ചു പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് അധ്യക്ഷന്മാരുണ്ടായി. ഇതൊന്നും അധികകാലം നടക്കില്ല. തനിക്കെതിരായ പ്രകടനങ്ങൾ നടത്തിക്കോട്ടെ. പാർട്ടി നയത്തിന് എതിരായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരേയാണ് താൻ പ്രവർത്തിക്കുന്നത്. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുന്നത് നിങ്ങൾക്കു തടയാമെങ്കിൽ തടഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം -ബി.ജെ.പി. എസ്.ഡി.പി.ഐ.യുടെ വളർച്ചയെക്കുറിച്ച് മുൻമന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമെന്ന് ബി.ജെ.പി. മേഖലാ പ്രസിഡന്റ് എൻ. ഹരി. ആലപ്പുഴയിൽ ദേശവിരുദ്ധശക്തികൾ കരുത്താർജിക്കുന്നുവെന്ന് ഉദാഹരണസഹിതം ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. രഞ്ജിത് ശ്രീനിവാസന്റെ നിഷ്ഠുര കൊലപാതകം മുതൽ നിരവധി സംഭവപരമ്പരകളാണ് അരങ്ങേറിയത്. പാർട്ടിയോടു ലാൽസലാം പറയുമ്പോഴെങ്കിലും ആലപ്പുഴയെ കാർന്നുതിന്നുന്ന മതഭീകരസംഘടനയെക്കുറിച്ച് മുന്നറിയിപ്പു നൽകാൻ സഖാവ് സുധാകരൻ തയ്യാറായത് സ്വാഗതാർഹമാണ്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായി പ്രിയങ്കരൻ; സുധാകരന്റെ ‘തന്ത്രം’ വലയ്ക്കുന്നു, കോൺഗ… | Boolokam