ന്യൂസ് ഡെസ്ക് Last Updated: 24 March 2026, 04:48 PM IST വി.ഡി സതീശന്‍ | ഫോട്ടോ: മാതൃഭൂമി പെരുമ്പാവൂർ: മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല. ഓൾ ഇന്ത്യ റേഡിയോയായാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിൽ അല്ല, തെരുവിൽ ഇറങ്ങി ജനങ്ങൾ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കുമെന്നും അദ്ദേഹം പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കാലിബി എന്ന് പറയുന്ന പിണറായി വിജയനല്ലേ ആർ.എസ്.എസ് പിന്തുണയിൽ എം.എൽ.എയായത്. ഏറ്റുമാനൂരിലും തൃപ്പൂണിത്തുറയിൽ സി.പി.എം- ബി.ജെ.പി ഡീലുണ്ട്. ഇത്തവണത്തെ ഡീൽ യു.ഡി.എഫ് പൊളിച്ചടുക്കും. സി.പി.എം നേതാക്കളുടെ നാവിൽ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകൾ ശുചീകരിക്കാൻ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും. പിണറായി വിജയൻ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്. മോഹൻലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയൻ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സി.പി.എമ്മുകാർ മാറിയെന്നും സതീശൻ ആരോപിച്ചു. To advertise here, മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല. ഓൾ ഇന്ത്യ റേഡിയോയാണ്. ഇന്നലെ ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിൽ അല്ല, തെരുവിൽ ഇറങ്ങി ജനങ്ങൾ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. നിങ്ങളെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. ഡീൽ എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പ്രകോപിതനായി. പാലക്കാടിനെയും കോന്നിയെയും റാന്നിയെയും കുറിച്ചാണ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് പിടിച്ച ഏറ്റുമാനൂരിൽ ഇത്തവണ 20 ട്വന്റിയാണ് സ്ഥാനാർത്ഥി. തൃപ്പൂണിത്തുറയിൽ ബി.ജെ.പി 23000 വോട്ട് പിടിക്കുകയും മുൻസിപ്പാലിറ്റി പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല. 20 ട്വന്റിയാണ് സ്ഥാനാർത്ഥി. ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്തി. പക്ഷെ പാർട്ടിക്കുള്ളിൽ കലാപമാണ്. ആറന്മുളയിലും ഘടകക്ഷിക്ക് കൊടുക്കുന്നതിന് എതിരെ കലാപം ഉണ്ടായപ്പോഴാണ് കുമ്മനത്തിന് സീറ്റ് നൽകിയത്. കാസർകോടും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉൾപ്പെടെ നിരവധി സീറ്റുകളിൽ ഡീൽ ആണ്. മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്? കോലിബി എന്ന് പറയുന്ന അതേ മുഖ്യമന്ത്രിയല്ലേ 1977-ൽ ആർ.എസ്.എസ് പിന്തുണയിൽ എം.എൽ.എയായി വിജയിച്ചത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ രഹസ്യചർച്ച നടത്തിയത് പിണറായി വിജയനാണ്. അല്ലാതെ വി.ഡി സതീശനല്ല. എ.ഡി.ജി.പി അജിത് കുമാർ എന്തിനാണ് ആർ.എസ്.എസ് നേതാവിനെ കാണാൻ പോയത്. എല്ലാം പരസ്യമായ രഹസ്യമാണ്. ഇത്തവണത്തെ ഡീൽ യു.ഡി.എഫ് പൊളിച്ചടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോൾ ഐസക്കിന്റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതിച്ചിരിക്കുകയാണ്. സിനിമയിൽ ഹാസ്യ വേഷം ചെയ്തു എന്നതിന്റെ പേരിൽ ഒരു കലാകാരനെ കോമാളിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ.് ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്. ഭാഷയിലും സാംസ്‌കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവിൽ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകൾ ശുചീകരിക്കാൻ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും. ഇതെല്ലാം അടിച്ചുവാരി തുടയ്ക്കാൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും? രാഷ്ട്രീയക്കാരെ കുറിച്ച് നാട്ടുകാർക്ക് പുച്ഛമുണ്ടാകും. എത്രയോ മനോഹരമായ വാക്കുകളുള്ള മലയാള ഭാഷയിൽ നിന്നു കൊണ്ടാണ് ഇത്രയും വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നത്. ഞങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി സാധാരണക്കാരെ ചേർത്ത് പിടിക്കുന്ന അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു. നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. അതാണ് രക്ഷാ പ്രവർത്തനം. അല്ലാതെ ചെടിച്ചട്ടി കൊണ്ടും സെക്യൂരിറ്റി ഗാർഡിന്റെ വടി കൊണ്ടും ചെറുപ്പക്കാരെ തല്ലിച്ചതയ്ക്കുന്നതല്ല രക്ഷാപ്രവർത്തനം. അത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. സി.പി.എം വിട്ടുവരുന്നവരെ സ്വീകരിക്കുന്നതിലാണ് വിഷമം. സി.പി.എം വിടുന്നവരെ കൊല്ലുന്നതായിരുന്നു സി.പി.എമ്മിന്റെ പരിപാടി. 52 വെട്ടുവെട്ടി കൊന്ന ടി.പി ചന്ദ്രശേഖരന്റെ ഓർമ്മ കേരളത്തിന്റെ മനസിൽ നിന്നും മാറിയിട്ടില്ല. ഞങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ തയാറായവരെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. നാട് മുഴുവൻ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ട്. പിണറായി വിജയൻ സ്വയം കണ്ണാടി നോക്കിയാൽ മതി. പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് നൽകാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം കണ്ണാടിയിൽ കാണാം. കൊല്ലം എം.എൽ.എയ്ക്ക് എതിരെ ആക്ഷേപം വന്നിട്ടും ഒരു നടപടിയും എടുക്കാത്ത പിണറായി വിജയന്റെ മുഖവും കണ്ണാടിയിൽ കാണാം. തിരഞ്ഞു നോക്കിയാൽ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങളിലൊക്കെ കാർക്കശ്യം നിറഞ്ഞ നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെയും കാണാം. കേരള രാഷ്ട്രീയത്തിൽ ഒരാളും എടുക്കാത്ത കാർക്കശ്യം നിറഞ്ഞ നിലപാടാണ് ചങ്ക്പൊട്ടിക്കൊണ്ട് സ്വീകരിച്ചത്. 2013-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടായപ്പോൾ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഗണേഷിനെ പുറത്താത്തണമെന്ന് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി രാജി എഴുതിവാങ്ങി. ഇപ്പോൾ അതിനേക്കാൾ രൂക്ഷമായ പ്രശ്നം ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോൾ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കുടുംബപ്രശ്നമാണെന്നുമാണ് ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ പറയുന്നത്. 2013 ഉം 2026 ഉം കൂട്ടിവച്ചിട്ട് പിണറായി വിജയൻ ഒന്ന് കണ്ണാടി നോക്കണം. മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്. വൃത്തികേടും തോന്ന്യാസവും കാണിക്കുന്നവർക്കൊപ്പവും അയ്യപ്പന്റെ സ്വർണം കക്കുന്നവർക്കും ഒപ്പമാണ്. നിങ്ങൾ സ്ത്രീകളെ അപമാനിച്ചവർക്കൊപ്പമാണ്. കണ്ണാടി നോക്കിയാൽ നിങ്ങൾ വൃത്തികെട്ടവൻമാർക്കൊപ്പമാണെന്ന് മനസിലാകും. മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പതിനൊന്നേകാൽ ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്. കഴിഞ്ഞ ആറു മാസമായി ആയിരക്കണക്കിന് കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്. പി.ആർ.ഡി സ്ഥാപിച്ച ഹോൾഡിംഗുകളാണ് ഇപ്പോൾ സി.പി.എമ്മിന്റെ ഹോൾഡിംഗുകളായി മാറിയത്. സർക്കാർ ചെലവിൽ എല്ലാ പരസ്യങ്ങളും നൽകുകയാണ്. ഒരു സർക്കാരും ചെയ്യാത്ത രീതിയിലാണ് നികുതി പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മോഹൻലാലുമായി മുഖ്യമന്ത്രി നടത്തിയ സംഭാഷണത്തെ പ്രതിപക്ഷം വിമർശിച്ചില്ല. പക്ഷെ അതൊക്കെ നാട്ടുകാരുടെ ചെലവിൽ വേണ്ട. ആ പണം പിണറായി വിജയൻ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. എത്രയോ മനോഹരമായ വാക്കുകൾ ഉണ്ടായിട്ടും ചെറ്റത്തരം കാണിച്ചു എന്നാണ് പറഞ്ഞത്. അതിന് ജി സുധാകരൻ മറുപടിയും നൽകിയിട്ടുണ്ട്. ചെറ്റ എന്നാൽ പാവങ്ങൾ ജീവിക്കുന്ന കുടിൽ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇവർ കമ്മ്യൂണിസ്റ്റാണെന്ന് വെറുതെ പറയുന്നതാണ്. ഉള്ളിൽ മുതലാളിത്ത മനോഭാവമാണ്. എനിക്കൊരു ചോദ്യമുണ്ടെന്ന് പറയുമ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയുകയാണ്. ഒരു ചോദ്യവും പാടില്ലെന്നാണ് പറയുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ. അതൊക്കെ പിണറായി കയ്യിൽ വച്ചാൽ മതി. ഞങ്ങളുടെ അടുത്ത് ഓടില്ല. പാലക്കാട്ടെ സ്ഥാനാർത്ഥിയായി അവർക്ക് ആരെ വേണമെങ്കിലും നിർത്താം. ബിസിനസുകാരനും രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്തതുമായ സ്ഥാനാർത്ഥിയെ നിർത്തിയത്. രമേഷ് പിഷാരടി കഴിഞ്ഞ ഒരു ദശാബ്ദമായി കോൺഗ്രസിന്റെ എല്ലാ വേദികളിലും എത്തുന്ന, കോൺഗ്രസുകാരനെന്ന് അഭിമാനത്തോടെ പറയുന്ന ചലച്ചിത്ര പ്രവർത്തകനാണ്. എന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉൾപ്പെടെ അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹത്തെ കോമളിയെന്ന് വിളിച്ച സി.പി.എം നേതാക്കൾ അധഃപതിച്ചു. അവരുടെയൊക്കെ ഉള്ളിൽ ധാർഷ്ഠ്യവും ധിക്കാരവുമാണ്. ലത്തീൻ സഭയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വർഗീയത പറയുന്നവർ യു.ഡി.എഫിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ വരേണ്ടെന്ന് പുതുയുഗയാത്രയിൽ എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. ലത്തീൻ സഭ വർഗീയത പറയുന്നവരാണെന്ന് പറഞ്ഞിട്ടില്ല. ലത്തീൻ സഭ ഒരിക്കലും വർഗീയത പറഞ്ഞിട്ടില്ല. കൊച്ചിയിൽ പ്രസംഗിച്ചതിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ചില ചാനലുകൾ ലത്തീൻ സഭയ്ക്ക് എതിരാക്കിയതാണ്. നൂറിലധികം സ്റ്റേജുകളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ലത്തീൻ സഭ വർഗീയത പറയുന്നവരല്ല. വർഗീയത ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നവരാണ്. അതിന് അവരെ ഞങ്ങൾ അഭിനന്ദിക്കാറുമുണ്ട്. വർഗീയത പറയുന്നവർ കേരളത്തിലുണ്ട്. അത്തരക്കാർക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും. മൂന്നാമത്തെ സ്ഥാനത്ത് വരുന്നവർ സതീശനെ തോൽപിക്കാൻ രണ്ടാം സ്ഥാനത്ത് വരുന്നവർക്ക് വോട്ട് മറിച്ചു കൊടുക്കണമെന്നാണ് ബി.ജെ.പി നേതാവ് പ്രസംഗിച്ചത്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വർഗീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്നതു കൊണ്ട് എനിക്കെതിരെ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുണ്ട്. അതിനെ ലത്തീൻ സഭയുമായി കൂട്ടിക്കെട്ടേണ്ട. ഒരു വർഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത സമുദായ സൗഹാർദ്ദത്തിനു വേണ്ടി വേണ്ടി പ്രവർത്തിക്കുന്നവരാണ് ലത്തീൻ സഭ. സഹകരണ ബാങ്കുകളിൽ മുഴുവൻ കൊള്ളയാണ്. അടൂരിൽ മുൻ എം.എൽ.എയുടെ ഭാര്യയാണ് രാജിവച്ചു പോയത്. കട്ടവന് എതിരെ ഒരു നടപടിയും ഇല്ല. ചൂണ്ടിക്കാണിച്ചവരെ പുറത്താക്കാൻ ശ്രമിക്കുകയാണ്. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരാണ് സി.പി.എമ്മുകാർ. അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റുന്നവർക്ക് എന്ത് ബാങ്ക്. Content Highlights: Allegations of secret electoral deals between CPM and BJP in multiple constituencies., Criticism of Pinarayi Vijayan's use of derogatory language and dictatorial style., Demand for reimbursement of public funds spent on the Mohanlal interview., Strong stance against political corruption and the protection of accused party members., Defense of UDF's secular values and rejection of communal politics. Published: 24 Mar 2026, 04:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിണറായി വിജയൻ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്- വിഡി സതീശൻ
M
MathrubhumiSource Link
about 2 months ago