തേക്കടി: പെരിയാർ കടുവാ സങ്കേതത്തിലെ 'മംഗള' എന്ന കടുവയും അവളെ വളർത്തിയ റോയിയും തമ്മിലുള്ള അപൂർവ്വ സ്നേഹബന്ധത്തിന് മുന്നിൽ വനംവകുപ്പിന്റെ കർശന നിയമങ്ങൾ വഴിമാറുന്നു. കാഴ്ചാപരിമിതിയുള്ള മംഗളയെ മികച്ച ചികിത്സയ്ക്കായി തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമ്പോൾ, അവളോടൊപ്പം പ്രൊട്ടക്ഷൻ വാച്ചറായ റോയി എബ്രഹാമിനെയും വിട്ടുനൽകാൻ വനംവകുപ്പ് ഉത്തരവിട്ടു. To advertise here, മംഗളയെ തൃശ്ശൂരിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെ അഞ്ചുവർഷമായി അവളെ പരിപാലിച്ചുപോന്ന റോയിയുമായി അവൾ വേർപിരിയേണ്ടി വരുമെന്ന മാതൃഭൂമി ഡോട്ട്കോം റിപ്പോർട്ട് വന്യജീവി പ്രേമികൾക്കിടയിൽ വലിയ സങ്കടമുണ്ടാക്കിയിരുന്നു. എന്നാൽ, റോയിയുടെ സാന്നിധ്യമില്ലാതെ മംഗള പുതിയ സാഹചര്യവുമായി പൊരുത്തപ്പെടില്ലെന്ന അധികൃതരുടെ തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിൽ. മംഗളയും റോയിയും മംഗളയ്ക്ക് റോയിയോടുള്ള വൈകാരികമായ അടുപ്പം പരിഗണിച്ച്, അവളെ പുത്തൂരിലെ പുതിയ സാഹചര്യങ്ങളുമായി ഇണക്കിയെടുക്കാൻ റോയിയുടെ സേവനം രണ്ടു മാസത്തേക്ക് പുത്തൂർ സുവോളജിക്കൽ പാർക്കിന് വിട്ടുനൽകാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടത്. ഉത്തരവിൽ വളരെയധികം ആശ്വാസവും ആശങ്കയുമുണ്ടെന്ന് റോയ് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു. മംഗളയെ പിരിയേണ്ടി വരില്ലെന്നത് വലിയ ആശ്വാസം നൽകുന്നതാണ്. ഇതിന് വേണ്ടി പ്രവർത്തിച്ച വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും പിന്നെ മാതൃഭൂമി ഡോട്ട്കോമിനും പ്രത്യേകം നന്ദി റോയ് പറഞ്ഞു. മംഗളയ്ക്ക് വേണ്ടി രണ്ട് മാസം എന്നല്ല ജീവിതകാലം മുഴുവനും കൊടുക്കാൻ തയ്യാറാണ്. എന്നാൽ അവളെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുന്നതിൽ ആശങ്കയുണ്ട്. തേക്കടിയിലെ തണുപ്പുള്ള കാലാവസ്ഥയിൽ നിന്ന് തൃശൂരിലെ താരതമ്യേനെ ചൂടുള്ള കാലാവസ്ഥയിലേക്ക് മാറ്റുമ്പോൾ മംഗള എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. അക്കാര്യത്തിൽ ആശങ്കയുണ്ട്. മുമ്പ് റോയി ആറു ദിവസത്തെ അവധിയിൽ പോയപ്പോൾ, മറ്റ് വാച്ചർമാർ നൽകിയ ഭക്ഷണം കഴിക്കാതെ മംഗള മൂന്ന് ദിവസം പട്ടിണി കിടന്ന സംഭവം അധികൃതരുടെ മുന്നിലുണ്ടായിരുന്നു. റോയിയുടെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ പോലും ഓടിവരുന്ന മംഗള, അദ്ദേഹമില്ലാതെ പുത്തൂരിലെ പുതിയ കൂടുമായി പൊരുത്തപ്പെടുന്നതിന്റെ പ്രായോഗികതയും കണക്കിലെടുത്താണ് നടപടി. പുത്തൂർ സുവോളജിക്കൽ പാർക്കിലെ പുതിയ സാഹചര്യങ്ങളോട് മംഗളയെ ഇണക്കിയെടുക്കാൻ രണ്ട് മാസത്തേക്കാണ് ഡെപ്യൂട്ടേഷണിൽ അവിടെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. പുത്തൂരിലെ സേവനകാലയളവിലെ വേതനം വനം വകുപ്പ്, പെരിയാർ ഈസ്റ്റ് ഡിവിഷനിൽ നിന്നും നൽകും. അദ്ദേഹത്തിന് താമസിക്കാനുള്ള സൗകര്യം പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഏർപ്പാടാക്കും. 2020 നവംബർ 20-നാണ് തേക്കടി റേഞ്ചിലെ മംഗളാദേവി ക്ഷേത്രപരിസരത്ത് രണ്ട് മാസം മാത്രം പ്രായമുള്ള ഒരു പെൺകടുവക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തുന്നത്. കാഴ്ചാപരിമിതിയും പിൻകാലുകൾക്ക് തളർച്ചയുമുണ്ടായിരുന്ന ആ കുഞ്ഞിനെ തള്ളക്കടുവ ഉപേക്ഷിച്ചതായിരുന്നു. അവിടെനിന്നാണ് റോയ് മംഗളയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രണ്ടു കണ്ണുകൾക്കും കാഴ്ചാപരിമിതിയുള്ളതിനാൽ മംഗളയ്ക്ക് കാട്ടിൽ സ്വയം ഇരതേടാൻ അവൾക്ക് കഴിയില്ല. അഞ്ചു വർഷത്തോളം നിഴലുപോലെ കൂടെയുണ്ടായിരുന്ന തന്റെ 'പെണ്ണിനെ' (മംഗളയെ റോയ് വിളിക്കുന്ന പേര്) തൃശ്ശൂരിലേക്ക് കൊണ്ടുപോകുമ്പോഴും കൂടെയുണ്ടാകാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് റോയ്.

പിരിയുന്നില്ല മംഗളയും റോയിയും; സ്‌നേഹത്തിന് ‘ഡെപ്യൂട്ടേഷൻ’, റോയിയും പുത്തൂരിലേക്ക്
M
MathrubhumiSource Link
about 2 months ago