കോട്ടോൽ, കൂവപ്പൊയിൽ, വണ്ണാരപ്പൊയിൽ പ്രദേശങ്ങളുടെ ജൈവവൈവിധ്യം നശിക്കുന്നു To advertise here, അരവഞ്ചാൽ : പെരിങ്ങോം വില്ലേജിലെ കോട്ടോൽ, വണ്ണാരപ്പൊയിൽ, കൂവപ്പൊയിൽ പ്രദേശങ്ങളുടെ ജൈവവൈവിധ്യം നശിപ്പിച്ച് ചെങ്കൽഖനനം നാടിന് ദുരിതമാകുന്നു. പ്രദേശത്ത് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കൃഷിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കുറ്റൂർ വില്ലേജിൽപ്പെടുന്ന സ്ഥലങ്ങളിലും അനധികൃതഖനനം തകൃതിയാണ്. വർഷങ്ങളോളമായി കോട്ടോൽ, വണ്ണാരപ്പൊയിൽ, കൂവപ്പൊയിൽ, പെരിന്തട്ട, മീറ തുടങ്ങിയ പ്രദേശേങ്ങളിൽ അനധികൃതഖനനം നടക്കുന്നുണ്ട്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ ജൈവകലവറയാണ് കൂവപ്പൊയിൽ, കോട്ടോൽ പ്രദേശങ്ങൾ. വേനൽകാലത്തിലടക്കം ഒഴുകുന്ന തോടുകളും നീർച്ചാലുകളും സുലഭമായ പ്രദേശമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവിടം വരൾച്ചയുടെ പിടിയിലായി. കൂവപ്പൊയിൽ, മീറ തോടുകളും നീർച്ചാലുകളും വറ്റിവരണ്ടു. കിണറുകളിൽ വെള്ളമില്ലാതായി. ചെങ്കൽപ്പണയിൽനിന്ന് ഒഴുകിവരുന്ന ചളിമണ്ണും മാലിന്യവും കിണറുകളിലും തോടുകളിലും അടിഞ്ഞ് ജലസ്രോതസ്സുകളുടെ നിലയും പരിതാപമായി. പൊടിശല്യവും കൂടി. ഖനനം നടക്കുന്ന സ്ഥലങ്ങൾ ഉയർന്നതാണ്. ചരിവുകളിലാണ് തോടും നീർച്ചാലുകളും ധാരാളമായുള്ളത്. ഖനനം മൂലം ഇളകിനിൽക്കുന്ന പാറകൾ പ്രദേശത്ത് വലിയ അപകടങ്ങൾ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് 50-ഓളം കുടുംബങ്ങൾ വെള്ളം എടുക്കുന്ന പ്രദേശത്തെ നീർച്ചാൽ മലിനമായി. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെയായിട്ടും നടപടി സ്വീകരിച്ചില്ല. ഭൂരഹിതർക്ക് പതിച്ചുനൽകിയ മിച്ചഭൂമി പ്രദേശത്തിനടുത്ത് ഖനനാനുമതി നൽകിയിട്ടുണ്ട്. എങ്ങനെയാണ് ഖനനസ്ഥലത്ത് വീടുവെച്ച് ജീവിക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ല. റവന്യു അധികൃതർ ജാഗ്രതപാലിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജനവാസമേഖലയിലേക്ക് വ്യാപിക്കുന്നു ആദ്യകാലത്ത് മിച്ചഭൂമി കൈയേറ്റം നടത്തിയായിരുന്നു ഖനനം. ഇപ്പോൾ കൃഷിസ്ഥലമടക്കമുള്ള പ്രദേശങ്ങളിലേക്ക് ഖനനം വ്യാപിച്ചതായി നാട്ടുകാർ പറയുന്നു. ചെറിയ വിലയ്ക്ക് ഭൂമിവാങ്ങി മറ്റ് ജില്ലകാർവരെ ഇവിടെ ഖനനം നടത്തുന്നുണ്ട്. ഖനനം നടത്തി കല്ല് മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലേക്കുമാണ് കടത്തുന്നത്. ഭാരവാഹനങ്ങൾ കയറി അരവഞ്ചാൽ ചട്ട്യോൾ റോഡ് തകർച്ചയുടെ വക്കിലാണ്. തിരഞ്ഞെടുപ്പ് ജോലിയിൽ ജീവനക്കാർ തിരക്കിലായതിനാൽ പുതിയ ഖനനം നടത്താനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. രാപകലില്ലാതെ ലോറികൾ കല്ലുമായി ഓടുന്നതിനാൽ മിക്ക ഗ്രാമീണറോഡുകളും തകർന്നുതരിപ്പണമായി മാറി. തിരഞ്ഞെടുപ്പ് സമയത്ത് ഖനനാനുമതിയും ഖനനനീക്കവും നടക്കുന്നതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു.

പെരിങ്ങോം മേഖലയിൽ നാടിന് ഭീഷണിയായി ചെങ്കൽഖനനം
M
MathrubhumiSource Link
about 2 months ago