ഉദയംപേരൂർ : മത്സ്യബന്ധനത്തിന് കൊണ്ടുപോകുന്ന യമഹ എൻജിൻ ഘടിപ്പിച്ച വള്ളവുമായി പെട്രോൾപമ്പുകളിൽ മത്സ്യത്തൊഴിലാളികളുടെ വേറിട്ട വൻ പ്രതിഷേധം. തിങ്കളാഴ്ച രാവിലെയായിരുന്നു ഉദയംപേരൂർ ഐ.ഒ.സി. കവലയിലും, മാങ്കായിക്കവലയിലുമുള്ള പമ്പുകളിൽ ഇങ്ങനെ പ്രതിഷേധ സമരം നടന്നത്. വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് യമഹ വള്ളത്തിന്റെ എൻജിനിൽ ഒഴിക്കാനായി പമ്പുകളിൽനിന്നും കാനിൽ പെട്രോൾ നൽകാത്തതിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. To advertise here, ഇതുമൂലം മത്സ്യബന്ധനം മുടങ്ങി തങ്ങളുടെ കുടുംബങ്ങൾ പട്ടിണിയിലായിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഉന്തുവണ്ടിയിൽ വള്ളം കെട്ടിവച്ച് റോഡിലൂടെ തള്ളിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികൾ പമ്പിൽ എത്തിച്ചത്. ഐ.ഒ.സി. കവലയിലെ പമ്പിന്റെ ഓഫീസിൽ തളളിക്കയറാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളെ പോലീസ് നീക്കി. തുടർന്ന് സ്ഥലത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടെ പെട്രോളടിക്കാൻ എത്തിയ ഒരു സ്കൂട്ടർ യാത്രികന് ജീവനക്കാർ കുപ്പിയിൽ പെട്രോൾ നിറച്ചുനൽകിയത് മത്സ്യത്തൊഴിലാളികൾ ചോദ്യംചെയ്തത് വലിയ ഒച്ചപ്പാടിനിടയാക്കി. യമഹ എൻജിനിൽ പെട്രോൾ ഒഴിക്കാതെ മത്സ്യത്തൊഴിലാളികൾക്ക് കായലിൽ വള്ളം ഇറക്കാനോ, മത്സ്യബന്ധനമോ സാധ്യമാകില്ല. ഉദയംപേരൂർ മേഖലയിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഉണ്ട്. പെട്രോൾ കാനിൽ കിട്ടാത്തത് തങ്ങളുടെ ജീവിതമാർഗം ഇല്ലാതാക്കിയിരിക്കുകയാണെന്നും യമഹ എൻജിൻ കൊണ്ടുവന്നാൽ പെട്രോൾ അടിച്ചുതരാമെന്നാണ് പമ്പുകാർ പറയുന്നതെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. തീരത്ത് വള്ളങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രങ്ങൾ പമ്പിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാനിൽ പെട്രോൾ നൽകാതിരിക്കുന്നതിൽ നിയമപ്രശ്നങ്ങളാണ് പമ്പുകാർ ഉന്നയിക്കുന്നത്. വള്ളവുമായി ഏറെ നേരം പമ്പിൽനിന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പിന്നീട് പിരിഞ്ഞുപോയി. തുടർന്ന് മാങ്കായിക്കവലയിലെ പമ്പിലും വള്ളവുമായെത്തി പ്രതിഷേധിച്ചു. ഇന്ധനം അടിക്കാനെത്തിയ വാഹനയാത്രികരുമായി വാക്കുതർക്കങ്ങളും ഉണ്ടായി. മത്സ്യത്തൊഴിലാളികൾക്ക് കാനിൽ പെട്രോൾ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പഞ്ചായത്തംഗവുമായ ടി.വി. ഗോപിദാസ് ആവശ്യപ്പെട്ടു. Published: 24 Mar 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെട്രോൾ പമ്പുകളിൽ വള്ളവുമായെത്തി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
M
MathrubhumiSource Link
about 2 months ago