പൂഞ്ഞാർ : സെബാസ്റ്റ്യന്മാരുടെ മത്സരത്തിൽ എം.ജെ. സെബാസ്റ്റ്യന് ജയം. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ 6693 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കം വിജയിച്ച് മണ്ഡലം തിരിച്ചുപിടിച്ചത്. എം.ജെ. സെബാസ്റ്റ്യന് 56,900 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 50,207 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി പി.സി. ജോർജിന് 36,172 വോട്ടും ലഭിച്ചു. To advertise here, 2021-ൽ 16,817 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്, എൽ.ഡി.എഫിനുവേണ്ടി സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. 66 വർഷത്തിനുശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. 1957-ലും 1960-ലുമാണ് ഇതിനുമുൻപ് കോൺഗ്രസ് ജയിച്ചത്. അല്ലാത്തപ്പോഴൊക്കെ കേരള കോൺഗ്രസ് സ്ഥാനാർഥികളിലൂടെമാത്രമേ മണ്ഡലം യു.ഡി.എഫ്. പിടിച്ചിട്ടുള്ളൂ. കഴിഞ്ഞതവണ എൽ.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഇത്തവണ യു.ഡി.എഫിനൊപ്പം നിന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായിരുന്ന യു.ഡി.എഫ്. ഇത്തവണ വൻ തിരിച്ചുവരവാണ് നടത്തിയത്. ഏറ്റവും അവസാനനിമിഷമാണ് പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. യു.ഡി.എഫ്. തരംഗത്തിനൊപ്പം, അവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും വിജയഘടകമായി. ന്യൂനപക്ഷവോട്ടുകൾ നേടാൻ കഴിഞ്ഞതും ഇത്തവണ യു.ഡി.എഫിന് നേട്ടമായി. കഴിഞ്ഞതവണ എൽ.ഡി.എഫിന് ലഭിച്ച ന്യൂനപക്ഷവോട്ടുകളിൽ ഇത്തവണ ഇടിവുണ്ടായി. നിഷ്പക്ഷരായ വോട്ടർമാർ മാറ്റമാഗ്രഹിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. ഒപ്പം, മണ്ഡലത്തിലെ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതും എൽ.ഡി.എഫ്. വോട്ടുചോർച്ചയ്ക്ക് കാരണമായി. എൽ.ഡി.എഫ്. മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തുകളിൽപ്പോലും യു.ഡി.എഫ്. ലീഡുയർത്തി. എൽ.ഡി.എഫിന് ഈരാറ്റുപേട്ട മുനിപ്പാലിറ്റിയിലടക്കം കഴിഞ്ഞതവണത്തെക്കാൾ വോട്ടിൽ കുറവുണ്ടായി. കഴിഞ്ഞതവണ ഒരുമുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച് രണ്ടാംസ്ഥാനത്തായിരുന്ന പി.സി. ജോർജ് എൻ.ഡി.എ. മുന്നണിയുടെ പിന്തുണയുണ്ടായിട്ടും മൂന്നാംസ്ഥാനത്തായി. ന്യൂനപക്ഷവോട്ടുകൾ കൈവിട്ടത് ഇത്തവണയും പി.സി. ജോർജിന് തിരിച്ചടിയായി. കഴിഞ്ഞതവണ 41,851 വോട്ട് ലഭിച്ചിരുന്നു. Published: 05 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
