അതിരമ്പുഴ: കെട്ടുവെള്ളങ്ങൾ വരിവരിയായി ചരക്ക് ഇറക്കാനും കയറ്റാനുമായി കിടന്നിരുന്ന അതിരമ്പുഴ ചന്തക്കുളം പഴമക്കാർക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. ഇന്ന് രാഹുൽഗാന്ധിക്ക് വരെ പ്രസംഗ പീഠം ഒരുക്കുന്ന തലത്തിലേക്ക് അതിരമ്പുഴ വളർന്നു. ഇനി വരേണ്ടത് കുമരകവുമായി ബന്ധപ്പെടുത്തിയുള്ള കായൽ ടൂറിസമാണ്. പക്ഷേ എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. To advertise here, ടൂറിസം പദ്ധതികൾക്ക് കാതോർത്ത് ചന്തക്കുളവും പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകവും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ഒന്നു പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ചന്തകുളത്തിൽ ചെറുസവാരികൾക്കായി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ ബോട്ടുകൾ പോലും മറ്റ് പഞ്ചായത്തുകൾക്ക് കൈമാറേണ്ടി വന്നു. കുമരകത്തുനിന്ന് പെണ്ണാർ തോട്ടിലൂടെ ആരംഭിച്ച് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയം, കുടമാളൂരിലുള്ള അൽഫോൻസാമ്മ ജന്മഗൃഹം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നീ സ്ഥലങ്ങളിലേക്ക് ജലയാത്ര ഒരുക്കാനുള്ള പദ്ധതിയും നടപ്പായിട്ടില്ല. പെണ്ണാർ തോടിന് കുറുകെയുള്ള നടക്കൽ പാലം പുനർനിർമ്മിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വീതി കുറഞ്ഞ നടക്കൽ പാലം ജലഗതാഗതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അതിരമ്പുഴ ചന്തക്കുളം മുതൽ മണിയാപറമ്പ് വരെ തോട് ആഴവും വീതിയും കൂടി ദേശീയ ജലപാതയുടെ നിലവാരത്തിലാക്കിയാൽ ജലഗതാഗതവും ചരക്കുനീക്കം സാധ്യമാകും. പിൽഗ്രിം ടൂറിസത്തിനും ഗുണകരമാകും നാശത്തിന്റെ വക്കിൽ ചന്തക്കുളം പെണ്ണാർതോടും അതിരമ്പുഴ ചന്തക്കുളവും പായലും പോളയും വള്ളി ചെടികളും നിറഞ്ഞ് ഒഴുക്ക് തടസ്സപെട്ടിരിക്കുകയാണ്. കുളവും തോടും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ നാശത്തിലായി. അപ്പർകുട്ടനാടിന്റെ ജീവനാഡിയായ പെണ്ണാർതോട് നവീകരണം അതിരമ്പുഴ ചന്തക്കുളവുമായി ബന്ധപ്പെട്ട പദ്ധതികളുടെ നെടുംതൂണാണ്. പെണ്ണാർ തോട് അതിരമ്പുഴ, ആർപ്പുക്കര, നീണ്ടൂർ, അയ്മനം പഞ്ചായത്തുകളിലൂടെ ഒഴുകി വേമ്പനാട്ട് കായലിൽ ചേരുന്നു. പെണ്ണാർ തോടും ചന്തക്കുളവും പായലും പോളയും വള്ളിചെടികളും നീക്കി, ആഴം കൂട്ടുന്ന പദ്ധതിക്ക് മേജർ ഇറിഗേഷൻ വകുപ്പ് മുഖേന പഞ്ചായത്ത് 50 ലക്ഷം രൂപയുടെ പദ്ധതി ആരംഭിച്ചിരുന്നു. ഇതുകൊണ്ട് പ്രയോജനം ഉണ്ടായിട്ടില്ല.

പെണ്ണാർ തോട്ടിൽ വഴിയൊരുങ്ങണം; അതിരമ്പുഴയിൽ ടൂറിസം വരണം
M
MathrubhumiSource Link
21 days ago