കുമളി: ഒന്നിൽപിഴച്ചാൽ മൂന്നെന്ന ചൊല്ല് അന്യർഥമാക്കുന്നതായിരുന്നു പീരുമേട് യു.ഡി.എഫ്. സ്ഥാനാർഥി സിറിയക് തോമസിന്റെ ജയം. 27,634 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷവും കൈയിൽ പിടിച്ച് ഇത്തവണ സിറിയക് തിരുവനന്തപുരത്തിന് വണ്ടി കയറും. 1982-ൽ അച്ഛൻ നേടിയ 9029 എന്ന ഏറ്റവും വലിയ ഭൂരിപക്ഷം മറികടന്നാണ് മകന്റെ വിജയം. To advertise here, 2016-ൽ 314 വോട്ടുകളുടെയും 2021-ൽ 1845 വോട്ടുകൾക്കും വിജയം കൈപ്പിടിയിൽനിന്ന് വഴുതിപ്പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ സിറിയക്കിനായുള്ളൂ. മൂന്നാമങ്കത്തിന് മണ്ഡലമൊരുങ്ങിയപ്പോൾ സ്ഥാനാർഥിപ്പട്ടികയിൽ പേര് പരിഗണിച്ചപ്പോൾ പല പ്രമുഖരും വിജയസാധ്യതയുള്ള മണ്ഡലം കൈപ്പിടിയിലാക്കാൻ ശ്രമം നടത്തി. എന്നാൽ, പലരും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരായതിനാൽ സിറിയക്കിനായി മണ്ഡലത്തിലെ പ്രാദേശിക നേതാക്കളടക്കം ചരടുവലി നടത്തി. ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം സിറിയക്കിനായി മുറവിളി ഉയർന്നു. സ്ഥാനാർഥി നിർണയത്തിനുമുമ്പ് നടത്തിയ ചർച്ചകളിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിനുവരെ ഇടപെടേണ്ടിവന്നു. ഒടുവിൽ എൽ.ഡി.എഫ്. 20 വർഷമായി പിടിച്ചുവെച്ച മണ്ഡലം തിരിച്ചെടുക്കാൻ സിറിയക്കിനായി മൂന്നാം ഊഴം പാർട്ടി നൽകി. സി.പി.ഐ.യുടെ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും എൻ.ഡി.എ.യുടെ രതീഷ് വരകുമലയുമായിരുന്നു പ്രധാന എതിർ സ്ഥാനാർഥികൾ. എന്നാൽ, നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് യു.ഡി.എഫിന്റെ താഴേത്തട്ടിലുള്ളവർ മുതൽ സിറിയക്കിനായി പ്രവർത്തനത്തിനിറങ്ങിയത്. തോട്ടം മേഖലയിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ സിറിയക്കിന് കഴിഞ്ഞതും പ്രദേശികതലത്തിൽ എൽ.ഡി.എഫിനെതിരായുള്ള വികാരം മനസ്സിലാക്കി പ്രവർത്തിച്ച് വോട്ടാക്കി മാറ്റാൻ സിറിയക്കിന് കഴിഞ്ഞു. തപാൽ ബാലറ്റ് മുതൽ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് സിറിയക് ജയിച്ചുകയറിയത്. ഇടതുപക്ഷത്തിന്റെ ശക്തമായ വേരോട്ടമുള്ള വണ്ടിപ്പെരിയാറിൽ 4500 വോട്ടുകളുടെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കിട്ടിയിരുന്നു. എന്നാൽ, ഇത്തവണ 2300-ലധികം വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് സിറിയക് ജയം ഉറപ്പിച്ചത്. Published: 05 May 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പീരുമേട്ടിൽ മധുരം സിറിയക്കിന്റെ ചായക്കൂട്ടിന്
M
MathrubhumiSource Link
about 4 hours ago