പാനൂർ : മുൻകാലങ്ങളിൽ വേനലിലും വെള്ളമുണ്ടായിരുന്ന പുത്തൂർ പുഴ ഇപ്പോൾ വരണ്ടുണങ്ങി. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പുത്തൂർ ഗ്രാമത്തിന്റെ ജീവനാഡിയായ ഈ പുഴയെ സംരക്ഷിക്കാൻ 30 വർഷം മുൻപ് നടത്തിയ ശ്രമങ്ങൾക്ക് തുടർച്ചയില്ലാതെ പോയതാണ് ഇത്തരമൊരവസ്ഥയ്ക്ക് കാരണം. നരിക്കോട്ട് മലയോട് ചേർന്നുകിടക്കുന്ന മോഹനഗിരിയുടെ താഴ്‌വാരത്തെ ഒറ്റക്കൈതകുളത്തിൽനിന്നുല്‌ഭവിക്കുന്ന പുത്തൂർ പുഴ, വലിയൊരു ഭൂപ്രദേശത്തിന്റെ ജലസ്രോതസ്സായിരുന്നു. 8.76 കി.മീറ്റർ കുന്നോത്തുപറമ്പ് പഞ്ചായത്തിലൂടെ ഒഴുകി പഞ്ചായത്ത് അതിർത്തിയിൽ കണ്ണങ്കോട് വഴി പെരിങ്ങത്തൂരിൽ മയ്യഴിപ്പുഴയുമായി ചേരുന്നു. പുഴയുടെ പ്രധാന വാട്ടർഷെഡ്, കൊളവല്ലൂർ ഗ്രാമത്തിലെ വെളിയാറ, കല്ലിനപ്പുനം കുന്നുകളായിരുന്നു. അനിയന്ത്രിതമായ കരിങ്കൽഖനനവും കുന്നിടിക്കലും ഇവിടെയുള്ള ഇടനാടൻ കുന്നുകൾക്ക് ഭീഷണിയായിട്ട് ഏറെ വർഷങ്ങളായി. കടുത്ത വേനൽച്ചൂടിലും വെളിയാറക്കുന്നിന്റെ നിറുകയിൽ തെളിനീരുറവ കാണുമായിരുന്നു എന്ന് പഴയതലമുറക്കാരുടെ ഓർമ്മയിലിന്നുമുണ്ട്. പലയിടങ്ങളിലും പുഴനിരപ്പിനേക്കാൾ താഴ്ന്നനിലയിലാണ് കുന്നിൻപുറം. ഇതിനാൽ, പുഴയിലെ നീരൊഴുക്കിന്റെ ഗതിമാറുന്നതായി പരിസ്ഥിതി പ്രവർത്തകരും ജലസംരക്ഷണ സമിതി പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈയൊരവസ്ഥ പുഴയുടെ നാശത്തിന് കാരണമാകുമെന്നും നേരത്തേ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. To advertise here, സംസ്ഥാനത്ത് മാതൃകയായ ജലസംരക്ഷണം 1995-ൽ കുന്നോത്തുപറമ്പ് പഞ്ചായത്തിലെ പൂത്തൂർ പുഴയും കൊളവല്ലൂർ ഗ്രാമത്തിലെ കൊളവല്ലൂർ പുഴയും കേന്ദ്രീകരിച്ച് നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ പിന്നീട് സംസ്ഥാന മാതൃകയായി അംഗീകരിക്കപ്പെടുകയുണ്ടായി. അന്നത്തെ കളക്ടറായിരുന്ന ഡബ്ല്യു.ആർ.റെഡ്ഡി മുൻകൈയെടുത്ത് ജലസംരക്ഷണസമിതിക്ക് രൂപം നൽകി. ഓരോ ഘട്ടത്തിലും കളക്ടർ നേരിട്ടെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ സർവേ നടത്തിയാണ് ജല സംരക്ഷണത്തിനുള്ള കർമപദ്ധതി തയ്യാറാക്കിയത്. ഇരുപുഴകളിലുമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് 64 തടയണകളാണ് അന്ന് നിർമിച്ചത്. ഇതോടെ വീട്ടുകിണറുകളിൽ ജലവിതാനം ഉയർന്നിരുന്നു. രണ്ടുവർഷം മുമ്പ് തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയിൽ പുത്തൂർ പുഴ ശുചീകരണ പ്രവർത്തനം തുടങ്ങി. നീർച്ചാലുകൾ, കുളങ്ങൾ, ഇല്ലാതായ നീരൊഴുക്കുകൾ എന്നിവയെക്കുറിച്ച് സർവേ നടത്തി പരിഹാരനടപടികൾ ഉൾപ്പെടെ വ്യക്തമാക്കി ഒരു സുവനീർ പ്രസിദ്ധീകരിച്ചു. അങ്ങിങ്ങായി ചിലയിടങ്ങളിൽ ഏതാനും പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ സമഗ്രമായ തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല. ഏതാനും ഭാഗത്ത് പാർശ്വഭിത്തി നിർമിച്ചിട്ടുണ്ട്. നേരത്തേ നടന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ ഈ പുഴയുടെ സ്വഭാവികതയിൽ വരുത്തിയ മാറ്റങ്ങൾ സ്ഥായിയായി നിർത്താൻ കഴിയാതെ വന്നതോടെ പുത്തൂർ പുഴ വരണ്ടുണങ്ങി. ഒരു വലിയ ഭൂഭാഗത്തിന്റെ ജീവധാരയെ സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ഈ വേനലിൽ ശക്തമായി ഉയർന്നിരിക്കുകയാണ്. Published: 18 Apr 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
