തിരുവനന്തപുരം: വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തിന്റെപേരിൽ യു.ഡി.എഫിനെ പ്രതിക്കൂട്ടിൽനിർത്തിയ എൽ.ഡി.എഫ്., ഇപ്പോൾ എസ്.ഡി.പി.ഐ.യുമായി രഹസ്യസഖ്യത്തിലാണെന്ന ആരോപണത്തിനുമുന്നിൽ മൗനംപാലിക്കുന്നു. നേമത്ത് എൽ.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എസ്.ഡി.പി.ഐ. വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാവോട്ടും സ്വീകരിക്കുമെന്ന് നേമത്തെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ വി. ശിവൻകുട്ടി പ്രതികരിക്കുകയും ചെയ്തു. പരസ്യപ്രഖ്യാപനമില്ലാതെ ഒരു പ്രധാനപാർട്ടിയെ പിന്തുണയ്ക്കാനാണ് ആലോചിക്കുന്നതെന്നാണ് എസ്.ഡി.പി.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എം.കെ. ഫൈസി ഒരഭിമുഖത്തിൽ പറഞ്ഞത്. എസ്.ഡി.പി.ഐ.യുമായി ചങ്ങാത്തതിലാണെന്ന് ആരോപിച്ച് സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പ്രതിപക്ഷം കടന്നാക്രമിക്കുകയാണ്. എസ്.ഡി.പി.ഐ. സഖ്യമുണ്ടോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി ക്ഷോഭിക്കുകയാണ്. To advertise here, സി.പി.എം.-ബി.ജെ.പി. ഡീൽ എന്ന ആരോപണമായിരുന്നു പ്രതിപക്ഷം ആദ്യം ഉയർത്തിയത്. സ്ഥാനാർഥിനിർണയം പൂർത്തിയായതിനുശേഷമാണ് എസ്.ഡി.പി.ഐ. ബന്ധം ചർച്ചയായത്. 36 ഇടത്തുമാത്രം എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ നിർത്തി. മഞ്ചേരിയിലും വേങ്ങരയിലും തുടങ്ങിയ ആരോപണം സംസ്ഥാനമാകെ കത്തി. വെൽഫയർ പാർട്ടിയും യു.ഡി.എഫും ഒക്കച്ചങ്ങായിമാരാണെന്ന മുഖ്യമന്ത്രിയുടെ പഴയ ആരോപണം പ്രതിപക്ഷം എസ്.ഡി.പി.ഐ.യെ ചൂണ്ടി തിരിച്ചുചോദിച്ചു. വർഗീയതയുമായി വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും, എസ്.ഡി.പി.ഐ.യുമായി ബന്ധമില്ലെന്നും അവരുടെ വോട്ടുവേണ്ടെന്നും തറപ്പിച്ചുപറയാൻ എൽ.ഡി.എഫ്. മടിക്കുകയാണ്. ഇതിനിടെയാണ് രഹസ്യചങ്ങാത്തത്തിന് തങ്ങളൊരുങ്ങുകയാണെന്ന് എം.കെ. ഫൈസിയുടെ തുറന്നുപറച്ചിലുണ്ടാകുന്നത്. ''കേരളത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടിയുമായി പലതരത്തിലുള്ള സഖ്യസാധ്യതകളുണ്ടാകാം. പൊതുസമൂഹത്തെ അറിയേക്കണ്ടതില്ലെങ്കിൽ പ്രഖ്യാപിക്കില്ല.'' -ഇതാണ് എസ്.ഡി.പി.ഐ. ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയുടെ വാക്കുകൾ. കാഡർ രീതിയിലുള്ള പ്രവർത്തനമായതിനാൽ ഒരു സന്ദേശം സാധാരണ അംഗത്തിലേക്ക് എത്താൻ തങ്ങൾക്ക് പ്രത്യേകം പ്രചാരണത്തിന്റെ ആവശ്യമില്ലെന്നാണ് എസ്.ഡി.പി.ഐ. നേതാവ് പറയുന്നത്. സംസ്ഥാനത്ത് 102 തദ്ദേശവാർഡുകളിൽ എസ്.ഡി.പി.ഐ. ജയിച്ചിട്ടുണ്ട്. 170 വാർഡുകളിൽ അവർ രണ്ടാംസ്ഥാനത്താണ്. കടുത്തമത്സരം നിലനിൽക്കുന്ന മണ്ഡലങ്ങളിൽ ഇത്തരം വോട്ടുകൾ ഒരു വിജയഘടകമായേക്കും. വിവാദം കത്തുന്നു തിരുവനന്തപുരം: തീപാറുന്ന ത്രികോണമത്സരം നടക്കുന്ന നേമം മണ്ഡലത്തിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന എസ്.ഡി.പി.ഐ.യുടെ പ്രഖ്യാപനം രാഷ്ട്രീയ വിവാദത്തിലേക്ക്. എസ്.ഡി.പി.ഐ.യുടെ പിന്തുണ സ്വീകരിക്കുമെന്ന നിലപാടിലാണ് സ്ഥാനാർഥി വി.ശിവൻകുട്ടി. ഇതിനെതിരേ ബി.ജെ.പി.യും യു.ഡി.എഫും രംഗത്തെത്തി. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തിൽ ഈ വോട്ടുകൾ മൂന്ന് മുന്നണികൾക്കും നിർണായകമാണ്. വി.ശിവൻകുട്ടിക്ക് കഴിഞ്ഞ തവണയും പിന്തുണ നൽകിയിരുന്നുവെന്നും തങ്ങളുടെ 10,000 വോട്ടുകൾ സി.പി.എമ്മിന് ലഭിച്ചതാണ് വിജയത്തിന് കാരണമെന്നുമാണ് എസ്.ഡി.പി.ഐ.യുടെ വാദം. എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.ഐ. ലത്തീഫാണ് ഇത്തവണ തിരഞ്ഞെടുപ്പിനു മുൻപുതന്നെ പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്. ബി.ജെ.പി.യെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനാൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്ന എൽ.ഡി.എഫിന് പിന്തുണ നൽകുന്നുവെന്നുമാണ് എസ്.ഡി.പി.ഐ.യുടെ വാദം. ന്യൂനപക്ഷ വോട്ടുകൾ ഒരുഭാഗത്തേക്ക് മാത്രം കേന്ദ്രീകരിക്കുകയാണെങ്കിൽ അത് ബി.ജെ.പി.യേയും യു.ഡി.എഫിനേയും ബാധിക്കും. അതേസമയം വർഗീയപാർട്ടിയെന്ന് എൽ.ഡി.എഫ്. തന്നെ ആരോപിച്ചിട്ടുള്ള എസ്.ഡി.പി.ഐ.യുമായി സഹകരിക്കുന്നത് ഭൂരിപക്ഷ വോട്ടുകളുടെ ഏകോപനത്തിനും കാരണമായേക്കാം. ഇത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയാകും. അതുകൊണ്ടുതന്നെ ഈ പിന്തുണ ജനവിധിയെ ഏങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല-വി.ശിവൻകുട്ടി സ്ഥാനാർഥിയുടെ കടമ ജനങ്ങളോട് വോട്ട് ചോദിക്കുക എന്നതാണെന്നും വേർതിരിച്ച് വോട്ട് ചോദിക്കാൻ കഴിയില്ലെന്നും എൽ.ഡി.എഫ്. സ്ഥാനാർഥി വി.ശിവൻകുട്ടി പറയുന്നു. മത്സരിക്കുന്ന സമയത്ത് വോട്ടു ചെയ്യാൻ തയ്യാറാവുന്നവരിൽനിന്ന് വാങ്ങുകതന്നെ ചെയ്യുമെന്നും വേണ്ടെന്നു പറയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന് പരാജയഭീതി-രാജീവ് ചന്ദ്രശേഖർ പരാജയഭീതി മൂലമാണ് എൽ.ഡി.എഫ്. എസ്.ഡി.പി.ഐ.യെ കെട്ടിപ്പിടിക്കുന്നതെന്നാണ് നേമത്തെ സ്ഥാനാർഥി കൂടിയായ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. എൽ.ഡി.എഫും ബി.ജെ.പി.യും സഖ്യകക്ഷി-കെ.എസ്.ശബരീനാഥൻ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട ശിവൻകുട്ടിയും ഒപ്പിടാൻ പ്രേരിപ്പിച്ച രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് മത്സരിക്കുന്നത്. ഇവർ സഖ്യകക്ഷിയായി മത്സരിക്കുമ്പോൾ എസ്.ഡി.പി.ഐ., എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത് ബി.ജെ.പി.യെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്.

പിന്തുണ പരസ്യമാക്കി എസ്.ഡി.പി.ഐ;വ്യക്തത നൽകാതെ ഇടതുമുന്നണി
M
MathrubhumiSource Link
about 1 month ago