പീരുമേട് : തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കുമ്പോൾ പീരുമേട്ടിൽ പ്രചാരണച്ചൂട് കടുക്കുന്നു. സ്ഥാനാർഥികൾ എല്ലാ മേഖലകളിലും ഓടിയെത്താനാണ് ശ്രമിക്കുന്നത്. To advertise here, ഇതിനിടെ ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നുണ്ട്. ജയിച്ചുകഴിഞ്ഞാൽ ചെയ്യുന്നതെന്തൊക്കെയെന്ന് ജനങ്ങളോട് പറയുന്നുമുണ്ട്. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും -കെ. സലിംകുമാർ പീരുമേടിനെ ടൂറിസം ഹബ്ബ് ആക്കി മാറ്റുന്നതിനൊപ്പം പരുന്തുംപാറയുടെ സമീപപ്രദേശങ്ങളിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങളുമായി ഉണ്ടായിരിക്കുന്ന തർക്കങ്ങൾ ഉടനടി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും എൽ.ഡി.എഫ്. സ്ഥാനാർഥി സലിംകുമാർ പറഞ്ഞു. കരടിക്കുഴിയിൽ നിന്നുമാരംഭിച്ച പര്യടനം മുൻ എം.എൽ.എ. ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് 55-ാംമൈൽ, കരടിക്കുഴി ഗെയിറ്റിങ്കലും, പട്ടുമല ചൂളപുരട്ടിലും വലിയ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പാമ്പനാർ ടൗണിൽ സമാപിച്ചു. ഇടതുസർക്കാരിന് തുടരാൻ അർഹതയില്ല -സിറിയക് തോമസ് ജനജീവിതം ദുസ്സഹമാക്കിയ ഇടതുസർക്കാരിന് തുടരാൻ അർഹതയില്ലെന്ന് യു.ഡി.എഫ്. പീരുമേട് നിയമസഭ മണ്ഡലം സ്ഥാനാർഥി അഡ്വ. സിറിയക് തോമസ്. കൊക്കയാർ മണ്ഡലതല പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർവ മേഖലയിലും പരാജയമാണ്. തോട്ടം മേഖലയോടു യാതൊരു മമതയും കാട്ടാത്ത സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ഉപ്പുതറയിൽ റോഡ്ഷോയുമായി രതീഷ് വരകുമല എൻ.ഡി.എ. സ്ഥാനാർഥി രതീഷ് വരകുമല ഉപ്പുതറയിൽ റോഡ്ഷോ നടത്തി. വ്യാപാരഭവനിൽ നടന്ന എൻ.ഡി.എ. പഞ്ചായത്തുതല കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് ഉപ്പുതറ ടൗണിൽ റോഡ് ഷോ നടത്തിയത്. കെ.എസ്.ഇ.ബി. ജങ്ഷനിൽ തുടങ്ങിയ റോഡ് ഷോ ടൗൺ ചുറ്റി പാലം ജങ്ഷനിൽ സമാപിച്ചു. കേന്ദ്ര നിരീക്ഷകനായ അഡ്വ. ഹനുമന്തറാവു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, കെ.കെ. രാജപ്പൻ, അഡ്വ. സ്റ്റീഫൻ ഐസക്ക്, എ.വി. മുരളി, സന്തോഷ് കൃഷ്ണൻ, മണ്ഡലം, പഞ്ചായത്ത്, ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്ന് സ്ഥാനാർഥി ടൗണിൽ വോട്ടഭ്യർഥിക്കുകയുംചെയ്തു.
