പുനലൂർ :നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളും അനുബന്ധസാമഗ്രികളും പുനലൂരിലെത്തിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സ്‌ട്രോങ് റൂമിൽ കനത്ത പോലീസ് കാവലിൽ സൂക്ഷിച്ചിരിക്കുകയാണിവ. യന്ത്രങ്ങളിൽ മാതൃകാ ബാലറ്റ് ക്രമീകരിക്കുന്ന കമ്മിഷനിങ് പ്രക്രിയ വെള്ളിയാഴ്ച രാവിലെ ഏഴിന് നടക്കും. To advertise here, മണ്ഡലത്തിൽ ആകെയുള്ള 220 ബൂത്തുകളിലേക്കായി കരുതൽയന്ത്രങ്ങളടക്കം മൊത്തം 253 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇ.വി.എം.) 275 വിവിപാറ്റുമാണ് എത്തിച്ചിട്ടുള്ളത്. വരണാധികാരിയായ പുനലൂർ ആർ.ഡി.ഒ. ബീനാ ഹനീഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ആർ.ഡി.ഒ. ഓഫീസിൽ രണ്ടാംഘട്ട ക്രമവത്‌കരണം നടത്തി. പൊതുനിരീക്ഷകൻ കുൽദീപ് ചൗധരി, ചെലവു നിരീക്ഷകൻ ഭദാനേ സച്ചിൻ ഗുലാബ് റാവു എന്നിവരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളായ രാഹുൽ രാധാകൃഷ്ണൻ (എൽ.ഡി.എഫ്.), എസ്. സാക്കിർ ഹുസൈൻ (യു.ഡി.എഫ്.), പി.എസ്. ശിവപ്രസാദ് (എൻ.ഡി.എ.), ഫിലിപ്പ് ജോസഫ് (എസ്.യു.സി.ഐ.) എന്നിവരുടെയും സാന്നിധ്യത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഇത്. തുടർന്ന് ഓരോ പോളിങ് സ്റ്റേഷനിലേക്കുമുള്ള യന്ത്രങ്ങൾ നിശ്ചയിച്ചു. ഇതിനുശേഷമാണ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ഓരോ പോളിങ്ബൂത്തിലേക്കുമുള്ള യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകിയിട്ടുണ്ട്. ഇ.വി.എമ്മുകളുടെയും വിവിപാറ്റിന്റെയും രണ്ടാംഘട്ട ക്രമവത്‌കരണത്തെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.eci.gov.in./evm-vpta എന്ന വെബ്‌സൈറ്റിൽ മാനുവൽ ഓൺ ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ എന്നതിൽ ലഭിക്കും. ഒന്നാം പ്രിസൈഡിങ് ഓഫീസർമാരായി 264 പേരെയും രണ്ടും മൂന്നും ഓഫീസർമാരായി 258 പേരെ വീതവും നിയോഗിച്ചിട്ടുണ്ട്. പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ തിരഞ്ഞെടുപ്പിനുള്ള വിവിധ പരിശീലനങ്ങളും നടത്തി. പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ പുനലൂർ സർക്കാർ എച്ച്.എസ്.എസിൽ പ്രത്യേകം ക്രമീകരിക്കുന്ന കൗണ്ടറുകൾവഴി നടക്കും. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞയാഴ്ച പുനലൂർ നഗരത്തിൽ കേന്ദ്രസേനയും പോലീസും റൂട്ട്മാർച്ച് നടത്തിയിരുന്നു. Published: 03 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുനലൂരിൽ വോട്ടിങ് യന്ത്രങ്ങൾഎത്തി, കമ്മിഷനിങ് ഇന്ന്
M
MathrubhumiSource Link
about 1 month ago