പുനലൂർ : നിയോജകമണ്ഡലത്തിൽ യു.ഡി.എഫിന്റെ വിമതസ്ഥാനാർഥിയായ കോൺഗ്രസിലെ നെൽസൺ സെബാസ്റ്റ്യന്റെ റോഡ് ഷോ വെള്ളിയാഴ്ച രണ്ടിന് മണ്ഡലത്തിന്റെ കിഴക്കേ അതിർത്തിയായ ആര്യങ്കാവിൽ ആരംഭിക്കുമെന്ന് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാറും അഞ്ചൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.ജെ. ഷോമും അറിയിച്ചു. To advertise here, ഇത്തവണ പുനലൂർ സീറ്റ് കോൺഗ്രസിനു നൽകണമെന്ന് പ്രാദേശികനേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സീറ്റ് മുസ്‌ലിം ലീഗിനു നൽകാനുള്ള യു.ഡി.എഫ്. തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതസ്ഥാനാർഥിയെ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ഇക്കുറിയും ലീഗിന് സീറ്റ് നൽകാനുള്ള നീക്കത്തിൽ ആദ്യംമുതലേ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചുവരികയായിരുന്നു. ബുധനാഴ്ച പുനലൂരിലെ കോൺഗ്രസ് ഓഫീസിൽ കെ.പി.സി.സി. മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി ഉൾപ്പെടെയുള്ള നേതാക്കളുടെ യോഗമാണ് സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്നായിരുന്നു വ്യാഴാഴ്ച ബ്ലോക്ക് കമ്മിറ്റികൾ സംയുക്തയോഗം ചേർന്ന് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. 30 വർഷമായി ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ടുതവണയായി യു.ഡി.എഫിനുവേണ്ടി മുസ്‌ലിം ലീഗാണ് മത്സരിച്ചത്. 2016-ൽ യൂനുസ്‌കുഞ്ഞും 2021-ൽ അബ്ദുറഹ്‌മാൻ രണ്ടത്താണിയുമായിരുന്നു സ്ഥാനാർഥികൾ. ഇതിന്റെ തുടർച്ചയായാണ് ഇത്തവണയും സീറ്റ് ലീഗിനു നൽകാൻ നീക്കമുണ്ടായത്. 1991-ൽ കോൺഗ്രസിലെ പുനലൂർ മധുവിനുശേഷം യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിയാതിരുന്നത് സീറ്റ് ഘടകകക്ഷികൾക്ക് നൽകിയതും പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കളെ മത്സരിപ്പിച്ചതും മൂലമാണെന്ന വാദവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തുകയായിരുന്നു. ഇക്കുറി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് കെ.പി.സി.സി. നേതൃത്വത്തോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യത്തിന് അനുകൂല പ്രതികരണമുണ്ടാകാതിരുന്ന സാഹചര്യത്തിൽ കൂട്ടരാജി ഭീഷണി മുഴക്കി നേതൃത്വത്തിൽ കത്തും നൽകി. ഇതും ഫലംകാണാത്ത സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രാദേശികനേതാവിനെ സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് പ്രാദേശികനേതൃത്വം നീങ്ങിയത്. Published: 20 Mar 2026, 01:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുനലൂരിലെ യു.ഡി.എഫ്. വിമതന്റെ റോഡ് ഷോ ഇന്നു തുടങ്ങും
M
MathrubhumiSource Link
about 2 months ago