പൂരം കുളിച്ച് മാടം കയറി

പൂരം കുളിച്ച് മാടം കയറി

M
MathrubhumiSource Link
ചെറുവത്തൂർ : ഉത്തരദേശത്തെ പ്രധാന ക്ഷേത്രങ്ങളിൽ ആറാട്ടറിയിച്ച് പെരുമ്പറകൊട്ടി. പാണിയും പാണ്ടിമേളവും കൊട്ടി തിടമ്പെഴുന്നള്ളിച്ചു. കുളക്കടവിൽ പൂജ നടത്തി പൂരംകുളിച്ച് മാടം കയറി. തിടമ്പുനൃത്തം, ശ്രീഭൂതബലിയും കണ്ട് ഭക്തർ കൈകൂപ്പി. 32 വിളക്കും രണ്ട് ആറാട്ടും നടക്കുന്ന ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ കുളങ്ങര ആറാട്ടും പൂരംകുളിയും നടന്നു. നൂറുകണക്കിനാളുകൾ കുളക്കടവിലെത്തി. ക്ഷേത്രത്തിലെത്തിയവർക്കെല്ലാം പൂരച്ചോറും വിളമ്പി. To advertise here, ബുധനാഴ്ച വയലിൽ ആറാട്ട് നടക്കും. 30 വിളക്കും ആറാട്ടും നടക്കുന്ന പിലിക്കോട് രയരമംഗലത്ത് ഭഗവതിയും മുച്ചിലോട്ട് ഭഗവതിയും ഏച്ചിക്കുളത്തിൽ പൂരം കുളിച്ചു. വറക്കോട്ടുവയലിലെ പാണ്ടിമേളത്തിന് ശേഷം തീക്കുഴിച്ചാലിൽ രയരമംഗലത്ത് ഭഗവതിയും മുച്ചിലോട്ട് ഭഗവതിയും നേർമുഖം കണ്ടു. തുടർന്ന് കുഞ്ഞരയാൽത്തറയിലൂടെ എഴുന്നള്ളി നാരായണപുരം ക്ഷേത്രത്തിലെ തിടമ്പുനൃത്തത്തിന് ശേഷമാണ് ഏച്ചിക്കുളത്തിൽ പൂരം കുളിച്ചത്. കൊട്ടുമ്പുറത്തെ സേവയും കഴിഞ്ഞ് രയരമംഗലത്ത് തിടമ്പുനൃത്തം നടത്തി. ബുധനാഴ്ച ഉത്രവിളക്കോടെ ഉത്സവം സമാപിക്കും. ഉത്തരദേശത്തെ കാവുകളിലും സ്ഥാനങ്ങളിലും പൂരക്കളി പണിക്കരും വാല്യക്കാരും 18 നിറങ്ങളും വൻകളികളും പാടിയാടിക്കളിച്ചു. ആണ്ടും പള്ളും പാടി പൊലിപൊലിച്ച് കളിതൊഴുതശേഷം ദേവീദേവ വിഗ്രഹങ്ങളും തിരുവായുധങ്ങളും പൂരംകുളിപ്പിച്ച് മഞ്ഞക്കുറി ചാർത്തി പള്ളിയറകളിൽ പ്രതിഷ്ഠിച്ചു. തറവാടുകളിലും വീടുകളിലും ചെമ്പകപ്പൂവും ചെത്തിപ്പൂവും നരയൻപൂവും മുരിക്കിൻപൂവും എരിക്കിൻപൂവും ശേഖരിച്ച് പെൺകിടാങ്ങൾ കാമരൂപമൊരുക്കി കാമപൂജ നടത്തി. പൂരച്ചോറും പൂരയടയും വിളമ്പി. വരും കൊല്ലം നേരത്തേ കാലത്തേ വരണേ കാമായെന്ന് ചൊല്ലി കാമനെ യാത്രയാക്കിയതോടെ ഉത്തരദേശത്തെ വസന്തോത്സവത്തിന് സമാപനമായി. കുട്ടമത്ത് ഭഗവതി ക്ഷേത്രം, കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രം, നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം, നെല്ലിക്കാൽ ഭഗവതി ക്ഷേത്രം, മയ്യിച്ച-വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രം, പുത്തിലോട്ട് മാപ്പിടിച്ചേരിക്കാവ് ഭഗവതി ക്ഷേത്രം, വേങ്ങക്കോട്ട് ഭഗവതിക്ഷേത്രം, കരക്കക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, തെരു സോമേശ്വരി ക്ഷേത്രം, കൂറുംബ ഭഗവതി ക്ഷേത്രം, മല്ലക്കര വിഷ്ണുമൂർത്തി ക്ഷേത്രം, കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനം തുടങ്ങിയ ക്ഷേത്രങ്ങളിലും കാവുകളിലും പൂരംകുളി ആഘോഷിച്ചു. അപൂർവം ക്ഷേത്രങ്ങളിൽ വെള്ളിയാഴ്ച ഉത്രവിളക്ക് ഉത്സവവും പൂരക്കളിയും ശ്രീഭൂതബലിയും നടക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂരം കുളിച്ച് മാടം കയറി — Mathrubhumi | Boolokam | Boolokam