വാണിയമ്പലത്ത് മേൽപ്പാലമില്ലാത്തത് കുരുക്ക് രൂക്ഷമാക്കുന്നു To advertise here, വണ്ടൂർ : ‘അഞ്ചരയ്ക്ക് വണ്ടൂർ കുറ്റിയിൽ ഗതാഗതക്കുരുക്കിൽ പെട്ടതാ...7.30-ഓടെയാണ് ഒരുവിധം തിരക്കുകുറഞ്ഞ് യാത്രതുടങ്ങാനായത്. വെറും 10 മിനിറ്റ് സമയംകൊണ്ടെത്താവുന്ന ദൂരത്തേക്കാണ് മണിക്കൂറുകളെടുത്ത് എത്തിയത്. മടുത്തു.. ഇനി ഇതുവഴി ഇല്ലേ...ഇല്ല’ പെരുന്നാളാഘോഷത്തിന് പൂക്കോട്ടുംപാടത്തെ ബന്ധുവീട്ടിലേക്കുള്ള വഴിയിൽ കുരുക്കിൽപ്പെട്ട കുടുംബത്തിന്റെ വാക്കുകളാണിത്. പെരുന്നാൾത്തിരക്കിൽ റെയിൽവേ മേൽപ്പാലമില്ലാത്ത വണ്ടൂർ-വാണിയമ്പലം പാതയിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ദിവസവും ചുരുങ്ങിയത് 16 തവണയെങ്കിലും റെയിൽവേ കവാടം അടയ്ക്കേണ്ടിവരുന്ന ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. പെരുന്നാൾത്തിരക്ക് കൂടിയായതോടെ കുരുക്ക് ഇരട്ടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ ഗതാഗതക്കുരുക്കിൽക്കുടുങ്ങിയ ചിലർക്ക് പത്തരയോടെയാണ് മടങ്ങാനായത്. പ്രധാനപാതകളിലെ കുരുക്ക് ഉപപാതകളെയും ബാധിച്ചിരുന്നു. വാണിയമ്പലം മുതൽ വണ്ടൂർ വരെയും വാണിയമ്പലം മുതൽ കറുത്തേനിവരെയും റോഡ് പൂർണമായും സ്തംഭിച്ചു. ഇതിനോടുചേർന്ന് അമരമ്പലം പാതയിൽ മാട്ടക്കുളം വരെയും നിശ്ചലമായ വാഹനനിരയായി. കൂരാട് വഴിയിൽ പാറക്കുളം വരെയത്തി വരി. പ്രധാന പാതകൾ അടഞ്ഞതോടെ ഉപപാതകളിലും ഗതാഗതം പൂർണമായും നിലച്ചസ്ഥിതിയായി. ബന്ധുവീടുകളിലേക്കും മറ്റുമുള്ള യാത്രക്കാരാണ് രാപകൽ വഴിമുട്ടിയ യാത്രയ്ക്ക് സാക്ഷികളാകേണ്ടി വന്നത്. താത്കാലിക പരിഹാരമെങ്കിലും വേണം നിരന്തരമായ ഗതാഗതക്കുരുക്ക് ആയിരങ്ങളുടെ നിത്യജീവിതത്തെത്തന്നെ ബാധിച്ചുകൊണ്ടിരിക്കുമ്പോൾ ലഘൂകരിക്കാനുള്ള താത്‌കാലിക പരിഹാരങ്ങൾക്കുപോലും അധികാരികൾ തയ്യാറാവുന്നില്ല. കുറച്ചുദൂരം റോഡിൽ താത്‌കാലിക ഡിവൈഡറുകൾ സ്ഥാപിച്ചാൽ കുരുക്ക് അല്പം കുറയ്ക്കാൻ സാധിക്കും. എന്നാൽ അതുപോലും ചെയ്യാൻ തയ്യാറാവുന്നില്ല. ശാശ്വതപരിഹാരം നൂറായിരം കാരണങ്ങൾപറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് -അബ്ദുസമദ് പട്ടിക്കാടൻ, പ്രസിഡന്റ്, വാണിയമ്പലം സുസ്ഥിരവികസന സമിതി. Published: 22 Mar 2026, 01:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പെരുന്നാളിന് പെരുവഴിയിൽ കുടുങ്ങി യാത്രക്കാർ
M
MathrubhumiSource Link
about 2 months ago