ചങ്ങനാശ്ശേരി: പത്തനാപുരം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്. ഇതിൽ രണ്ടുപേർ രാജി പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്തുനൽകി. ഇത് സമ്മർദ്ദങ്ങളെ തുടർന്നായിരുന്നു. To advertise here, അടുത്തദിവസം യൂണിയൻ ഭരണസമിതിയംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളും എൻ.എസ്.എസ്. ആസ്ഥാനത്തെത്തി യൂണിയൻ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളിലുള്ള എതിർപ്പറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘടനാവിഭാഗം മേധാവി യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക കമ്മിറ്റിക്ക് ചുമതല നൽകിയത്. അതിനുശേഷം കെ.ബി. ഗണേഷ് കുമാർ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തെക്കുറിച്ച് അറിയില്ല. നായർ സർവീസ് സൊസൈറ്റിയുടെ ഭരണഘടനാപരമായ നടപടിമാത്രമാണ് ചെയ്തത്. അല്ലാത്ത ഒരുനടപടിയും എടുത്തിട്ടില്ലെന്നും ജി. സുകുമാരൻനായർ പറഞ്ഞു. നായരുടെ മാത്രം ആളല്ല, സ്ഥാനം മാറിയാൽ വോട്ടൊലിച്ചു പോകില്ല - മന്ത്രി കെ.ബി. ഗണേഷ്‌കുമാർ കൊട്ടാരക്കര: രാജിസന്നദ്ധത അറിയിച്ചിട്ടും എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ രാത്രിയിൽ പിരിച്ചുവിട്ടത് എന്തിനാണെന്നറിയില്ലെന്നും അതിൽ ജനാധിപത്യധ്വംസനമുണ്ടോയെന്ന് മറ്റുള്ളവർ പരിശോധിക്കട്ടെയെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. വാളകത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 'എൻ.എസ്.എസ്. സ്ഥാനത്തുനിന്ന് മാറിയതിന്റെ പേരിൽ വോട്ടൊലിച്ചുപോകില്ല. ജനറൽ സെക്രട്ടറി സുകുമാരൻനായർ തനിക്കു പിതൃതുല്യനാണ്, ഒരിക്കലും തള്ളിപ്പറയില്ല. ജീവിച്ചിരിക്കുന്ന കാലമത്രയും സുകുമാരൻനായരുടെ കൂടെനിൽക്കണമെന്നും എൻ.എസ്.എസിന്റെ ഔദ്യോഗികവിഭാഗത്തിൽ ആരുനിന്നാലും എതിർക്കരുതെന്നും അച്ഛൻ നൽകിയ ഉപദേശമാണ്. അച്ഛനു നൽകിയ വാക്ക് പാലിക്കും. ഇപ്പോഴത്തെ നീക്കങ്ങൾക്കുപിന്നിൽ രാഷ്ട്രീയമുണ്ട്.' 'പദ്മാ കഫെ നിർമാണത്തിൽ ഒരു അഴിമതിയുമില്ല. താൻ പണമെടുത്തെന്നു പറയുന്നവരുടെ തലയ്‌ക്കെന്തോ കുഴപ്പമുണ്ട്. മന്നത്ത് പദ്മനാഭൻ 64 വർഷംമുൻപ് ആർ. ബാലകൃഷ്ണപിള്ളയെ ചുമതലയേൽപ്പിക്കുമ്പോൾ പുനലൂരിൽ ഒരു ചെറിയമുറിയിൽ പായിട്ടായിരുന്നു തുടങ്ങിയത്. ഇന്നു 300 കോടി രൂപയുടെ ആസ്തിയുണ്ട്. ആസ്തി കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങൾ.' 'എൻ.എസ്.എസിനോട് ഒരു എതിർപ്പുമില്ല. ഞാൻ മതേതരവിശ്വാസിയായ രാഷ്ട്രീയപ്രവർത്തകനാണ്. തനിക്ക് പണത്തിന്റെ ആവശ്യമില്ല. കോടിക്കണക്കിനു രൂപ കണ്ടുവളർന്നയാളാണ്. താൻ അഴിമതിക്കാരനല്ലെന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും അറിയാം. സ്വന്തം മക്കൾക്കു നൽകേണ്ട പണമാണ് ആർ. ബാലകൃഷ്ണപിള്ള എൻ.എസ്.എസിനു നൽകിയത്.' – ഗണേഷ്‌കുമാർ പറഞ്ഞു. 'അച്ഛന്റെ എച്ചിൽ തിന്നവർ നന്ദികേടു കാട്ടി' പുനലൂർ: അച്ഛന്റെ എച്ചിൽ തിന്നവർ നന്ദികേട് കാട്ടിയെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചിലർ ഒഴിച്ചാൽ പത്തനാപുരത്തെ ജനങ്ങൾ സ്‌നേഹമുള്ളവരാണ്. ആർ. ബാലകൃഷ്ണപിള്ളയോട് നന്ദികേട് കാട്ടിയിട്ടുണ്ടെങ്കിൽ ദൈവവും ജനങ്ങളും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇളമ്പൽ മരങ്ങാട്ടെ വീടിനുസമീപം ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിലായിരുന്നു ഗണേഷ്‌കുമാറിന്റെ രോഷപ്രകടനം. പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് മരങ്ങാട് വഴി ആരംഭിച്ച പുതിയ ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കവേയാണ് ഗണേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചത്. Content Highlights: NSS Pathanapuram Union committee dissolved due to loss of majority. G. Sukumaran Nair cites constitutional procedures for the dissolution. K.B. Ganesh Kumar denies allegations of corruption in Padma Cafe project. Ganesh Kumar reaffirms his loyalty to Sukumaran Nair despite political tensions. Published: 15 Mar 2026, 08:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിരിച്ചുവിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതിയെ-സുകുമാരൻ നായർ; അദ്ദേഹം പിതൃതുല്യനെന്ന് ഗണേഷ് കുമാർ
M
MathrubhumiSource Link
about 2 months ago