പുതിയ ഭരണസമിതി വന്നിട്ടും തുടർനിർമാണം ആരംഭിച്ചില്ല To advertise here, നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെ കഴിഞ്ഞ ഭരണസമിതി നിർമാണം ആരംഭിച്ച പെരുമ്പഴുതൂർ കവല വികസനം പാതിവഴിയിൽ നിലച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടുമെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ബാക്കി നിർമാണങ്ങൾ പുനരാരംഭിക്കാനായിട്ടില്ല. മുൻ ഭരണസമിതി പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനുമിടയിലായി നിർമിക്കാനായി ഒരുക്കിയ റോഡ് വളഞ്ഞിരിക്കുന്നത് ബസുകൾ പോകുന്നതിനു തടസ്സമാണ്. ഇപ്പോഴത്തെ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ പത്തുവർഷം മുൻപ് ചെയർപേഴ്‌സണായിരുന്നപ്പോഴാണ് കുപ്പിക്കഴുത്തായ പെരുമ്പഴുതൂർ കവലയെ വികസിപ്പിക്കാനായി ആദ്യ നടപടി തുടങ്ങിയത്. കവല വികസിപ്പിക്കാനായി ഒഴിപ്പിക്കേണ്ട ഭൂവുടമകൾക്കും കട ഉടമകൾക്കും നഷ്ടപരിഹാരം നൽകാനുള്ള പണം ഡബ്ല്യു.ആർ.ഹീബ ചെയർപേഴ്‌സണായിരുന്നപ്പോഴാണ് അനുവദിച്ചത്. അതുകഴിഞ്ഞുവന്ന പി.കെ.രാജമോഹനൻ ചെയർമാനായുള്ള ഭരണസമിതിയാണ് പെരുമ്പഴുതൂരിലെ വ്യാപാരികളെ ഒഴിപ്പിച്ച് ഓപ്പൺപാർക്കും പൂന്തോട്ടവും ഇവയ്ക്ക് രണ്ടിനുമിടയിലായുള്ള സ്ഥലത്ത് കളത്തുവിളയിൽനിന്ന് അരുവിപ്പുറം റോഡുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും കൊണ്ടുവന്നത്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് ഓപ്പൺ ഓഡിേറ്റാറിയം നിർമിച്ച് തുറന്നുകൊടുത്തു. എന്നാൽ, കളത്തുവിള-അരുവിപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, പൂന്തോട്ടം നിർമിക്കാനുള്ള സ്ഥലത്ത് കോൺക്രീറ്റ് കൊണ്ടുള്ള പൊക്കംകുറഞ്ഞ മതിൽ നിർമിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് നഗരസഭയിൽ എൽ.ഡി.എഫ്. നേതൃത്വത്തിൽത്തന്നെ ഭരണസമിതി വന്നെങ്കിലും ഇതുവരെ ബാക്കി പണികൾ ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടില്ല. ബസ് ബേ നിർമാണത്തിനും പദ്ധതിയില്ലാതായി :പെരുമ്പഴുതൂർ കവല വികസിപ്പിക്കാനുള്ള പ്രധാന കാരണം കളത്തുവിളയിൽനിന്നു വാഹനങ്ങൾക്ക് കാട്ടാക്കടയിലേക്കോ അരുവിപ്പുറത്തേക്കോ പോകണമെങ്കിൽ ഏറെ ബുദ്ധിമുട്ടണമായിരുന്നു. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരാണ് കൂടുതലും ദുരിതം അനുഭവിച്ചത്. ഇതിനു പരിഹാരം കാണാനാണ് കളത്തുവിളയിൽനിന്നു വരുന്ന ബസുകൾക്ക് അരുവിപ്പുറം റോഡിലേക്കു നേരിട്ടുകടക്കാനായി പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനുമിടയിലായി പുതിയ പാത ഒരുക്കിയത്. ഈ പാതയിലൂടെ ബസുകൾക്ക് കഷ്ടിച്ച് കടന്നുപോകാനേ കഴിയൂ. മാത്രമല്ല, ഈ പാതയ്ക്ക് വളവുണ്ട്. ഇത് നിവർത്തി ടാറിട്ടാലേ ഗതാഗതം സുഗമമായി കൊണ്ടുപോകാനാകൂ. നെയ്യാറ്റിൻകരയിൽനിന്ന് കാട്ടാക്കടയിലേക്കു പോകുന്ന ബസുകൾക്ക് ബേ ഒരുക്കാനും കഴിഞ്ഞിട്ടില്ല. പെരുമ്പഴുതൂരിൽനിന്ന് യാത്രക്കാർക്ക് ബസ് കയറാനായി കാത്തിരിക്കാൻ ബസ് ഷെൽട്ടറും നിർമിക്കണം. ഇതിനുപുറമേ പൂന്തോട്ടത്തിന്റെ നിർമാണവും പൂർത്തീകരിക്കണം. എന്നാൽ, മാത്രമേ പെരുമ്പഴുതൂർ കവല വികസനം യാഥാർഥ്യമാകൂ.
