കേ രളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് തീയതികുറിച്ചു. കൂടുതൽ ആകാംക്ഷയോടെ മലയാളികൾ നാളെണ്ണി കാത്തിരിക്കുക അടുത്ത അഞ്ചുവർഷം തങ്ങളെ ആര് ഭരിക്കണമെന്ന തീരുമാനം രേഖപ്പെടുത്താനാവും. ഭരണത്തിൽ പത്തുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫും പ്രതിപക്ഷത്തിരുന്നതിന്റെ ക്ഷീണം മാറ്റാനെത്തുന്ന യുഡിഎഫും തമ്മിൽ മത്സരം. കേവലം അക്കൗണ്ട് തുറക്കുക എന്നതിനപ്പുറത്തേക്ക് വലിയ ലക്ഷ്യങ്ങളുമായി എൻഡിഎയും. ഭരണത്തിൽ തിരിച്ചെത്തിയേക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നവർ നിരവധിയാണ്. പരിചയസമ്പത്ത് കണക്കിലെടുത്താൽ, സജീവ രാഷ്ട്രീയത്തിലുള്ള കോൺഗ്രസ് നേതാക്കളിൽ ഏറ്റവും സീനിയോറിറ്റി രമേശ് ചെന്നിത്തലയ്ക്കാണ്. കോൺഗ്രസിന്റെ യുവജനവിഭാഗം യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നപ്പോൾ ചെന്നിത്തലയുടെ കീഴിൽ പശ്ചിമബംഗാൾ സംസ്ഥാന അധ്യക്ഷയായിരുന്നു മമത ബാനർജി. കേരളത്തിനൊപ്പം ബംഗാളും തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ, പഴയ സഹപ്രവർത്തകർ കേന്ദ്രം വിളിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗങ്ങളിൽ ഒന്നിച്ചു പങ്കെടുക്കുന്ന കൗതുകക്കാഴ്ച കാണാനുള്ള ആകാംക്ഷ മലയാളികൾക്കുണ്ടാവും. അതിന് കേരളത്തിലും ബംഗാളിലും ഫലം മാത്രമല്ല രാഷ്ട്രീയസാഹചര്യങ്ങൾ കൂടി ഒത്തുവരണം. To advertise here, ഭരണം തുടരാൻ 294 അംഗ നിയമസഭയിലേക്കാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ പിണറായി വിജയനെപ്പോലെ ഭരണത്തുടർച്ചയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ ലക്ഷ്യം. പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുമ്പോൾ, നാലാം തവണ ഭരണസാരഥ്യത്തിലെത്തുകയാണ് മമതയുടെ ലക്ഷ്യം. പൂജ്യത്തിൽ നിന്ന് പ്രതിപക്ഷത്തേക്കെത്തിയ ബിജെപിയാണ് ബംഗാളിൽ മമതയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി നിയമസഭയ്ക്ക് പുറത്തുനിൽക്കേണ്ടിവന്ന ഇടതുപാർട്ടികളും കോൺഗ്രസും അഭിമാനപ്പോരാട്ടത്തിനായി രംഗത്തുണ്ട്. 2011 രാജ്യത്തെ ഇടതുപാർട്ടികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട വർഷമാണ്. 34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് മമത ബാനർജി ബംഗാളിൽ അധികാരം പിടിച്ചെടുത്ത വർഷമാണത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടു ശതമാനം 2011-ലായിരുന്നു. കോൺഗ്രസ് തൃണമൂലുമായി ചേർന്ന് മത്സരിച്ച 2011-ൽ 226 സീറ്റുമായാണ് മമത ബാനർജി ആദ്യമായി ബംഗാൾ മുഖ്യമന്ത്രിയായത്. സിപിഎമ്മിനെ നയിച്ച ബുദ്ധദേവ് ഭട്ടാചാര്യ സിറ്റിങ് സീറ്റായ ജാദവ്പുരിൽ തോറ്റു. 40 ഇടത്താണ് സിപിഎം എംഎൽഎമാരുണ്ടായത് വോട്ടു ശതമാനത്തിൽ 2011-നെ അപേക്ഷിച്ച് ആവേശം കുറഞ്ഞ തിരഞ്ഞെടുപ്പുകളായിരുന്നു പിന്നീട് നടന്നത്. നാരദാ ഒളിക്യാമറ വിവാദം ഉൾപ്പെടെ ഭരണത്തെ പിടിച്ചുകുലുക്കിയെങ്കിലും മമത തന്നെ 2016-ൽ മുഖ്യമന്ത്രിയായി തിരിച്ചെത്തി. ജന ആന്ദോളൻ പാർട്ടിയെ മാത്രം കൂടെക്കൂട്ടി മത്സരിച്ച തൃണമൂൽ, 211 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച സിപിഎമ്മിന്റെ തകർച്ചയുടെ ആഘാതം വർധിച്ചു. 26 ഇടത്തുമാത്രം വിജയിച്ചു. കോൺഗ്രസ് ആവട്ടെ 44 സീറ്റുമായി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി. ബിജെപി വിതച്ചതുകൊയ്ത തിരഞ്ഞെടുപ്പായിരുന്നു 2021-ലേത്. മമതയുടെ 15 വർഷത്തെ ഭരണം താഴെവീഴുമെന്ന് സർവേകൾ പ്രവചിച്ച വർഷം. പക്ഷേ, ബിജെപിയുടെ പോരാട്ടം 77 സീറ്റുകളിൽ അവസാനിച്ചു. സിപിഎമ്മും കോൺഗ്രസും നാമാവശേഷമായ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യപ്രതിപക്ഷമായി വളർന്നു. ഇടതുവോട്ടർമാർ മമതയ്‌ക്കെതിരേ ബിജെപിക്ക് വോട്ടുചെയ്തതാണ് ഇത്തരമൊരു ഫലത്തിന് കാരണമെന്ന് വിലയിരുത്തലുണ്ടായി. അഭിമാനപ്പോരാട്ടങ്ങൾ തുടർച്ചയാണ് മമതയുടെ ലക്ഷ്യമെങ്കിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിർത്തിയിടത്തു നിന്ന് അധികാരത്തിലേക്കുള്ള കുതിപ്പാണ് ബിജെപി ഉന്നമിടുന്നത്. മണ്ണിന്റെ മക്കൾ വാദത്തിന്റെ ബംഗാൾ പതിപ്പുമായി മുന്നിൽനടക്കുന്ന മമതയുടെ ചുമലിലേറിയാണ് തൃണമൂൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മമതയുടെ പ്രഭാവത്തെ മറകടക്കാൻ കഴിയുന്ന നേതാക്കൾ ബിജെപിക്കുണ്ടോ എന്നത് സംശയമാണ്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകന്ത മജുംദാറും മുൻ അധ്യക്ഷൻ ദിലീപ് ഘോഷുമൊക്കെയുണ്ടെങ്കിലും, മറ്റിടങ്ങളിലെന്നപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാവും ബംഗാളിലും ബിജെപിയുടെ 'മുഖ്യമന്ത്രി സ്ഥാനാർഥി'. സഖ്യമില്ലാതെയാണ് കോൺഗ്രസും സിപിഎമ്മും ഇത്തവണ മത്സരിക്കുന്നത്. 2021-ലെ ഒറ്റ സീറ്റുമില്ലാത്ത അവസ്ഥയിൽനിന്ന് തിരിച്ചുവരവിന്റെ സൂചനകൾ സിപിഎം കാണിക്കുന്നുണ്ടെന്നാണ് പ്രാദേശിക തിരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുന്നത്. പക്ഷേ, കൊഴിഞ്ഞുപോക്കുകൾ ഉൾപ്പെടെ സിപിഎമ്മിന് വെല്ലുവിളിയാവുന്നുണ്ട്. സ്വന്തം പാർട്ടി സെക്രട്ടറി മുഹമ്മദ് സലീമിനെ ഗബ്ബർ സിങ് എന്ന് വിശേഷിപ്പിച്ചാണ് യുവനേതാവ് പ്രതീകുർ റഹ്‌മാൻ സിപിഎം വിട്ടത്. നിലവിലെ വോട്ടുശതമാനത്തിലെ അഞ്ചുശതമാനത്തിൽനിന്നുള്ള ഏത് സ്ഥാനക്കയറ്റവും സിപിഎമ്മിന് വലിയ നേട്ടമാണ്. മൂന്ന് ശതമാനത്തോട് അടുത്തുനിൽക്കുന്ന കോൺഗ്രസിന്റേതും സമാനസാഹചര്യം തന്നെ. കലങ്ങിമറിഞ്ഞ വംഗനാട് പ്രഖ്യാപനത്തിന് ഏറെ മുമ്പ് തന്നെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം സജീവമായിരുന്നു. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആർ) വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. തങ്ങൾ വിജയിച്ച മണ്ഡലങ്ങളിൽനിന്ന് മനഃപൂർവ്വം വോട്ടർമാരെ നീക്കംചെയ്യാനാണ് ബിജെപി ശ്രമിക്കന്നതെന്നാണ് തൃണമൂലിന്റെ ആക്ഷേപം. നുഴഞ്ഞുകയറ്റക്കാരെ നീക്കംചെയ്യാനാണ് എസ്‌ഐആർ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പിന്തുണ. കോടതി കയറിയെ വോട്ടർപട്ടികയിൽനിന്ന് 60 ലക്ഷത്തോളം പേർ പുറത്തായെന്നാണ് ഒടുവിലെ കണക്ക്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കേസ് വാദിക്കാൻ മമത തന്നെയെത്തി. മുതിർന്ന അഭിഭാഷകരുടെ നീണ്ടനിര സംസ്ഥാനത്തിന് വേണ്ടി വാദിക്കാൻ സുപ്രീംകോടതിയിലുണ്ടായിരുന്നെങ്കിലും അഭിഭാഷകകുപ്പായം അണിഞ്ഞുവന്ന മമത നൽകിയത് വലിയ രാഷ്ട്രീയസന്ദേശമായിരുന്നു. സുപ്രീംകോടതിയിൽനിന്ന് മമത തിരിച്ചെത്തിയ പിറ്റേ ദിവസമായിരുന്നു തൃണമൂൽ സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. നേരിട്ട് സാമ്പത്തിക സഹായങ്ങൾ കൈമാറുന്ന പദ്ധതികൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അക്കൗണ്ടിൽ പണം നൽകുന്ന ലക്ഷ്മിബണ്ഡാർ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. 2.2 കോടി സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. പത്താംക്ലാസ് കഴിഞ്ഞ തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ചു. ആശാ- അങ്കണവാടി വർക്കർമാരുടെ വേതനത്തിൽ 1,000 രൂപ വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വർധിപ്പിച്ചതും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. സ്ത്രീകളുടേയും യുവാക്കളുടേയും വോട്ടുബാങ്കുകളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളെ തിരഞ്ഞെടുപ്പ് കൈക്കൂലി എന്നായിരുന്നു പ്രതിപക്ഷം വിമർശിച്ചത്. കേന്ദ്ര അവഗണനയ്ക്കിടയിലും ജനക്ഷേമം ഉറപ്പാക്കുകയാണ് തങ്ങളെന്നാണ് സർക്കാർ അവകാശവാദം. മുസ്ലിം ന്യൂനപക്ഷവും മഹിളകളും തങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മമത. ഗവർണർ സി.വി. ആനന്ദ ബോസിന്റെ രാജിയും തുടർന്ന് ആർ.എൻ. രവിയുടെ നിയമനവും തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബംഗാളിൽ വലിയ ചർച്ചയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സിലിഗുഡി സന്ദർശനവും രാഷ്ട്രീയവിവാദമായി. മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്താതിരുന്നത് പ്രോട്ടോക്കോൾ ലംഘനമായി ബിജെപി ഉയർത്തിക്കാട്ടി. മുഖ്യമന്ത്രിക്ക് പകരം സിലിഗുഡി മേയർ ഗൗതം ദേബ് ആണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 'ഞാനും ബംഗാളിന്റെ മകളാണ്... മമത എന്റെ അനിയത്തിയാണ്' എന്നായിരുന്നു രാഷ്ട്രപതിയുടെ വൈകാരികമായ മറുപടി. തൃണമൂലിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡിനെ മമത നേരിട്ട രീതി അവരുടെ 'സ്ട്രീറ്റ് ഫൈറ്റർ' പ്രതിച്ഛായ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. റെയ്ഡ് നടന്ന ഓഫീസിൽനിന്ന്മമത ഒരു ലാപ്ടോപ്പും പച്ച ഫോൾഡറുമായി പുറത്തുവന്നതും തുടർന്ന് നടത്തിയ നാല് മണിക്കൂർ ധർണ്ണയും തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടമായാണ് തൃണമൂൽ അവതരിപ്പിച്ചത്. ബംഗാളി സ്വത്വത്തെ ബിജെപിക്ക് എതിരെ ആയുധമാക്കാനും മമത ശ്രമിക്കുന്നുണ്ട്. അയൽസംസ്ഥാനമായ ബിഹാറിൽ ഇറച്ചി, മത്സ്യവില്പനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണം പോലും ബിജെപിക്കെതിരേ ആയുധമാക്കി. ബിജെപിയുടെ വെല്ലുവിളികൾ അടിത്തട്ടിലെ സംഘടനാശക്തിയില്ലായ്മയാണ് ബിജെപിയെ നേരിടുന്ന പ്രധാനവെല്ലുവിളി. തൃണമൂലിന്റെ ആക്രമണങ്ങളും പോലീസ് വ്യാജ കേസുകൾ ചുമത്തുന്നതും പ്രവർത്തകരെ പിന്നോട്ടടിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ഇതിനിടയിലും വോട്ടുകണക്കിലെ മുന്നേറ്റത്തിലാണ് ബിജെപി പ്രതീക്ഷ. തൃണമൂൽ-മമത വിരുദ്ധവോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി ശ്രമം. നേതൃബാഹുല്യമുള്ള ബിജെപിയിൽ അന്തച്ഛിദ്രങ്ങളും വലിയ വെല്ലുവിളിയാണ്. എങ്കിലും ജനുവരിയിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശമുൾക്കൊണ്ട്, തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകാൻ ഇപ്പോൾ ബിജെപി ശ്രമിക്കുന്നുണ്ട്. മമതയുടെ നേതൃത്വത്തിൽ തൃണമൂൽ വിജയകരമായി അടിച്ചേൽപ്പിച്ച, പുറത്തുനിന്ന് വന്നവരെന്ന ചാപ്പ ബിജെപിക്ക് വലിയ ക്ഷീണമാണ്. എൻഡിഎ സർക്കാർ ബിഹാറിൽ മത്സ്യ- മാംസ വിപണനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ബംഗാളിലെ ബിജെപിയെയാണ് ബാധിച്ചത്. ഇതെല്ലാം മറികടക്കാൻ, 'ജയ് ശ്രീറാ'മിൽനിന്ന് 'ജയ് മാ കാളി'യിലേക്ക് ബിജെപി മെല്ല ചുവടുമാറുകയാണ്. ബംഗാളിലെ ഇതിഹാസതുല്യരായ വ്യക്തികളെക്കുറിച്ച് പ്രസ്താവനകളിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൃദയമില്ലാത്ത സർക്കാർ എന്നാണ് മോദി മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെ വിശേഷിപ്പിച്ചത്. മഹാജംഗിൾ രാജ് അവസാനിപ്പിക്കുമെന്നും അവകാശപ്പെടുന്നു. ബിജെപി അധികാരത്തിൽവന്നാൽ സംസ്ഥാനത്ത് നിയമവാഴ്ച തിരിച്ചുകൊണ്ടുവരുമെന്നും ഒരൊറ്റ തൃണമൂൽ അക്രമിയേയും വെറുതേ വിടില്ലെന്നും പറയുന്നു. എസ്‌ഐആറിൽ പുറത്തായവരെ കടന്നുകയറ്റക്കാർ എന്നാണ് മോദി വിശേഷിപ്പിച്ചത്. ബംഗാളിന്റെ മണ്ണും പെണ്ണും അന്നവും ഇവർ കാരണം ഭീഷണി നേരിടുന്നുവെന്നും മോദി പറഞ്ഞു. ഭരണവിരുദ്ധവികാരം, അഴിമതി ആരോപണം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ എന്നിവയാണ് ബിജെപി മമതയ്‌ക്കെതിരേ ആയുധമാക്കാനൊരുങ്ങുന്നത്. മമതയുടെ ക്ഷേമരാഷ്ട്രീയത്തെ മറികടക്കാനുള്ള വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പളക്കമ്മിഷനെ നിയമിക്കുമെന്നും ഒഴിവുള്ള സർക്കാർ തസ്തികകളിൽ നിയമനം നടത്തുമെന്നും സ്ത്രീ ശാക്തീകരണത്തിനായി 5,700 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു. ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിൽനിന്നുള്ളവർ ഉൾപ്പെടെ 60 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയ എസ്‌ഐആറിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പിന്തുണയ്ക്ക് പക്ഷേ ബിജെപി മറുപടി നൽകേണ്ടിവരും. ഒടുവിൽ ആര്? ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്നത് തങ്ങൾക്ക് അനുകൂലമാവുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ. കോൺഗ്രസും സിപിഎമ്മും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. ഹുമയൂൺ കബീറിന്റെ ജനതാ ഉന്നയൻ പാർട്ടിയും നൗഷാദ് സിദ്ദിഖിയുടെ ഐഎസ്എഫും ചേർന്ന് രൂപവത്കരിക്കുന്ന സഖ്യം മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. തൃണമൂൽ എംഎൽഎയായിരുന്നു ഹുമയൂൺ കബീർ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിൽ അഭിഷേക് ബാനർജിക്കെതിരെ മത്സരിച്ച സിപിഎം യുവ നേതാവ് പ്രതികൂർ റഹ്‌മാൻ തൃണമൂലിൽ ചേർന്നത് വലിയ തിരച്ചടിയായിരുന്നു. ലക്ഷ്മിർ ഭണ്ഡാർ പോലുള്ള പദ്ധതികളെ പ്രകീർത്തിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. മൗസം ബേനസീർ നൂർ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത് മാൽഡ മേഖലയിൽ കോൺഗ്രസിന് കരുത്തുപകരുമെന്നും വിശ്വസിക്കപ്പെടുന്നു. മമതയുടെ 'ക്ഷേമ രാഷ്ട്രീയവും' മോദിയുടെ 'ഗ്യാരന്റി'യും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് ബംഗാളിൽ ഇത്തവണ നടക്കാൻ പോകുന്നത്. സ്ത്രീ വോട്ടർമാരുടെ പിന്തുണ, മുസ്ലിം വോട്ടുകളുടെ ഏകീകരണം, ഭരണവിരുദ്ധ വികാരം എന്നിവയാണ് ഫലത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങൾ. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും തൃണമൂലിന് വെല്ലുവിളിയാകും. ക്ഷേമപദ്ധതികളിലൂടെ വലിയൊരു വിഭാഗം സ്ത്രീകളുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് അവരുടെ ആത്മവിശ്വാസം.

പൂജ്യത്തിൽനിന്ന് പ്രതിപക്ഷത്തെത്തിയ ബിജെപി, അപ്രസക്തരായ ഇടതുപക്ഷം; വംഗനാട്ടിൽ തുടർച്ചയ്ക്ക് മമത
M
MathrubhumiSource Link
about 2 months ago