കൊച്ചി/വിളപ്പിൽശാല: പുത്തനുടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ കൂളിങ് ഗ്ലാസും വെച്ച് കട്ടിലിൽ പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ... അതിൽ രണ്ടുവയസ്സുകാരിയുടെ ദേഹത്ത് ചുവപ്പ് നിറമുള്ള കുഞ്ഞുടുപ്പും വെച്ചിട്ടുണ്ട്. അടുത്ത മുറിയിൽ നിലത്ത് ഷാൾ വിരിച്ച് ഷെർവാണി വേഷത്തിൽ കിടക്കുന്ന 14 വയസ്സുകാരൻ... വടുതലയിലെ വാടകവീട്ടിൽ കുടുംബത്തിലെ അഞ്ചുപേർ മരിച്ചുകിടക്കുന്ന കാഴ്ച ഏവരുടെയും മനസ്സുലയ്ക്കുന്നതായിരുന്നു. അമ്മയും മകളും ഒരുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കൾ മൂന്നുപേരും രണ്ട് മുറികളിലായി ഉറങ്ങുംപോലെ കിടക്കുകയുമായിരുന്നു. To advertise here, ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വടുതലയിലെ വീടിന്റെ താഴത്തെ നില വാടകയ്ക്ക് എടുക്കുന്നത്. ആരും താമസിക്കാതെ വീട് നശിച്ചുപോകുന്നു എന്ന സാഹചര്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് കണ്ടുമുട്ടിയ അശ്വതിക്കും കുടുംബത്തിനും വീട്ടുടമ താമസിക്കാനായി വീട് നൽകുന്നത്. രണ്ടു മാസത്തേക്കായിരുന്നു കരാർ. ഇതിന്റെ പണവും നൽകിയിരുന്നു. മാർച്ച് 20-ന് ഇവർ ഒഴിയേണ്ടതായിരുന്നുവെന്നാണ് വിവരം. രണ്ടു മാസമായി അശ്വതിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായൊന്നും ബന്ധമുണ്ടായിരുന്നില്ല. ടാക്സിയിൽ പുറത്തേക്ക് പോകുന്നതും വരുന്നതും മാത്രമാണ് അയൽക്കാർ കണ്ടിട്ടുള്ളത്. വീട്ടുടമയുടെ ജ്യേഷ്ഠൻ വ്യാഴാഴ്ച അശ്വതിയെയും കുടുംബത്തെയും കണ്ടിരുന്നു. പിറ്റേന്ന് വീടൊഴിയുമെന്ന് ഇവർ പറഞ്ഞതായാണ് വിവരം. സമീപത്തുള്ള മറ്റൊരു വീട്ടിലെ പെയിന്റടി നടക്കുന്നതിനാൽ അവരുടെ കാർ ദുരന്തമുണ്ടായ വീട്ടിലേക്ക് മാറ്റിയിട്ടിരുന്നു. അശ്വതിയും കുടുംബവും ഒഴിയുന്നതിനനുസരിച്ച് അയൽപക്കത്തെ ഈ വീട്ടുകാർ പെയിന്റിങ് ജോലികൾ തീരുംവരെ ഇവിടേക്ക് മാറാനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ ജ്യേഷ്ഠന്റെ ഇളയ മകൻ വന്നു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലെത്തി അശ്വതിയെയും മറ്റും വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭർത്താവിന്റെ മരണവും പിന്നാലെയുണ്ടായ പ്രശ്‌നങ്ങളും ഇവരെ തളർത്തിയിരുന്നതായാണ് വിവരം. വീട്ടിൽ നടത്തിയ പരിശോധനയിൽ മരുന്നുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. കുട്ടികൾക്ക് നൽകിയ പാനീയത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വിളപ്പിൽശാലയിലെ നാട്ടുകാർക്ക് അപരിചിതർ നാട്ടുകാർക്കിപ്പോഴും അവർ അപരിചിതരാണ്. നാട്ടിലാരോടും അടുപ്പമില്ലാത്ത കുടുംബമായിരുന്നു എറണാകുളത്ത് വാടകവീട്ടിൽ കൂട്ടആത്മഹത്യചെയ്ത വിളപ്പിൽശാല കരോട് കനകവിഹാറിൽ അശ്വതിയുടേത്. ഭർത്താവിന്റെ വീട്ടിൽനിന്ന് ഇടയ്ക്ക് വിളപ്പിൽശാലയിലെത്തുമ്പോഴാണ് മൂന്നുകുട്ടികളേയും അയൽവാസികൾ കണാറുള്ളത്. പരിചയമുള്ള കുട്ടികളുടെ മരണം അയൽവാസികളെ ദുഃഖത്തിലാഴ്ത്തി. എറണാകുളം വടുതല ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡൻ ലൈനിലെ വാടകവീട്ടിൽ ശനിയാഴ്ച രാവിലെയാണ് അഞ്ചംഗകുടുംബത്തെ മരിച്ചനിലയിൽ കണ്ടത്. അശ്വതി, അവരുടെ അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കാർണിവൻ, കീർത്തിവൻ, അക്ഷിത എന്നിവരാണ് മരിച്ചത്. പതിനഞ്ചുവർഷംമുൻപ് അശ്വതിയുടെപേരിൽ വാങ്ങിയ വീടാണ് വിളപ്പിൽശാലയുള്ളത്. ഈവീട്ടിൽ സ്ഥിരമായി താമസിച്ചിരുന്നത് അശ്വതിയുടെ അമ്മ ശ്രീകുമാരിയാണ്. ഇടയ്ക്ക് അശ്വതിയും മക്കളും അവിടെ വന്നുപോകുമായിരുന്നു. തകരഷീറ്റിട്ട വീട് ഒരു വർഷംമുൻപാണ് അശ്വതി വാടകയ്ക്കു നൽകിയത്. അശ്വതിയും മക്കളും ഭർത്താവ് അക്ഷതിന്റെ പൂവച്ചലുള്ള വീട്ടിലായിരുന്നു താമസം. അക്ഷത് കഴിഞ്ഞ ജൂലായ് 17-ന് ആത്മഹത്യചെയ്തു. അശ്വതിയും ഭർത്താവുമായുള്ള അഭിപ്രായവ്യത്യസം കുടുംബബന്ധത്തെ ഉലച്ചിരുന്നതായി പറയുന്നു. അക്ഷതിന്റെ മരണശേഷം അശ്വതിയും ഭർത്താവിന്റെ അമ്മ ഉഷയുമായി വസ്തുസംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. അക്ഷതിന്റെ കാറുൾപ്പെടെയുള്ള മൂന്നുവാഹനങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉഷ പോലീസിൽ പരാതിനൽകിയിരുന്നു. അശ്വതിയുടെ അച്ഛൻ കല്ലിയൂർ സ്വദേശി സുരേന്ദ്രൻനായർ കുടുംബവുമായി അകന്നുകഴിയുകയാണ്. സഹോദരൻ അരുൺലാൽ കിളിമാനൂരിൽ താമസിക്കുന്നു. കാലടി സ്വദേശിയാണ് ശ്രീകുമാരി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

പുത്തനുടുപ്പിട്ട് 3 കുഞ്ഞുങ്ങൾ, ഒരുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ അമ്മയും മകളും; നാടിന് നോവായി കൂട്ടമരണം
M
MathrubhumiSource Link
about 2 months ago