കൊല്ലം: പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയും മുസ്ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. To advertise here, നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്. കൊല്ലത്തെ മുസ്ലിംലീഗിന്റെ പ്രധാന മുഖവും എം.എൽ.എ.യുമായിരുന്ന യൂനുസ് കുഞ്ഞിന്റെ മകൻകൂടിയായ നൗഷാദ്, വിദ്യാഭ്യാസ വ്യാപാര മേഖലകളിൽ പ്രമുഖനാണ്. എം.എസ്.എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ നൗഷാദ്, പിന്നീട് യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും മികവ് തെളിയിച്ചു. ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്. അതേസമയം, നൗഷാദ് യൂനസിന്റെ സ്ഥാനാർഥിത്വത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. പുനലൂർ മണ്ഡലത്തിൽ സ്വന്തംനിലയിൽ സ്ഥാനാർഥിയെ നിർത്താനാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനം. 1996-ന് ശേഷം പുനലൂരിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചിട്ടില്ലെന്നും ഘടകകക്ഷികൾ മത്സരിച്ച് പരാജയപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതിനാൽ, ഇത്തവണ കോൺഗ്രസ് മത്സരിച്ചാൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. പുനലൂരിൽ കോൺഗ്രസ് റിബൽ വന്നാൽ കോൺഗ്രസ് മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിൽ മുസ്ലിംലീഗും റിബൽ സ്ഥാനാർഥികളെ നിർത്തുമെന്ന ഭീഷണി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള തർക്കം മറ്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ്. വിജയസാധ്യതകളെയും ബാധിക്കുമെന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്. പുനലൂർ, അഞ്ചൽ എന്നീ രണ്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളും ഐകകണ്‌ഠ്യേനയാണ് സ്വന്തം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥി ചർച്ചകളിൽ സഞ്ജയ് ഖാൻ എന്ന കോൺഗ്രസ് നേതാവിനാണ് കൂടുതൽ മുൻതൂക്കമുണ്ടായിരുന്നതെങ്കിലും പാർട്ടി കേന്ദ്രങ്ങളിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ല. ചടയമംഗലം സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളും ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളുമാണ് പുനലൂർ സീറ്റ് വച്ചുമാറുന്നതിന് തടസ്സമായതെന്നാണ് സൂചന. Content Highlights: Muslim League district president Naushad Yunus announced as UDF candidate for Punalur Published: 19 Mar 2026, 06:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുനലൂരിൽ നൗഷാദ് യൂനുസ്, ചേലക്കരയിൽ ശിവൻ വീട്ടിക്കുന്ന്; രണ്ട് സ്ഥാനാർഥികളേക്കൂടി പ്രഖ്യാപിച്ച് ലീഗ്
M
MathrubhumiSource Link
about 2 months ago