അരൂർ : ദ്വീപ് ജനതയുടെ സ്വപ്നം സാക്ഷാത്കരിച്ച് പെരുമ്പളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരുമാസം പിന്നിടുന്നു. ഇനിയും ജോലികൾ പൂർത്തീകരിക്കാത്ത പാലത്തിൽ അപകടസാധ്യതകളും ഉയരുന്നു. പാലത്തിലെ ടാറിങ്, വിളക്ക് സ്ഥാപിക്കൽ എന്നിവ പൂർത്തീകരിക്കാതെയായിരുന്നു മാർച്ച് ഏഴിന് പാലം മുഖ്യമന്ത്രി ഗതാഗതത്തിന് തുറന്നുകൊടുത്തത്. To advertise here, തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഇത്. തീർക്കുവാനുള്ള ജോലികൾ ഒരുമാസത്തിനുള്ളിൽ തീർക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ടാറിങ് ഒന്നാംഘട്ടം പൂർത്തീകരിച്ചു. രണ്ടാംഘട്ടം തുടങ്ങിയെങ്കിലും ഇനിയും ജോലികൾ ബാക്കിയാണ്. അതിനാൽ പാലത്തിലൂടെ ഒറ്റവരിഗതാഗതം മാത്രമാണ് ഇപ്പോഴുള്ളത്. ഉദ്ഘാടനദിവസം കെ.എസ്.ആർ.ടി.സി. ബസുകൾ പാലത്തിലൂടെ ഓടിയെങ്കിലും പിന്നീട് ഇതുണ്ടായില്ല. ടാറിങ് പൂർത്തീകരിച്ചാൽ മാത്രമേ ബസ് സർവീസും തുടങ്ങാനാകൂ. വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ കെൽട്രോണിനാണ് നൽകിയത്. ഇതും വൈകുകയാണ്. ഇതുമൂലം സന്ധ്യകഴിഞ്ഞാൽ പാലം കൂരിരുട്ടിലാണ്. പാലം കാണുവാൻ ഇപ്പോഴും ആളുകൾ എത്തുന്നുണ്ട്. ഇവരെത്തുന്ന വാഹനം പാലത്തിൽ നിർത്തിയിടുകയാണ് പതിവ്. വെളിച്ചമില്ലാത്തതിനാൽ ഇത് മറ്റുവാഹനങ്ങൾക്ക് അപകടക്കെണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ പാലത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിധ്യവും ഏറിയിട്ടുണ്ട്. പാലത്തിന്റെ ടാറിങ് ജോലികൾ എത്രയുംവേഗം പൂർത്തീകരിച്ച് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം ദ്വീപിനുള്ളിലെ റോഡുകൾ വീതികൂട്ടി പുനർനിർമിക്കണം. ഇല്ലെങ്കിൽ ബസ് സർവീസുകൾ ദ്വീപിനുള്ളിൽ നടത്താൻ കഴിയില്ല. നിലവിൽ സർവീസിനായി കട്ട് ചേസ് (കുട്ടി ബസുകൾ) ബസുകൾ വേണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പാലത്തിൽ അടിയന്തരമായി വഴിവിളക്ക് സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പെരുമ്പളം പാലം തുറന്നിട്ട് ഒരുമാസം പണി ഇനിയും ബാക്കി
M
MathrubhumiSource Link
17 days ago