: ആഘോഷപൂർവം പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് ഷാർജ. സന്ദർശകർക്കും താമസക്കാർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ഒട്ടേറെ കലാപരിപാടികളും വർക്ക്ഷോപ്പുകളും ഷാർജയിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ ഈദ് അവധിദിനങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. To advertise here, അൽ മജാസ് വാട്ടർഫ്രണ്ട് : കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രത്യേകകലാപരിപാടികളാണ് ഷാർജ അൽമജാസ് വാട്ടർഫ്രണ്ടിൽ ഒരുങ്ങുന്നുണ്ട്. വൈകുന്നേരം ഏഴുമുതൽ 12 വരെ കലാപ്രകടനങ്ങൾ, തനൂറ സംഗീതം, മാസ്‌കോട്ട്, തത്സമയ ബാൻഡ് സംഗീതം എന്നിവ അരങ്ങേറും. പ്രത്യേക വിന്റർ മാർക്കറ്റും ഇവിടെ പ്രവർത്തിക്കും. പ്രവേശനം സൗജന്യമാണ്. അൽഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് : പ്രത്യേക നൂർ മാസ്‌കോട്ട് പ്രകടനം, നിയോൺ ബബിൾ ഷോ, തെരുവുസർക്കസ് എന്നിവയാണ് അൽ ഹീറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലും ഒരുങ്ങുന്നത്. മാർച്ച് 20, 21, 22 തീയതികളിൽ വൈകുന്നേരം അഞ്ചുമുതൽ രാത്രി 10 വരെ ഈ പ്രകടനങ്ങളുണ്ടാവും. പ്രവേശനം സൗജന്യമാണ്. കെയ്ക്ക് പെയിന്റിങ്, ബാഗ്-കോഫി കപ്പ് പെയിന്റിങ് എന്നിങ്ങനെ ബീച്ചിലെ കഫേകളുമായി സഹകരിച്ച് ഒട്ടേറെ വർക്ക്‌ഷോപ്പുകളും ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. അൽ നൂർ ഐലൻഡ് : നഗരമധ്യത്തിലെ പച്ചത്തുരുത്തായി അറിയപ്പെടുന്ന അൽ നൂർ ഐലൻഡിലും ഈദുൽ ഫിത്തർ പ്രമാണിച്ച് പ്രത്യേകപരിപാടികളുണ്ടാവും. ഫെയ്‌സ് പെയിന്റിങ്, ചിത്രരചന-കളറിങ് വർക്ക്ഷോപ്പുകൾ എന്നിവയ്ക്കുപുറമേ, വന്നെത്തുന്ന അതിഥികൾക്ക് പോപ്‌കോൺ, പഞ്ഞിമിഠായി എന്നിവയും സൗജന്യമായി നുണയാം. അൽ ഖസ്ബ : പ്രത്യേക അലങ്കാരവിളക്കുകളും റസ്റ്ററന്റുകളുമെല്ലാമായി റംസാൻരാവുകളിൽ സജീവമായ അൽ ഖസ്ബയിൽ സമാനമായ സജ്ജീകരണങ്ങളാണ് ഈദിന്റെ അവധിയിലും സന്ദർശകരെ കാത്തിരിക്കുന്നത്. പ്രത്യേക പോപ് അപ്പ് മാർക്കറ്റും കഫേകളും ക്ലൗൺ പ്രകടനങ്ങളുമെല്ലാം അവധിദിനങ്ങളിൽ അൽ ഖസ്ബയിലുണ്ടാവും. മെലീഹ നാഷണൽ പാർക്ക്, അൽ മുൻതസ പാർക്ക്, ഹാർട്ട് ഓഫ് ഷാർജ തുടങ്ങിയ മറ്റ് വിനോദകേന്ദ്രങ്ങളും പെരുന്നാൾ അവധിക്കെത്തുന്ന സന്ദർശകർക്കായി ഒരുങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ വാർത്തകൾക്കിടയിലും സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവും പ്രതീക്ഷയും പകരുന്നതാണ് ഷാർജയുടെയും യു.എ.ഇ.യുടെ തന്നെയും ഇത്തരം പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും. പെരുന്നാൾ: അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് അബുദാബി : പെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിലും ഷാർജയിലും പാർക്കിങ് സൗജന്യമാക്കി അതോറിറ്റികൾ. അബുദാബിയിൽ വ്യാഴംമുതൽ ഞായർവരെ ദർബ് ടോൾ, പാർക്കിങ് എന്നിവ സൗജന്യമായിരിക്കുമെന്ന് ക്യൂ മൊബിലിറ്റി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വീണ്ടും പാർക്കിങ്, ടോൾ നിരക്കുകൾ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെരുന്നാളിന്റെ ആദ്യ മൂന്നുദിവസങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. നീല അടയാള ചിഹ്നങ്ങളുള്ള പണമടച്ചുള്ള പാർക്കിങ് മേഖലകൾ ഒഴികെയുള്ള എല്ലാ പൊതുപാർക്കിങ് സ്ഥലങ്ങളും അവധിദിനങ്ങളിൽ സൗജന്യമായി ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
