ചൊവ്വാഴ്ചയും ശക്തമായ ഇടിയും മഴയും To advertise here, അടിയന്തര സാഹചര്യങ്ങളോട് അതിവേഗം പ്രതികരിച്ച് അധികൃതർ അബുദാബി : യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ ചൊവാഴ്ചയും ഇടിയോടുകൂടിയ കനത്ത മഴയുണ്ടായി. അതിരാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. പലയിടങ്ങളിലും തണുപ്പ് കൂടുകയുംചെയ്തു. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് സമഗ്രമായ സുരക്ഷാപദ്ധതികളാണ് രാജ്യമെമ്പാടും നടപ്പാക്കുന്നത്. ശക്തമായ മഴയെത്തുടർന്ന് ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കിഴക്കൻ എമിറേറ്റുകളിൽ വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ വെള്ളിയാഴ്ചവരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും മഴ ആസ്വദിക്കാൻ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷയ്ക്ക് പ്രാധാന്യംനൽകണമെന്നും യു.എ.ഇ. ആഭ്യന്തരമന്ത്രാലയവും താമസക്കാരോട് അഭ്യർഥിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ എമിറേറ്റുകളിലെയും പോലീസ് സേനകളും മുനിസിപ്പാലിറ്റികളും ഗതാഗത അതോറിറ്റികളും അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. സുരക്ഷിതഗതാഗതം ഉറപ്പാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് പോലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. റോഡിലെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഇലക്‌േട്രാണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധികൾ പാലിക്കണം. വേഗപരിധി പുനഃക്രമീകരിച്ചു അബുദാബിയിലെ ആറ് റോഡുകളിലെ വേഗപരിധി താത്കാലികമായി പുനഃക്രമീകരിച്ചിട്ടുണ്ട്. അൽ ഖലീജ് അൽ അറബി റോഡ് (അൽ ഖലീജ് അൽ അറബി പാർക്ക്- എയർപോർട്ട് സ്ട്രീറ്റ്), ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഖസ്ർ അൽ ബഹ്ർ- ശൈഖ് സായിദ് ബ്രിഡ്ജ്) എന്നിവയിലെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി കുറച്ചു. അബുദാബി-അൽ ഐൻ റോഡ് (അൽ നഹ്ദ പാലം -അൽ മഫ്രഖ് പാലം, അൽ ഫയാ പാലം-അൽ ഖാതിം പാലം), ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (അൽ തമിറിയ പാലം-അൽ ദഫ്ര ട്രാഫിക് ആൻഡ് പട്രോൾസ് സെക്‌ഷൻ പാലം), ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (അൽ നോഫ് പാലം- അൽ മഫ്രഖ് പാലം) എന്നിവയിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ റോഡുപയോക്താക്കളെ സഹായിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണ്. റോഡിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി വേഗം നിയന്ത്രിക്കാനും മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വാഹനമോടിക്കണം. യാത്രയിലുടനീളം ശാന്തതയും ജാഗ്രതയും വേണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. താഴ്വരകൾ, പർവത പ്രദേശങ്ങൾ ഉൾപ്പടെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
