കോഴിക്കോട് : നഗരത്തിലെ തിരക്കേറിയ മാവൂർറോഡിന് സമാന്തരമായി വാഹനങ്ങൾ ആശ്വാസംകണ്ടെത്തുന്ന വഴിയാണ് പൊറ്റമ്മലിൽനിന്ന് കുതിരവട്ടം വഴി പുതിയറയിലെത്തുന്ന റോഡ്. എന്നാൽ, ഈ റോഡിന്റെ വികസനം കുരുക്കിലായിട്ട് വർഷങ്ങളായി. റോഡിന് അത്യാവശ്യം വീതിയുണ്ടെങ്കിലും പുതിയറയിലെത്തുന്ന ഭാഗത്തെ പാലമാണ് പ്രശ്നം. കനോലികനാലിന് കുറുകേയാണ് വളരെ വീതികുറഞ്ഞ ഈ പുതിയറ പാലം. To advertise here, ഒരു കാറിന് കഷ്ടിപോകാനേ നഗരത്തിലെ പ്രധാന റോഡിലെ ഈ പാലത്തിലൂടെ പറ്റുകയുള്ളൂ. വർഷങ്ങളുടെ പഴക്കമുള്ള പാലമാണിത്. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം നാട്ടുകാരും ജനപ്രതിനിധികളും വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. നിരന്തര ആവശ്യങ്ങൾക്കുശേഷം പുതിയപാലത്ത് ഒരു പുതിയപാലം അടുത്തിടെ യാഥാർഥ്യമായിരുന്നു. മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങൾക്കുൾപ്പെടെ സഹായകമാകുന്ന റോഡാണിത്. എന്നാൽ, മാവൂർറോഡിൽ എന്തെങ്കിലും കുരുക്കുണ്ടായി കുറച്ചധികം വാഹനങ്ങൾ എത്തുന്നതോടെത്തന്നെ ഈ റോഡ് കുരുക്കിലാവും. അതുകൊണ്ടുതന്നെ വാഹനങ്ങൾക്ക് ഈ റോഡിനെ ആശ്രയിക്കാൻ പലപ്പോഴും പേടിയാണെന്ന് നാട്ടുകാർ പറയുന്നു. ട്രാഫിക് സിഗ്നലിൽ പച്ചതെളിയുമ്പോൾ പുതിയറ റോഡിൽനിന്നുള്ള വാഹനങ്ങൾ കൂട്ടമായി എത്തുന്നതിനിടെ, എതിരേനിന്ന് കുതിരവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങൾകൂടിയാകുമ്പോൾ പാലം കുരുക്കിലാവും. രണ്ടുകാറുകൾക്ക് പാലത്തിലൂടെ ഒന്നിച്ചുപോകാനാവാത്ത സ്ഥിതിയാണ്. കനാൽസിറ്റി പദ്ധതി വരുന്നതിനാലാണ് പാലത്തിന്റെ വീതികൂട്ടൽ നീണ്ടുപോകുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ അലൈൻമെന്റിനനുസരിച്ചേ പാലം പുതുക്കിപ്പണിയാനാവൂ എന്നും അധികൃതർ പറയുന്നു. കനോലികനാലിൽ ഏറ്റവുംകൂടുതൽ വെള്ളമുയരുന്ന സമയത്തെ ജലനിരപ്പിൽനിന്ന് ബോട്ടുകൾക്കും മറ്റും പോകാനാവുംവിധം നിശ്ചിത ഉയരം ഒഴിവാക്കിമാത്രമേ പാലം പണിയാനാവൂ. എന്നാൽ, ഈ പദ്ധതി പൂർണമായി യാഥാർഥ്യമാവാൻ ഇനിയും എത്ര സമയമെടുക്കുമെന്നറിയില്ല. കനാൽസിറ്റി പദ്ധതിയിൽ എരഞ്ഞിപ്പാലംമുതൽ അരയിടത്തുപാലംവരെയുള്ള ആദ്യ റീച്ചിന്റെ അലൈൻമെന്റ് മാത്രമേ ആയിട്ടുള്ളൂ. ഇതിനപ്പുറത്ത് അരയിടത്തുപാലം മുതൽ കല്ലായിപ്പുഴ വരെയുള്ള റീച്ചിലാണ് പുതിയറ പാലം. നിലവിൽ റോഡിന് ആനുപാതികമായെങ്കിലും പുതിയറ പാലം വീതികൂട്ടാൻ വലിയ തടസ്സങ്ങളൊന്നുമില്ല. പാലം വീതികൂട്ടണമെന്ന ആവശ്യം പലതവണ കൗൺസിലിലും എം.എൽ.എ.മാരുടെ യോഗത്തിലും മറ്റും ഉന്നയിച്ചതാണെന്ന് മുൻ കൗൺസിലർ പി.കെ. നാസർ പറഞ്ഞു. അല്ലെങ്കിൽ പുതിയറപാലം വരെയുള്ള ഭാഗംകൂടി ആദ്യ റീച്ചിൽ ഉൾപ്പെടുത്തുകയെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റീച്ചിൽത്തന്നെ പുതിയറ പാലത്തിന്റെകൂടി നവീകരണം നടന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെയൊരു നിർദേശം വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
