പൂക്കളെ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടോ? പൂമ്പാറ്റകളെ ഇഷ്ടമില്ലാത്തവരും? ഇല്ല, അല്ലേ? എന്താണവയെ ഇഷ്ടപ്പെടാൻ കാരണം? അവയുടെ ഭംഗി! അവയ്ക്ക് ആ ഭംഗിയുണ്ടാകാൻ എന്താ കാരണം? അവയുടെ നിറങ്ങൾ അല്ലേ? എത്രയെത്ര നിറങ്ങളിലുള്ള പൂക്കളാണ്, പൂമ്പാറ്റകളാണ്! നിരത്തിവെച്ചാൽ മഴവില്ലുപോലും തോറ്റുപോകും, അല്ലേ? അത്ര ഭംഗിയല്ലേ പൂക്കൾക്ക്? പൂമ്പാറ്റകളെക്കാണുമ്പോൾ പാറിപ്പറന്നുനടക്കുന്ന പൂക്കളാണ് എന്നല്ലേ തോന്നൂ? അവയ്ക്കും എന്തു ഭംഗിയാണ്! To advertise here, എങ്ങനെ കിട്ടി പൂക്കൾക്കും പൂമ്പാറ്റകൾക്കും ഈ നിറങ്ങൾ? അറിയില്ലേ ആ കഥ? വരൂ, ഞാൻ പറഞ്ഞുതരാം! പണ്ടുപണ്ട്, എല്ലാ പൂക്കൾക്കും ഒരേ നിറമായിരുന്നു, പൂമ്പാറ്റകൾക്കും. ഏതു നിറമെന്നോ? വെള്ള, നല്ല വെള്ളനിറം! വിശ്വാസം വരുന്നില്ലെന്നോ? വേണ്ട, ഇഷ്ടമുള്ളവർ വിശ്വസിച്ചാൽ മതി! ഞാനെന്താ നുണ പറയുകയാണോ? അതും ഈ വയസ്സുകാലത്ത്? ശരി, ശരി! കഥയിലേക്കു വരാം. ആ വെളുത്ത പൂക്കൾ വിരിഞ്ഞുനിൽക്കുമ്പോഴുള്ള ഭംഗി! ഒന്നോർത്തു നോക്കൂ! ഇടക്കിടെ നക്ഷത്രങ്ങൾ തുന്നിച്ചേർത്ത ഒരു പച്ചപ്പട്ടു പുതച്ചതുപോലെയുണ്ടാകും ഭൂമി, അല്ലേ? അന്നത്തെ കുട്ടികളും മുതിർന്നവരും അങ്ങനെത്തന്നെ കരുതി, കുറേക്കാലം! പിന്നേയോ? ഒരേ കാഴ്ച! എല്ലായിടത്തും ഒരേ കാഴ്ചതന്നെ! എത്ര കാലമായി ഇതു കാണുന്നു! ആദ്യം കുട്ടികൾക്കു മടുത്തു, പിന്നെ മുതിർന്നവർക്കും! ആരുംതന്നെ പൂക്കളെയും, പൂമ്പാറ്റകളെയും കൗതുകത്തോടെ, ആശയോടെ നോക്കാതായി. ആ കാലത്ത് ഭൂമിയിൽ കാണാവുന്ന നിറങ്ങൾ എന്തൊക്കെയായിരുന്നു എന്നറിയാമോ? ഇലകളുടെ പച്ചനിറം, പൂക്കളുടേയും, പൂമ്പാററകളുടേയും (ചിലപ്പോൾ) മേഘങ്ങളുടേയും വെള്ളനിറം, കടലിന്റേയും മാനത്തിന്റേയും നീലനിറം, മണ്ണിന്റെ തവിട്ടുനിറം! നല്ല രസമായിരുന്നു അന്നത്തെ കുട്ടികൾക്ക് എന്നു തോന്നുന്നുണ്ടോ? ഇല്ല, അല്ലേ? ശരിയാണ്, കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഈ നിറങ്ങൾമാത്രം കണ്ടുകണ്ട് മടുപ്പു തോന്നിയിരുന്നു. അവർക്ക് ആകെ ഭംഗിയുള്ളതായിത്തോന്നിയത് മഴവില്ലുമാത്രമായിരുന്നു. ഏറെ അതിശയത്തോടെയായിരുന്നു അവർ മഴവില്ലിനെ കണ്ടിരുന്നത്. ആകാശത്ത്, ആ കാലത്ത് നാഴികകളോളം (അന്നു സമയമളന്നിരുന്നത് നാഴിക, വിനാഴിക, ഞൊടി എന്നെല്ലാമായിരുന്നു) മഴവില്ല് തെളിഞ്ഞുനിന്നിരുന്നു. പലരും, ഇന്നത്തെപ്പോലേതന്നെ, മായുന്നതുവരെ മഴവില്ലിനെ കൊതിയോടെ നോക്കിനിൽക്കുമായിരുന്നു. എത്ര നിറങ്ങൾ! എന്തു ഭംഗി! ഭൂമിയിലും ഇതുപോലുള്ള വ്യത്യസ്ത നിറങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ! അവർ ആശിച്ചിരുന്നു, തമ്മിൽത്തമ്മിൽ പറയുമായിരുന്നു. ഇതുകണ്ട് പൂക്കൾക്ക് വലിയ സങ്കടം തോന്നി. മഴവില്ലിനെ ഇത്രയും ആഹ്ലാദത്തോടെ നോക്കുന്ന മനുഷ്യർ! പ്രത്യേകിച്ചു കൊതിയോടെ നോക്കുന്ന കുട്ടികൾ! തങ്ങളേയും അത്രയും സ്നേഹത്തോടെ നോക്കിയെങ്കിൽ! അതായിരുന്നു പൂക്കളുടെ ആശ! അങ്ങനെ ആഹ്ലാദത്തോടെ, കൊതിയോടെ കുട്ടികൾ തങ്ങളേയും കാണാൻ എന്താണു പോംവഴി? പൂക്കൾ ആലോചിച്ചു. തേനുണ്ണാൻ വരുന്ന പൂമ്പാറ്റകളോട് പൂക്കൾ ഇക്കാര്യം പറഞ്ഞു. അപ്പോൾ അവരും അതേപ്പറ്റി, കുട്ടികൾ തങ്ങളെ കാണാൻ, തൊടാൻ ആശയോടെ, ആവേശത്തോടെ, തുള്ളിച്ചാടി ഓടിവരുന്നതിനെപ്പറ്റി സ്വപ്നം കാണുമായിരുന്നു എന്ന് പൂക്കളോടു പറഞ്ഞു. കൂടുതൽ നിറങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് മനുഷ്യരും ആഗ്രഹിച്ചു. പ്രത്യേകിച്ച് കുട്ടികൾ. പൂക്കൾക്കും, പൂമ്പാറ്റകൾക്കും മഴവില്ലിലെപ്പോലെ വിവിധ നിറങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നവരാശിച്ചു. പക്ഷേ, അതിനായി എന്തുചെയ്യണം എന്നവർക്കറിയില്ലായിരുന്നു. ചിലപ്പോൾ പൂക്കളുടെ അടുത്തുനിന്ന് കുട്ടികൾ അന്യോന്യം പറയും, ഈ പൂവിന് മഴവില്ലിലെ ആ നിറമായിരുന്നുവെങ്കിൽ, ഈ നിറമായിരുന്നുവെങ്കിൽ, മറ്റേ നിറമായിരുന്നുവെങ്കിൽ, മറിച്ച നിറമായിരുന്നുവെങ്കിൽ എന്നെല്ലാം! ഇതു കേട്ട് കുട്ടികളെപ്പോലേ തന്നെ പൂക്കളും, അവ പറയുന്നതു കേട്ട് പൂമ്പാറ്റകളും മനോരാജ്യത്തിൽ മുഴുകി, തങ്ങളും നിറമുള്ളവരായെങ്കിലെന്ന്! ആശ പെരുകിപ്പെരുകി വന്നതല്ലാതെ, അതിന് ഒരു നിവൃത്തിമാർഗ്ഗവും അവർ കണ്ടില്ല. അന്യോന്യം സംസാരിച്ചുസംസാരിച്ച് അവസാനം പൂക്കളും, പൂമ്പാറ്റകളും ചേർന്ന് ഒന്നു തീരുമാനിച്ചു, തങ്ങളുടെ ആഗ്രഹം ദൈവത്തെ അറിയിക്കുകതന്നെ. എല്ലാവരും ചേർന്ന് ദൈവത്തെ പ്രാർത്ഥിച്ചു. ദൈവത്തിന് നിങ്ങളെപ്പോലെ, ഏറെ പ്രിയപ്പെട്ടവയായിരുന്നു പൂക്കളും, പൂമ്പാറ്റകളും.. അതിനാൽ ദൈവം വേഗംതന്നെ അവരുടെ മുന്നിൽവന്നു. ദൈവത്തെ കണ്ടയുടനെ തൊഴുത് പൂക്കളും, പൂമ്പാറ്റകളും ചേർന്ന് ഉച്ചത്തിലുച്ചത്തിൽ അവരുടെ ആഗ്രഹം വിളിച്ചു പറയാൻ തുടങ്ങി. നന്നായൊന്ന് പുഞ്ചിരിച്ച് ദൈവം പറഞ്ഞു, 'എല്ലാവരും ചേർന്ന് ഒരേ സമ യത്തു പറഞ്ഞാൽ എങ്ങനെ ശരിയാകും? ഓരോരുത്തരായി വേണം പറയാൻ. എല്ലാവർക്കും പറയാനുള്ളത് ഞാൻ കേൾക്കാം. ആദ്യം പൂക്കളിൽ ഒരാൾ, പിന്നെ പൂമ്പാറ്റകളിൽ ഒരാൾ. വീണ്ടും ഒരു പൂവ്, പിന്നെ ഒരു പൂമ്പാറ്റ! അങ്ങനെ മാറി മാറി എല്ലാവർക്കും പറയാം!' ദൈവത്തെ തൊഴുതുകൊണ്ട് പൂക്കളിൽ ആദ്യമായി പറഞ്ഞത് താമരയായിരുന്നു. ''ദൈവമേ, ഞങ്ങൾക്കെല്ലാവർക്കും വെള്ളനിറമാണുള്ളത്. വെൺമ, പരിശുദ്ധിയുടെ നിറമാണ് എന്നതു ശരിതന്നെ. പക്ഷെ, മാനത്ത് മഴവില്ലു കാണുമ്പോൾ ഞങ്ങൾക്കും മോഹമാണ്, വിവിധനിറങ്ങൾ ഞങ്ങൾക്കും ഉണ്ടായിരുന്നുവെങ്കിൽ എന്ന്. ഞങ്ങളെക്കാണാൻ കുറേക്കൂടി ചേലുണ്ടാകുമായിരുന്നില്ലേ എന്ന്! വിവിധ നിറങ്ങളുള്ള പൂക്കൾ നിറഞ്ഞാൽ ഈ ഭൂമിതന്നെ എത്ര മനോഹരമാകും! അതുകൊണ്ട് അങ്ങ് ഞങ്ങൾക്ക് വ്യത്യസ്തനിറങ്ങൾ നൽകണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന!' ദൈവം തലയാട്ടി. പിന്നെ പൂമ്പാറ്റകളുടെ നേരെ തിരിഞ്ഞു. ഒരു വലിയ പൂമ്പാറ്റ ദൈവത്തെ വണങ്ങിക്കൊണ്ടു പറഞ്ഞു. 'ഭഗവാനേ, പൂക്കൾ പറഞ്ഞതുതന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. വിവിധ നിറങ്ങളുള്ള പൂക്കളും, അവ യെ ചുറ്റിപ്പറ്റി പാറിനടക്കുന്ന വ്യത്യസ്തനിറങ്ങളുള്ള പൂമ്പാറ്റകളും! ഭൂമി എത്ര മനോഹരിയായി മാറും! ഞങ്ങൾക്കു മാത്രമല്ല ഈ ലോകത്തുള്ള സകല ജീവജാലങ്ങൾക്കും ആഹ്ലാദമുണ്ടാകും, അങ്ങനെയായാൽ! ഞങ്ങളും പൂക്കളും അത്തരത്തിലായെങ്കിൽ എന്നു കൊച്ചുകുട്ടികൾവരെ പലപ്പോഴും പറയുന്നത്, ആശിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. അങ്ങു മനസ്സു വെച്ചാലേ അതു നടക്കൂ!' ദൈവം പൂക്കളുടെ ഭാഗത്തേക്ക് നോക്കി. അവർ ഒറ്റക്കെട്ടായിപറഞ്ഞു, താമരയുടെ അപേക്ഷതന്നെയാണ് തങ്ങളുടേയും അപേക്ഷയെന്ന്. മറ്റു പൂമ്പാറ്റകളും അതുതന്നെ പറഞ്ഞു. ദൈവം ചിന്താമഗ്നനായി അൽപനേരം ഇരുന്നു. എന്നിട്ടു പറഞ്ഞു, ''തീർച്ചയായും എല്ലാ പൂക്കൾക്കും പൂമ്പാറ്റകൾക്കും നിറം നൽകാം. പക്ഷേ, ഓരോരുത്തരെയായി വിളിച്ചു നൽകാൻ കഴിയില്ലല്ലൊ. ഞാനൊരു കാര്യം ചെയ്യാം! നിറങ്ങളെല്ലാമെടുത്ത്, മഴ പൊഴിയുന്നതുപോലെ തളിക്കാം. കൂട്ടമായി നിൽക്കുന്നവരിൽ ആർക്ക് എന്തു നിറം കിട്ടുന്നുവോ അവർക്ക് ആ നിറം സ്വന്തം! പൂക്കൾക്കായാലും, പൂമ്പാറ്റകൾക്കായാലും! എന്താ സമ്മതമാണോ?' എല്ലാ പൂക്കളും, പൂമ്പാറ്റകളും വളരെ ആഹ്ലാദത്തോടെ സമ്മതമറിയിച്ചു. ദൈവം എല്ലാ നിറങ്ങളുമെടുത്ത് ഓരോന്നായി അവയുടെ മീതെ തളിച്ചു. നിറങ്ങൾ പൊഴിയാൻ തുടങ്ങിയപ്പോൾ ചില പൂക്കൾ ആടിക്കൊണ്ടു നിന്നു, പൂമ്പാറ്റകൾ ആവേശത്തോടെ പാറിപ്പറന്നു! അതിനാൽ ചില പൂക്കൾക്ക് വ്യത്യസ്തനിറം കിട്ടി, ചിലവക്ക് ഒരു നിറംമാത്രവും. പൂമ്പാറ്റകൾ പാറിനടന്നതിനാൽ മിക്കവയുടെ ചിറകുകളിലും വ്യത്യസ്ത നിറ മുള്ള തുള്ളികൾ പതിച്ചു. അങ്ങനെ പല നിറമുള്ള ചിറകുകളോടു കൂടിയ പൂമ്പാറ്റകളും ഉണ്ടായി. പക്ഷെ, ആ തള്ളിലും തിരക്കിലുംപെട്ട്, ചില പൂക്കളുടേയും പൂമ്പാറ്റകളുടേയും മീതെ ഒരു തുള്ളി നിറംപോലും പതിഞ്ഞില്ല. അവയ്ക്ക് വളരെ സങ്കടമായി. അവ ദൈവത്തെ സമീപിച്ച് സങ്കടം അവതരിപ്പിച്ചു. ദൈവം പറഞ്ഞു, ''ഇനി എന്തു ചെയ്യും? ഇനിയും നിറക്കൂട്ടു ചിലവാക്കിയാൽ മഴവില്ലിനു നിറം നൽകാൻ കഴിയില്ല. ഇപ്പോൾത്തന്നെ മഴവില്ലിന് അൽപനേരത്തേക്കു തെളിയാനുളള നിറങ്ങൾ മാത്രമേ ബാക്കിയുള്ളു. അങ്ങനെ വലിയൊരു പ്രശ്നമുണ്ട്. പക്ഷേ, നിങ്ങളെന്തിനാണ് ഇത്രയും വിഷമിക്കുന്നത്? മറ്റെല്ലാ പൂക്കൾക്കും, പൂമ്പാറ്റകൾക്കും മറ്റു നിറങ്ങളായതുകൊണ്ട് നിങ്ങൾ അവയിൽ നിന്നും വ്യത്യസ്തമായില്ലേ? എല്ലാ നിറത്തിലുമുള്ള പൂക്കളും, പൂമ്പാറ്റകളും വേണ്ടേ ഭൂമിയിൽ? ഒരു കാര്യം കൂടിചെയ്യാം! നിങ്ങളിൽ ഇഷ്ടമുള്ളവക്ക് പകൽ വിരിയാം, മറ്റുള്ളവക്ക് രാത്രിയും. പൂമ്പാറ്റകൾക്കും അതേപോലെതന്നെ! എന്താ സമ്മതമല്ലേ?' പൂക്കൾ കാറ്റിലാടും പോലെ ആടിക്കൊണ്ടും, പൂമ്പാറ്റകൾ ചിറകടിച്ചുകൊണ്ടും സമ്മതമറിയിച്ചു. അങ്ങനെയാണത്രെ പൂക്കൾക്കും പൂമ്പാറ്റകൾക്കും ഇത്രയും ഭംഗിയുള്ള നിറങ്ങൾ കിട്ടിയതും ഭൂമി ഇത്രയും സുന്ദരിയായതും! പിറ്റേന്നു രാവിലെ സൂര്യൻ ഉദിച്ചുയർന്നപ്പോൾ മനുഷ്യർ അമ്പരന്നുപോയി! എന്തെന്തു നിറമുള്ള പൂക്കൾ! പൂമ്പാറ്റകൾ! കുട്ടികൾക്കായിരുന്നു ഏറ്റവും വലിയ ആഹ്ലാദം! അവരാദ്യം തുള്ളിച്ചാടി. പിന്നെ പൂക്കളെ തൊട്ടുതലോടി, താലോലിച്ചു, പാറിനടക്കുന്ന പൂമ്പാറ്റകളുടെ പിന്നാലെ ഓടിച്ചാടിനടന്നു. ലോകം സുന്ദരമായി മാറി! ആഹ്ലാദവതികളായ പൂക്കൾ, പൂമ്പാറ്റകൾ, ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുന്ന കുട്ടികൾ! ഭൂമിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം എന്തു വേണം! ഭൂമിയുടെ സന്തോഷം കണ്ട് സൂര്യ ദേവൻ പുഞ്ചിരിച്ചു. ദൈവവും ഏറെ സന്തോഷിച്ചു. പക്ഷേ, ഇന്നും മനുഷ്യന് പിടികിട്ടിയിട്ടില്ല, ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പൂക്കളും, പൂമ്പാറ്റകളും എങ്ങനെയാണ് ഇത്രയും സുന്ദരികളും സുന്ദരന്മാരുമായത് എന്ന്!

പൂക്കൾക്കും പൂമ്പാറ്റകൾക്കും നിറങ്ങൾ കിട്ടിയതും ഭൂമി സുന്ദരിയായതും എങ്ങിനെയാണെന്നറിയണ്ടേ?
M
MathrubhumiSource Link
about 1 month ago